കൊച്ചിയില്‍ മാലിന്യക്കൂമ്പാരത്തില്‍ ദേശീയ പതാക; സല്യൂട്ട് നല്‍കി, മടക്കിയെടുത്ത് പൊലീസുകാരന്‍

Published : Jul 13, 2022, 12:37 PM IST
കൊച്ചിയില്‍ മാലിന്യക്കൂമ്പാരത്തില്‍ ദേശീയ പതാക; സല്യൂട്ട് നല്‍കി, മടക്കിയെടുത്ത് പൊലീസുകാരന്‍

Synopsis

സംഭവത്തിൽ ദേശീയ പതാകയെ അപമാനിച്ചതിന് ഹിൽ പാലസ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കോസ്റ്റ് ഗാർഡ് മാലിന്യം നിർമാർജനം ചെയ്യാൻ ചുമതലപ്പെടുത്തിയവർ മാലിന്യം പൊതുസ്ഥലത്ത് തള്ളിയതാകാമെന്ന നിഗമനത്തിലാണ് പൊലീസ്. 

എറണാകുളം: മാലിന്യ കൂമ്പാരത്തില്‍ കിടക്കുന്ന ദേശീയ പതാകയ്ക്ക്  പൊലീസ് ഓഫീസര്‍ സല്യൂട്ട് നല്‍കുന്ന മനോഹരമായ ചിത്രം സോഷ്യൽ മീഡിയയിൽ വൈറല്‍ ആയിരുന്നു. എറണാകുളം ജില്ലയിലാണ് റോഡരികില്‍ തള്ളിയ മാലിന്യക്കൂമ്പാരത്തില്‍ ദേശീയ പതാക കണ്ടെത്തിയത്. വിവരമറിഞ്ഞെത്തിയ ഹില്‍പാലസ് സ്റ്റേഷനിലെ പൊലീസുകാരനായ  അമൽ ടി.കെയാണ് ദേശീയ പതാകയ്ക്ക് സല്യൂട്ട് നല്‍കി മാലിന്യത്തില്‍ നിന്നും പതാക തിരിച്ചെടുത്തത്.

ഇരുമ്പനത്തിന് സമീപം കടത്തുകടവ് റോഡിലാണ് മാലിന്യ കൂമ്പാരത്തിൽ ദേശീയ പതാകയും കോസ്റ്റ്ഗാര്‍ഡിന്റെ പതാകയും വലിച്ചെറിഞ്ഞ നിലയിൽ കണ്ടെത്തിയത്. ശ്മശാനത്തിനു സമീപമുള്ള സ്ഥലത്താണ് ടിപ്പറിൽ മാലിന്യം കൊണ്ടുവന്ന് തള്ളിയത്. ദേശീയ പതാകകൾ ഉൾപ്പെടെയുള്ളവ മാലിന്യത്തിൽ കണ്ടതോടെ പ്രദേശവാസികളും ജനപ്രതിനിധികളും സ്ഥലത്തെത്തിയിരുന്നു. മാലിന്യക്കൂമ്പാരത്തില്‍ നിരവധി ദേശീയപതാകകളും കോസ്റ്റ് ഗാര്‍ഡിന്റെ പതാകകളും അലക്ഷ്യമായി കിടന്നിരുന്നു. 

സംഭവം ആദ്യം കണ്ട നാട്ടുകാരിലാരോ പതാകകള്‍ നിവര്‍ത്തി ഇട്ടിരുന്ന നിലയിലായിരുന്നു. വിവരമറിഞ്ഞ് ഹില്‍പാലസ് പൊലീസ് സ്ഥലത്തെത്തി. ജീപ്പില്‍ നിന്നും ഇറങ്ങിയ ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ മാലിന്യ കൂമ്പാരത്തിനടുത്തേക്ക് വന്നു. ദേശീയ പതാക കണ്ടതോടെ പെട്ടെന്ന് അറ്റന്‍ഷനായി ഒരു കിടിലന്‍ സല്യൂട്ട് നല്‍കുകയായിരുന്നു. പൊലീസ് സംഘത്തിലെ അമൽ ടി.കെ. എന്ന സിവിൽ പോലീസ് ഓഫീസറാണ് സല്യൂട്ട് ചെയ്തത്.

മാലിന്യത്തില്‍ കിടന്ന ദേശീയ പതാകകള്‍ ഓരോന്നായി അദ്ദേഹം മടക്കി കയ്യിലെടുക്കാന്‍ തുടങ്ങി. ഈ സമയം അവിടെയുണ്ടായിരുന്ന ഒരു നാട്ടുകാരന്‍ വാര്‍ഡ് കൗണ്‍സിലറോ കോസ്റ്റ്ഗാര്‍ഡ് ഉദ്യോഗസ്ഥരോ വന്നിട്ട് എടുത്താല്‍ മതിയെന്ന് പറഞ്ഞു. എന്നാല്‍ വേറൊരാള്‍ വരുന്നത് വരെ ദേശീയ പതാക  മാലിന്യത്തില്‍ ഇടുന്നത്  ശരിയല്ലെന്ന് പറഞ്ഞ് അമല്‍ പതാകകള്‍ എല്ലാം ഭംഗിയായി  മടക്കിയെടുത്ത് പൊലീസ് ജീപ്പിലേക്ക് മാറ്റി. 

ദേശീയപതാകകൾക്ക് പുറമെ കോസ്റ്റ് ഗാർഡിന്‍റെ ലൈഫ് ജാക്കറ്റ് ഉൾപ്പടെയുള്ളവ മാലിന്യത്തിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിൽ ദേശീയ പതാകയെ അപമാനിച്ചതിന് ഹിൽ പാലസ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കോസ്റ്റ് ഗാർഡ് മാലിന്യം നിർമാർജനം ചെയ്യാൻ ചുമതലപ്പെടുത്തിയവർ മാലിന്യം പൊതുസ്ഥലത്ത് തള്ളിയതാകാമെന്ന നിഗമനത്തിലാണ് പൊലീസ്. മാലിന്യത്തില്‍ ദേശീയ പതാക നിക്ഷേപിച്ചവരെ കണ്ടെത്തി നടപടിയെടുക്കുമെന്ന് പൊലീസ് അറിയിച്ചു.

PREV
click me!

Recommended Stories

ദേശീയപാത തകർന്ന സംഭവം; വിദഗ്ധ സമിതി ഉടൻ റിപ്പോർട്ട് സമർപ്പിക്കും, 3 അംഗ വിദഗ്ധ സമിതി സ്ഥലം സന്ദർശിച്ചു
സംസ്ഥാനത്ത് തദ്ദേശപ്പോര്; ആദ്യഘട്ടത്തിലെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും, കട്ടപ്പനയില്‍ കൊട്ടിക്കലാശം നടത്തി എൽഡിഎഫും എൻഡിഎയും