
കോഴിക്കോട്: കേന്ദ്ര സര്‍ക്കാരിന്‍റെ അലംഭാവം മൂലം പ്രതിസന്ധിയിലായിരിക്കുകയാണ് കേരളത്തിലെ ദേശീയപാത വികസനം. ഭൂമിയേറ്റെടുക്കലും നഷ്ടപരിഹാര വിതരണവും 50 ശതമാനത്തിലേറെ പൂര്‍ത്തിയായ പ്രദേശങ്ങളില്‍ പോലും നിര്‍മാണം തുടങ്ങാനായിട്ടില്ല. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായിട്ടും കേന്ദ്രാനുമതി കിട്ടാത്തതിനാല്‍ പ്രവൃത്തി ആരംഭിക്കാന്‍ കഴിഞ്ഞിട്ടില്ല.
തലപ്പാടി മുതല്‍ കഴക്കൂട്ടം വരെയുളള ദേശീയപാത 66, 45 മീറ്ററായി വികസിപ്പിക്കുന്നതില്‍ കേരളത്തിനൊപ്പമെന്നാണ് ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിധിന്‍ ഗഡ്കരിയുടെ പരസ്യ നിലപാട്. നടപടികള്‍ വൈകിപ്പിച്ചാല്‍ താന്‍ നക്സലൈറ്റാകുമെന്നു വരെ ഗഡ്കരി ഉദ്യോഗസ്ഥര്‍ക്ക് മുന്നറിയിപ്പ് നല്‍കി. എന്നാല്‍ മന്ത്രിയുടെ പഞ്ച് ഡയലോഗുകളൊന്നും ഫലം കണ്ടില്ല. മൂന്നു ജില്ലകളിലെ ടെന്‍ഡര്‍ തുറക്കുന്നത് നീട്ടി വച്ചതായുളള അറിയിപ്പ് വീണ്ടുമെത്തി . ടെന്‍ഡര്‍ തുറക്കുന്നത് മാര്‍ച്ച് 12ല്‍ നിന്ന് ഏപ്രില്‍ 24ലേക്കാണ് നീട്ടിയിരിക്കുന്നത്.
ദേശീയപാത വികസനത്തിനുളള ഭൂമി ഏറ്റെടുക്കുന്നതില്‍ കേരളം വീഴ്ച വരുത്തുന്നു എന്ന കേന്ദ്രസര്‍ക്കാരിന്‍റെ പതിവ് പല്ലവിയില്‍ കഥയില്ലെന്ന് ദേശീയ പാത അതോറിറ്റിയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു. വടക്കന്‍കേരളത്തിലെ സ്ഥിതി മാത്രം നോക്കാം. തലപ്പാടി മുതല്‍ ചെങ്കള വരെയുളള ആദ്യ പ്രൊജക്ടിന്‍റെ ടെന്‍ഡര്‍ 2016ല്‍ പൂര്‍ത്തിയായതാണ്. സ്ഥലമേറ്റെടുപ്പ് 100 ശതമാനം പൂര്‍ത്തിയായി. 60 ശതമാനത്തിലേറെ ഭൂവുടമകള്‍ക്ക് നഷ്ടപരിഹാരവും നല്‍കി.
കാസര്‍കോട്ടെ രണ്ടാമത്തെ പ്രൊജക്ടായ ചെങ്കള- നീലേശ്വരം, കണ്ണൂര്‍ ജില്ലയുടെ പരിധിയില്‍ വരുന്ന നീലേശ്വരം-തളിപ്പറമ്പ , തളിപ്പറന്പ മുഴുപ്പലങ്ങാടി പ്രൊജക്ട്, കോഴിക്കോട് ജില്ലയിലെ അഴിയൂര്‍-വെങ്ങളം എന്നീ ആദ്യഅഞ്ച് പ്രൊജക്ടുകളിലും ഭൂമിയേറ്റെടുക്കലും ടെന്‍ഡര്‍ നടപടികളും നേരത്തെ പൂര്‍ത്തിയായതാണ്. എന്നിട്ടും പലവിധ തടസങ്ങള്‍ ചൂണ്ടിക്കാട്ടി കേന്ദ്രം ടെന്‍ഡറുകള്‍ക്ക് അംഗീകാരം നല്‍കുന്നില്ല.
പദ്ധതിയുടെ സാമ്പത്തിക ബാധ്യത അടക്കം പരിശോധിക്കുന്ന സ്റ്റാന്‍റിംഗ് ഫിനാന്‍സ് കമ്മറ്റിയുടെ അനുമതി കിട്ടാത്താണ് തടസമെന്ന് ദേശീയ പാത അതോറിറ്റി വിശദീകരിക്കുന്നു. നിര്‍മാണം അനന്തമായി നീളുന്ന സാഹചര്യത്തില്‍ ദേശീയ പാതയിലെ തകര്‍ന്ന ഭാഗങ്ങളില്‍ അറ്റകുപറ്റപ്പണി നടത്തണമെന്ന് കാട്ടി പൊതുമരാമത്ത് വകുപ്പ് അപേക്ഷകള്‍ പലത് നല്‍കിയെങ്കിലും ഇപ്പൊ ശരിയാക്കാമെന്ന ആ പഴയ മറുപടി മാത്രമാണ് ദേശീയ പാത അതോറിറ്റിയില്‍ നിന്ന് കിട്ടുന്നത്.
കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam