
കോഴിക്കോട്: സംസ്ഥാനത്ത് ദേശീയപാത വികസനം സമയബന്ധിതമായി പൂർത്തിയാക്കുന്നതിൽ കാലതാമസം ഉണ്ടായതായി പൊതുമരാമത്ത് മന്ത്രി പി.എ.മുഹമ്മദ് റിയാസ്. 2024 ഓടു കൂടി ദേശീയപാത വികസനം പൂർത്തിയാക്കാനാകും എന്നും റിയാസ് പറഞ്ഞു. സംസ്ഥാനത്ത് പൊതുമരാമത്ത് വകുപ്പിന്റെ പ്രവൃത്തികൾക്ക് അടുത്ത വർഷത്തോടെ പുതിയ കലണ്ടർ നടപ്പാക്കും. 2026 ഓടെ 50 ശതമാനം റോഡുകൾ ബിഎം ആൻഡ് ബിസി നിലവാരത്തിൽ നിർമിക്കുമെന്ന് റിയാസ് വ്യക്തമാക്കി. മഴയും വെള്ളക്കെട്ടും അറ്റകുറ്റപ്പണികളെ കാര്യമായി ബാധിക്കുന്നതായി ദേശീയപാത വിഭാഗം അറിയിച്ചതായും മന്ത്രി പറഞ്ഞു. ഡ്രൈനേജ് സംവിധാനത്തിന്റെ കുറവ് പ്രശ്നമാണ്. റോഡ് ഏതായാലും കുഴികൾ ഉണ്ടാകാൻ പാടില്ല എന്നതാണ് നിലപാടെന്നും റിയാസ് പറഞ്ഞു. വടകര-മൂരാട് പാലത്തിന്റെ നിർമാണം 2023 മാർച്ചിൽ പൂർത്തിയാക്കുമെന്നും പൊതുമരാമത്ത് മന്ത്രി വ്യക്തമാക്കി.
'ഫണ്ട് തന്നാൽ ദേശീയപാതയിലെ കുഴികൾ അടയ്ക്കാം': മന്ത്രി മുഹമ്മദ് റിയാസ്
സംസ്ഥാനത്തെ ദേശീയപാതകളിലെ കുഴിയടയ്ക്കാൻ എൻഎച്ച്എഐക്ക് (NHAI) സഹായം ആവശ്യമെങ്കിൽ നൽകാൻ സന്നദ്ധമെന്ന് പൊതുമരാമത്ത് മന്ത്രി പി.എ.മുഹമ്മദ് റിയാസ്. ദേശീയപാത അതോറിറ്റിക്ക് നേരിട്ട് കുഴിയടയ്ക്കാൻ കഴിയാത്ത സ്ഥലങ്ങളിൽ പിഡബ്ല്യുഡിക്ക് കീഴിലെ ദേശീയപാത വിഭാഗം കുഴിയടയ്ക്കാൻ സന്നദ്ധമാണ്. ആവശ്യമായ ഫണ്ട് എൻഎച്ച്എഐ നൽകിയാൽ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കാം. നേരത്തെ ആലപ്പുഴയിൽ സമാനമായ രീതിയിൽ ദേശീയപാതയിൽ അറ്റകുറ്റപ്പണി നടത്തിയിരുന്നു. അതേ മാതൃക പിന്തുടരാൻ പൊതുമരാമത്ത് വകുപ്പ് തയ്യാറാണ്. ഇക്കാര്യം ദേശീയപാത അതോറിറ്റിയെ അറിയിച്ചതായും മുഹമ്മദ് റിയാസ് പറഞ്ഞു. അറ്റകുറ്റപ്പണി കൃത്യമായി നടത്തണം എന്നതാണ് സർക്കാർ നിലപാട്. ഇക്കാര്യത്തിൽ വീഴ്ചയുണ്ടായാൽ കർശന നടപടിയെടുക്കുമെന്നും റിയാസ് പറഞ്ഞു.
മണ്ണുത്തി - ഇടപ്പള്ളി ദേശീയപാത അറ്റകുറ്റപ്പണിക്കായി പുതിയ കരാർ കമ്പനി ഉടനുണ്ടാകും. ഈ മാസം 25ന് പുതിയ കരാറുകാരെ പ്രഖ്യാപിക്കുമെന്ന് NHAl അറിയിച്ചു. 60 കോടി രൂപയുടെ കരാറാണ് നൽകുക. പുതിയ കരാർ കമ്പനിയുടെ പ്രവർത്തനം സെപ്തംബറിൽ തുടങ്ങും. നിലവിലെ കരാറുകാരായ ഗുരുവായൂർ ഇൻഫ്രാസ്ട്രക്ച്ചര്‍ കമ്പനിയിൽ നിന്ന് 75 കോടി രൂപ പിഴ ഈടാക്കും. അറ്റകുറ്റപ്പണി നടത്താൻ GIPL നോട് ജൂണിൽ നിർദേശിച്ചിട്ടും നടപടിയെടുത്തില്ല. അതിനാലാണ് കരാർ റദ്ദാക്കിയതെന്നും NHAl വ്യക്തമാക്കി.