രാജ്മോഹൻ ഉണ്ണിത്താൻ നിരാഹാരം നിര്‍ത്തി: റോഡ് നന്നായില്ലെങ്കിൽ ഇനി അനിശ്ചിതകാല സമരം

By Web TeamFirst Published Sep 21, 2019, 11:07 AM IST
Highlights

ദേശീയപാതാ നവീകരണത്തിന് 3000 കോടി രൂപ അനുവദിച്ചെന്ന് ധനമന്ത്രി അവകാശപ്പെടുമ്പോഴും കാര്യമായൊന്നും നടക്കുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു.

കാസര്‍കോട്: ദേശീയപാത ഗതാഗതയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് കാസർകോട് എം പി രാജ്‌മോഹൻ ഉണ്ണിത്താൻ നടത്തിയ നിരാഹാര സമരം അവസാനിച്ചു. 24 മണിക്കൂര്‍ നിരാഹാര സമരമാണ് ഉണ്ണിത്താൻ അവസാനിപ്പിച്ചത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എത്തി നാരങ്ങാനീര് നൽകിയതോടെയാണ് പ്രതിഷേധത്തിന് പരിസമാപ്തിയായത്. 

ദേശീയപാതാ നവീകരണത്തിന് 3000 കോടി രൂപ അനുവദിച്ചെന്ന് ധനമന്ത്രി അവകാശപ്പെടുമ്പോഴും നിര്‍മ്മാണ പ്രവര്‍ത്തനങ്ങൾ ഒന്നും നടക്കുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. കേന്ദ്രം അവഗണന തുടര്‍ന്നാൽ പ്രതിഷേധം കടുപ്പിക്കാന കോൺഗ്രസ് നിര്‍ബന്ധിതരാകുമെന്നാണ് ചെന്നിത്തലയുടെ മുന്നറിയിപ്പ്. 

ദേശീയപാത ഉടൻ ഗതാഗത യോഗ്യമാക്കുമെന്ന ദേശീയപാത അതോറിറ്റിയുടെ വാഗ്ദാനം നടപ്പിലാക്കത്തതിൽ പ്രതിഷേധിച്ചായിരുന്നു രാജ്മോഹൻ ഉണ്ണിത്താന്‍റെ സമരം. ദേശീയ പാത അറ്റകുറ്റപ്പണിയും റീടാറിങും ഉടൻ നടത്തിയില്ലെങ്കിൽ അനിശ്ചിതകാല നിരാഹാര സമരം നടത്തുമെന്നും ഉണ്ണിത്താൻ വ്യക്തമാക്കി. അതേ സമയം ദേശീയപാതയിൽ ചില ഇടങ്ങളിൽ കുഴി അടക്കൽ ആരംഭിച്ചിട്ടുണ്ട്. റീടാറിംഗിന് ടെണ്ടർ നൽകിയിട്ടുണ്ടെന്നും മഴ പൂർണമായും മാറുന്നതോടെ പണികൾ ആരംഭിക്കുമെന്നും ദേശീയ പാത അതോറിറ്റി വ്യക്തമാക്കി.

click me!