സിറോ മലബാര്‍ സഭയുടെ ലൗ ജിഹാദ് ആരോപണം; പൊലീസ് മേധാവിയോട് വിശദീകരണം തേടി ദേശീയ ന്യൂനപക്ഷ കമ്മീഷന്‍

By Web TeamFirst Published Jan 17, 2020, 5:42 AM IST
Highlights

തീവ്രവാദ സംഘടനകൾ നടത്തുന്ന ലൗ ജിഹാദിൽ നടപടി സ്വീകരിക്കുന്നതിൽ സംസ്ഥാന പൊലീസ് പരാജയപ്പെട്ടുവെന്നും ഇക്കാര്യം സിനഡ് തന്നെ പ്രമേയത്തിലൂടെ അറിയിച്ചിട്ടുണ്ടെന്നും ദേശീയ ന്യൂനപക്ഷ കമ്മീഷൻ.

കൊച്ചി: ലൗ ജിഹാദെന്ന സിറോ മലബാർ സഭയുടെ ആരോപണത്തെ തുടർന്ന് ദേശീയ ന്യൂനപക്ഷ കമ്മീഷൻ സംസ്ഥാന പൊലീസ് മേധാവിയോട് വിശദീകരണം തേടി. സിറോ മലബാർ സഭാ സിനഡ് നൽകിയ കത്തിന്റെ അടിസ്ഥാനത്തിലാണ് ന്യൂനപക്ഷ കമ്മീഷന്‍റെ നടപടി. 21 ദിവസത്തിനകം റിപ്പോർട്ട് വേണമെന്നാണ് ആവശ്യം. ഇല്ലെങ്കിൽ കമ്മീഷൻ നിയമപരമായ വഴിയിലൂടെ മുന്നോട്ട് പോകും. തീവ്രവാദ സംഘടനകൾ നടത്തുന്ന ലൗ ജിഹാദിൽ നടപടി സ്വീകരിക്കുന്നതിൽ സംസ്ഥാന പൊലീസ് പരാജയപ്പെട്ടുവെന്നും ഇക്കാര്യം സിനഡ് തന്നെ പ്രമേയത്തിലൂടെ അറിയിച്ചിട്ടുണ്ടെന്നും കമ്മീഷൻ കത്തില്‍ പറയുന്നു.

കേരളത്തിൽ ലൗ ജിഹാദിന്റെ പേരിൽ ക്രിസ്ത്യൻ പെൺകുട്ടികൾ കൊല്ലപ്പെടുന്നുവെന്നായിരുന്നു സിറോ മലബാര്‍ സഭ സിനഡ് കഴിഞ്ഞ ദിവസം വിലയിരുത്തിയത്. കേരളത്തിൽ സാമൂഹിക സമാധാനത്തെ അപകടപ്പെടുത്തുന്ന രീതിയിൽ ലൗ ജിഹാദ് വളര്‍ന്നുവരുന്നുവെന്നും ഇത് ആശങ്കാജനകമാണെന്നും സിനഡ് വിലയിരുത്തി.

"കേരളത്തിൽ ക്രിസ്ത്യൻ പെൺകുട്ടികളെ ലക്ഷ്യമാക്കി ആസൂത്രിതമായ തോതിൽ ലൗ ജിഹാദ് നടക്കുന്നുവെന്നത് വസ്തുതയാണ്. കേരളത്തിൽ നിന്ന് ഐഎസ് ഭീകര സംഘടനയിലേക്ക് റിക്രൂട്ട് ചെയ്യപ്പെട്ടു എന്ന് കേരള പൊലീസ് തന്നെ സാക്ഷ്യപ്പെടുത്തിയ 21 വ്യക്തികളിൽ പകുതിയോളം പേര്‍ ക്രിസ്ത്യൻ വിശ്വാസത്തിൽ നിന്ന് മതപരിവര്‍ത്തനം ചെയ്യപ്പെട്ടവരാണ് എന്ന വസ്തുത നമ്മുടെ കണ്ണ് തുറപ്പിക്കേണ്ടതാണ്."

"ഔദ്യോഗിക കണക്കുകളിൽപെടാത്ത അനേകം പെൺകുട്ടികൾ ഇപ്രകാരം ലൗ ജിഹാദിലൂടെ ഭീകര പ്രവര്‍ത്തനങ്ങൾക്ക് ഉപയോഗിക്കപ്പെടുന്നുണ്ട്. ലൗ ജിഹാദ് സാങ്കൽപ്പികമല്ലെന്ന് കണക്കുകൾ സാക്ഷ്യപ്പെടുത്തുന്നു. പ്രണയം നടിച്ച് പെൺകുട്ടികളെ വശീകരിച്ച് പീ‍ഡനത്തിന് ഇരയാക്കുകയും പീഡന ദൃശ്യങ്ങളുപയോഗിച്ച് മതപരിവര്‍ത്തനത്തിന് നിര്‍ബന്ധിക്കുകയും ചെയ്യുന്നതായ പരാതികൾ കേരളത്തിൽ അടുത്ത കാലത്ത് ഉണ്ടായിട്ടുണ്ട്. ഈ പരാതികളിൽ പൊലീസ് ജാഗ്രതയോടെ യഥാസമയം നടപടിയെടുത്തില്ലെന്നത് ദു:ഖകരമാണ്."

"മതങ്ങൾ തമ്മിലുള്ള സൗഹൃദത്തെ ബാധിക്കുന്ന തരത്തിൽ ലൗ ജിഹാദിനെ സിനഡ് വിലയിരുത്തുന്നില്ല. വിഷയത്തെ മതപരമായി മനസിലാക്കാതെ സമൂഹത്തെ ദോഷകരമായി ബാധിക്കുന്ന ക്രമസമാധാന പ്രശ്നമായി മനസിലാക്കി നിയമപാലകര്‍ സത്വര നടപടികൾ സ്വീകരിക്കണം. ലൗ ജിഹാദിന്റെ അപകടങ്ങളെ കുറിച്ച് രക്ഷകര്‍ത്താക്കളെയും കുട്ടികളെയും ഒരുപോലെ ബോധവത്കരിക്കാനുള്ള ശ്രമങ്ങൾ ആരംഭിക്കണം," എന്നും സിനഡ് പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നു.

Also Read: ലൗ ജിഹാദിനെതിരെ കര്‍ശന നടപടി വേണം; സിറോ മലബാര്‍ സഭാ സിനഡിനെ പിന്തുണച്ച് കുമ്മനം രാജശേഖരന്‍

click me!