പണിമുടക്ക് പണിയാകും; സംസ്ഥാനത്തിന് 4380 കോടിയുടെ നഷ്ടമെന്ന് വിലയിരുത്തൽ

Published : Mar 29, 2022, 12:49 PM ISTUpdated : Apr 12, 2022, 02:52 PM IST
പണിമുടക്ക് പണിയാകും; സംസ്ഥാനത്തിന് 4380 കോടിയുടെ നഷ്ടമെന്ന് വിലയിരുത്തൽ

Synopsis

പണിമുടക്കാണെങ്കിലും കടക‌ൾ തുറക്കേണ്ടവർക്ക് തുറക്കാമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞെങ്കിലും സംസ്ഥാനത്ത് പലയിടത്തും തുറന്ന കടകൾ സമരക്കാർ ബലം പ്രയോഗിച്ച് അടപ്പിച്ചു

തിരുവനന്തപുരം: രണ്ട് ദിവസത്തെ പൊതു പണിമുടക്കിന് സംസ്ഥാനം വലിയ വില നല്‍കേണ്ടി വരും. 4380 കോടിയുടെ നഷ്ടം ഉണ്ടാകുമെന്നാണ് വിലയിരുത്തല്‍. സാമ്പത്തിക വർഷം അവസാനിക്കാന്‍ രണ്ടു ദിവസം മാത്രം ശേഷിക്കെ നടത്തിയ പണിമുടക്ക് വലിയ തിരിച്ചടിയാകുമെന്നും വിദഗ്ധർ വിലയിരുത്തുന്നു. 

കൊവി‍ഡ് വ്യാപനത്തിന്‍റെ തിരിച്ചടിയില്‍ നിന്നും കരകയാറന്‍ ശ്രമിക്കുന്നതിനിടയിലാണ് തുടര്‍ച്ചയായ രണ്ട് ദിവസം കേരളം സ്തംഭിച്ചത്. 2021ലെ സാമ്പത്തിക അവലോകന റിപ്പോര്‍ട്ടനുസരിച്ച് കേരളത്തിന്‍റെ മൊത്ത ആഭ്യന്തര ഉത്പാദനം അഥവാ GSDP 7,99,591 കോടിയാണ്. അതായത് പ്രതിദിനം 2190 കോടി. രണ്ട് ദിവസത്തെ പണിമുടക്ക് കേരളത്തില്‍ 4380 കോടിയുടെ നഷ്ടമുണ്ടാക്കും.

സാമ്പത്തിക വര്‍ഷം അവസാനിക്കുന്നതിന് വെറും രണ്ട് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ്, തുടര്‍ച്ചയായി രണ്ട് ദിവസം കേരളം നിശ്ചലമായത്. ശനി, ഞായര്‍ അവധി കണക്കിലെടുക്കുമ്പോള്‍ ബാങ്കുകള്‍ തുടര്‍ച്ചയായി 4 ദിവസം മുടങ്ങി. 

ശ്രീലങ്കയിലെ പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍  കേരളത്തിക്ക് വരേണ്ടിയിരുന്ന ടൂറിസ്റ്റുകളില്‍ വലിയൊരു വിഭാഗം ഗോവയിലേക്കും രാജസ്ഥാനിലേക്കും തിരിഞ്ഞു. പണിമുടക്ക് സൃഷ്ടിച്ച തിരിച്ചടിയില്‍ നിന്നും കരകയറാന്‍ കേരളത്തിന് വരും നാളുകളില്‍ ഏറെ വിയര്‍പ്പൊഴുക്കണ്ടി വരുമെന്നുറപ്പ്.

കോടിയേരിയുടെ വാക്ക് വെറുതെയായി, തുറന്ന കടകൾ അടപ്പിച്ചു

പണിമുടക്കാണെങ്കിലും കടക‌ൾ തുറക്കേണ്ടവർക്ക് തുറക്കാമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞെങ്കിലും സംസ്ഥാനത്ത് പലയിടത്തും തുറന്ന കടകൾ സമരക്കാർ ബലം പ്രയോഗിച്ച് അടപ്പിച്ചു. കോഴിക്കോട് അരീക്കാട് കട തുറന്ന വ്യാപാരിയുടെ മുഖത്തടിച്ചു. തിരുവനന്തപുരത്ത് ലുലുമാളിലേക്ക് പോയ ജീവനക്കാരെ തടഞ്ഞ സമരക്കാരെ പൊലീസ് നീക്കം ചെയ്തു. എറണാകുളത്ത് ബ്രോഡ് വേയിലടക്കം  വ്യാപാര സ്ഥാപനങ്ങളും മിക്കവയും തുറന്നു. 

കോഴിക്കോട് അരീക്കാട് മാത്രമല്ല. രാമാനാട്ടുകാരയിലും കുന്ദമംഗലത്തും കാരന്തൂരും അണ്ടിക്കോടും തുറന്ന കടകൾ സമരക്കാർ അടപ്പിച്ചു. രാമനാട്ടുകാരയിൽ കട അടപ്പിക്കാനെത്തിയവരെ വ്യാപാരികൾ തടഞ്ഞു ഏറെ നേരം സ്ഥലത്ത് സംഘർമായിരുന്നു. മിഠായിത്തെരുവിൽ വ്യാപാരി വ്യാവസായി ഏകോപനസമിതിയുടെ മേൽനോട്ടത്തിൽ അഞ്ച് കടകൾ തുറന്നു. മലപ്പുറം എടവണ്ണപ്പാറയിൽ തുറന്ന കടകൾ സമരാനുകൂലികൾ അടപ്പിച്ചു. പിന്നാലെ വ്യാപാരികൾ ഒന്നിച്ചെത്തി എല്ലാ കടകളും  ഒന്നിച്ച് തുറന്നു. 

എറണാകുളത്ത് കടകൾ തുറക്കുമെന്ന പ്രഖ്യാപനം വ്യാപാരികൾ നടപ്പാക്കി. അതേ സമയം പാലാരിവട്ടത്ത് തുറന്ന ഹോട്ടൽ സമരക്കാർ അടപ്പിച്ചു. തിരുവനന്തപുരത്ത് പക്ഷെ വ്യാപാരസ്ഥാപനങ്ങൾ തുറന്നില്ല. 

രാവിലെ മുതൽ ലുലുമാളിന് മുന്നിൽ സമരക്കാർ ദേശീയപാതയിൽ പ്രതിഷേധിച്ചു.  ലുലുമാളിലേക്ക് പോയ ജീവനക്കാരെ കൂട്ടത്തോടെ ഗേറ്റിൽ തടഞ്ഞു. രണ്ട് മണിക്കൂറോളം ജീവനക്കാർ പുറത്തിരുന്നു. പിന്നീട് പൊലീസെത്തി സമരക്കാരെ അറസ്റ്റ് ചെയ്ത് നീക്കി. പക്ഷെ മാൾ തുറന്നിട്ടില്ലെന്നും ശുചീകരണത്തിനായാണ് ജീവനക്കാരെ വിളിപ്പിച്ചതെന്നും മാൾ അധികൃതർ വിശദീകരിച്ചു.

വയനാട് ജില്ലയിലെ ഭൂരിഭാഗം വ്യാപാര സ്ഥാപനങ്ങളും ഇന്ന് തുറന്നില്ല. നിരത്തിലിറങ്ങിയ സ്വകാര്യ വാഹനങ്ങൾ സമരാനുകൂലികൾ തടഞ്ഞില്ല. വയനാട് കളക്ട്രേറ്റിൽ 160 പേരിൽ 20 പേർ മാത്രമാണ് ഇന്ന് ഹാജരായത്. താലൂക്ക് ഓഫീസുകളിലും ഹാജർ നില 10 ശതമാനത്തിൽ താഴെയാണ്. വള്ളിയൂർക്കാവ് ക്ഷേത്ര ഉത്സവം പരിഗണിച്ച് മാനന്തവാടി താലൂക്കിൽ ഇന്നും പണിമുടക്കില്ല. മാനന്തവാടി ഡിപ്പോയിൽ നിന്ന് 18 കെഎസ്ആർടിസി ബസുകൾ സർവീസ് നടത്തി.

കണ്ണൂർ പയ്യന്നൂരിൽ പാസ്പോർട്ട് ഓഫീസ് സമരാനുകൂലികൾ അടപ്പിച്ചു. രാവിലെ ഇരുപതോളം പ്രവർത്തകർ എത്തിയാണ് പാസ്പോർട്ട് ഓഫീസ് അടപ്പിച്ചത്. ഓഫീസിൽ നിന്ന് ജീവനക്കാർ പിരിഞ്ഞ് പോയതിന് ശേഷമാണ് സമരാനുകൂലികൾ മടങ്ങിയത്.

വ്യവസായ മേഖലയായ കഞ്ചിക്കോടും പണിമുടക്ക് രണ്ടാം ദിവസം പൂര്‍ണമായിരുന്നു. അവശ്യ സര്‍വ്വീസ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ചുരുക്കം ചില കമ്പനികളാണ് പ്രവര്‍ത്തിച്ചത്. മറ്റു കമ്പനികളലിലേക്ക് ജോലിക്കെത്തിയ ജീവനക്കാരെ പണിമുടക്കുന്ന തൊഴിലാളികള്‍ ഗേറ്റില്‍ തടഞ്ഞു.

പാലക്കാട് ജില്ലയിലും പണിമുടക്ക് പൂര്‍ണമായിരുന്നു. കടകമ്പോളങ്ങള്‍ തുറന്നില്ല. കെഎസ്ആര്‍ടിസി, സ്വകാര്യ ബസുകള്‍ നിരത്തിലിറങ്ങിയില്ല. പാലക്കാട് കളക്ട്രേറ്റിലും ഹാജര്‍ നില കുറവായിരുന്നു. 210 ജീവനക്കാരില്‍ 15 പേരാണ് ജോലിക്കെത്തിയത്. ഒറ്റപ്പാലം സബ് കളക്ടര്‍ ഓഫീസിൽ ഏഴുപേര്‍ ഹാജരായി. ഒറ്റപ്പാലം തഹസീല്‍ ദാര്‍ ഓഫീസില്‍ ആരുംം ജോലിക്കെത്തിയില്ല. പാലക്കാട് സബ് കളക്ടര്‍ ഫീസില്‍ ഏഴും ചിറ്റൂര്‍ താലൂക്ക് ഓഫീസില്‍ നാലും പാലക്കാട് താലൂക്ക് ഓഫീസില്‍ പതിനാലുമായിരുന്നു ഹാജര്‍ നില. 

കൊല്ലത്ത് രണ്ടാം ദിനവും പണിമുടക്ക് പൂർണമായിരുന്നു. കളക്ട്രേറ്റ് ഉൾപ്പെടെ സർക്കാർ ഓഫിസുകളിൽ വിരലിലെണ്ണാവുന്ന ഉദ്യോഗസ്ഥർ മാത്രമേ ജോലിക്ക് ഹാജരായുള്ളൂ. ചിതറ ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിൽ ജോലിക്ക് ഹാജരായ അധ്യാപകരെ സമരാനുകൂലികൾ ആക്രമിക്കാൻ ശ്രമിച്ചെന്ന് പരാതിയുണ്ട്. കൊല്ലം ഹൈസ്കൂൾ ജംഗ്ഷനിൽ കെഎസ്ആർടിസി ബസ് തടഞ്ഞ സമരക്കാർ യാത്രക്കാരെ ഇറക്കി വിട്ടു. അതേസമയം എൻജിഒ യൂണിയൻ പ്രവർത്തകർ യാത്ര ചെയ്ത ഓട്ടോറിക്ഷ സമരക്കാർ കടത്തിവിടുകയും ചെയ്തു. 

മധ്യ കേരളത്തിലെ സർക്കാർ ഓഫീസുകളിൽ ഹാജർ നില നന്നേ കുറവായിരുന്നു. ഏറണാകുളം കാക്കനാട്ടെ കളക്ട്രേറ്റിൽ വിവിധ ഓഫീസുകളിൽ ആയി മുപ്പതോളം പേരാണ് എത്തിയത്. കളക്ടറുടെ ഓഫീസിൽ 5 പേർ. ജോലിക്കെത്തിയവരെ യൂണിയൻ നേതാക്കൾ തടഞ്ഞ് തിരിച്ചയച്ചു. തൃശ്ശൂരിലും വിരലിൽ എണ്ണവുന്നവർ മാത്രമാണ് എത്തിയത്. കളക്ടറുടെ ഓഫീസിൽ മൂന്നു പേർ.

ഇടുക്കിയിലും സർക്കാർ ഓഫീസുകളുടെ പ്രവർത്തനത്തെ സമരം കാര്യമായി ബാധിച്ചു. കളക്ട്രേറ്റിൽ 124 ജീവനക്കാരിൽ 15 പേർ മാത്രമാണ് ഹാജരായത്. യാത്രാ സൗകര്യം ഇല്ലാത്തതിനാൽ സ്വന്തം വാഹനത്തിലാണ് ഇവരെത്തിയത്. മറ്റ് ഓഫീസുകളിലും അഞ്ചു ശമാനത്തിൽ താഴെ ജീവനക്കാർ മാത്രമാണ് ജോലിക്കെത്തിയത്. പ്രൊബേഷൻ പിരീഡിലുള്ളവർ ജോലിക്കെത്തിയാൽ തടയേണ്ടെന്ന് യൂണിയനുകൾ തീരുമാനിച്ചിരുന്നു.

കോട്ടയത്തും ഹാജർ നില കുറവായിരുന്നു. ആലപ്പുഴയിൽ ജോലിക്കെത്തിയവരെ യൂണിയൻ നേതാക്കൾ തടഞ്ഞ് തിരിച്ചയച്ചു.

PREV
Read more Articles on
click me!

Recommended Stories

'വിശക്കുന്നു, ഭക്ഷണം വേണം'; ജയിലിലെ നിരാഹാരം അവസാനിപ്പിച്ച് രാഹുൽ ഈശ്വർ, കോടതിയിൽ വിമർശനം
ഓഫീസിൽ വൈകി വരാം, നേരത്തെ പോകാം, പ്രത്യേക സമയം അനുവദിക്കാം; കേന്ദ്രസർക്കാർ ജീവനക്കാർക്ക് തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ സൗകര്യം