
തൃശ്ശൂർ: തൃശ്ശൂർ കുഞ്ഞാലിപ്പാറയിലെ ക്വാറിയിൽ കെട്ടി നിർത്തിയ വെള്ളം ഉരുൾപൊട്ടൽ ഭീഷണി ഉയർത്തുന്നതായി നാട്ടുകാർ. നൂറടിയോളം താഴ്ചയിലാണ് വെള്ളം കെട്ടി നിര്‍ത്തിയിരിക്കുന്നത്. ക്വാറിയുടെ പ്രവർത്തനം പൂർണമായി അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ സമരത്തിലാണ്.
കോടശ്ശേരി മലയിൽ പ്രവർത്തിക്കുന്ന എടത്താടൻ ഗ്രാനൈറ്റ്സിനെതിരെയാണ് നാട്ടുകാരുടെ പ്രതിഷേധം. മലയുടെ താഴ്‍വാരത്തില്‍ 100 ഓളം കുടുംബങ്ങളാണ് കഴിയുന്നത്. പാറഖനനം ചെയ്തുണ്ടായ വലിയ കുഴിയിലാണ് വെള്ളം കെട്ടി നിര്‍ത്തിയിരിക്കുന്നത്. സമീപ പ്രദേശങ്ങളിൽ കഴിഞ്ഞ വർഷം ഉരുൾപൊട്ടലുണ്ടായിരുന്നു. ക്വാറിയിൽ വെള്ളം കെട്ടി നിർത്തുന്നത് മൂലം വൻ ദുരന്തമുണ്ടാകുമോയെന്നാണ് നാട്ടുകാരുടെ ആശങ്ക.
ക്രഷറിൽ നിന്നുള്ള വെള്ളം കിണറുകളിലും വയലുകളിലും കലരുന്നതിനാല്‍ പ്രദേശവാസികൾക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടാകുന്നതായും പരാതിയുണ്ട്. പാറ ഖനനംമൂലം വീടുകളിൽ വിള്ളൽ രൂപപ്പെടുന്നുണ്ടെന്നും നാട്ടുകാര്‍ പരാതിപ്പെടുന്നു. ഖനനത്തിനായി നീക്കം ചെയ്ത ടൺ കണക്കിനുള്ള മണ്ണ് ശക്തമായ മഴയിൽ താഴേക്ക് പതിക്കുമെന്നും ഇവര്‍ ആശങ്കപ്പെടുന്നു.
എന്നാൽ, നിയമപരമായാണ് പ്രവർത്തനം എന്നാണ് ക്വാറി നടത്തിപ്പുകാരുടെ വിശദീകരണം. നാട്ടുകാരുടെ പ്രതിഷേധത്തെത്തുടർന്ന് ഖനനം താൽക്കാലികമായി നിർത്തിവയ്ക്കാൻ ജിയോളജി വകുപ്പ് ഉത്തരവിട്ടുണ്ട്. എന്നാൽ ക്വാറി എന്നെന്നേക്കുമായി പൂട്ടാതെ പ്രതിഷേധം അവസാനിപ്പിക്കില്ലെന്ന നിലപാടിലാണ് നാട്ടുകാർ.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam