
തൃശൂർ: നാട്ടികയിൽ സിപിഐയോട് ഇടഞ്ഞ സിസി മുകുന്ദൻ എംഎൽഎയുമായി ചർച്ച നടത്തി മുന്നണികൾ. കോൺഗ്രസ് നേതാക്കളായ കെസി വേണുഗോപാൽ, രമേശ് ചെന്നിത്തല എന്നിവർ മുകുന്ദനുമായി സംസാരിച്ചു. സ്വന്തം പാളയത്തിൽ എത്തിക്കാൻ നീക്കവുമായി ബിജെപി സംസ്ഥാന നേതൃത്വവും മുകുന്ദനുമായി ചർച്ച നടത്തിയിട്ടുണ്ട്. അതേസമയം, മുകുന്ദനെ കൈ വിടാതിരിക്കാനാണ് സിപിഐ നേതൃത്വത്തിൻ്റെ ശ്രമം. സിപിഐക്കൊപ്പം നിർത്താൻ നേതാക്കൾ ചർച്ച നടത്താനൊരുങ്ങുകയാണ്. മുകുന്ദനുമായുള്ള ഏറ്റുമുട്ടൽ ഒഴിവാക്കി അനുനയ സാധ്യത തേടാനാണ് സംസ്ഥാന നേതൃത്വത്തിൻ്റെ ശ്രമം. നാട്ടികയിൽ സ്ഥാനാർത്ഥിയാകുമെന്ന മുകുന്ദന്റെ പ്രഖ്യാപനത്തിൽ പിന്നാലെയാണ് പുതിയ നീക്കം.
മുൻ എംഎൽഎ ഗീത ഗോപിക്കും പാർട്ടിക്കുമെതിരെ പൊട്ടിത്തെറിച്ച് സി സി മുകുന്ദൻ എംഎൽഎ രംഗത്തുവന്നതോടെയാണ് സിപിഐയിൽ അപ്രതീക്ഷിത പ്രതിസന്ധി ഉടലെടുത്തത്. ഗീത ഗോപിയ്ക്ക് പണം പിരിച്ചു നൽകാൻ കഴിവുണ്ടെന്നും മോശം പ്രകടനം നടത്തിയ അവരെ സ്ഥാനാർഥിയാക്കുന്നത് ശരിയല്ലെന്നും സി സി മുകുന്ദൻ എംഎൽഎ മാധ്യമങ്ങളോട് പറഞ്ഞു. നിലവിലെ എംഎൽഎ സി സി മുകുന്ദനെ മാറ്റി മുൻ എംഎൽഎ ആയിരുന്ന ഗീതാഗോപിയെ മത്സരിപ്പിക്കാൻ സിപിഐ തീരുമാനിച്ചിരുന്നു. ഇതിനെതിരെയാണ് വിമർശനം.
പാർട്ടിക്ക് പണം പിരിച്ചു നൽകാൻ തനിക്കാവില്ല. ഗീതഗോപിയ്ക്ക് സീറ്റ് നൽകുന്നത് സാമ്പത്തിക സ്വാധീനം മൂലമാണ്. പാർട്ടി സീറ്റ് തന്നില്ലെങ്കിലും മൽസരിക്കുമെന്നും സി സി മുകുന്ദൻ എംഎൽഎ നിലപാട് വ്യക്തമാക്കി. പാർട്ടിയിൽ വിഭാഗീയതയുണ്ട്. സിപിഐയിലെ വിഭാഗീയത കാരണം ഒഴിവാക്കപ്പെടുകയാണ്. ചേർപ്പ് മണ്ഡലം കമ്മിറ്റി തന്‍റെ പേര് നിർദ്ദേശിക്കാത്തതിന് പിന്നിൽ വിഭാഗീയതയാണ്. തന്നെ ഒഴിവാക്കുന്നതിനെ കുറിച്ച് പാർട്ടി ഒന്നും പറഞ്ഞിട്ടില്ല. രണ്ട് ടേം എല്ലാ എംഎൽഎമാർക്കും നൽകിയെന്നും തന്നെ മാത്രം പാർട്ടി ഒഴിവാക്കിയെന്നും എംഎൽഎ പറഞ്ഞു.
ഇതിന് മറുപടിയുമായി ഗീതാ ഗോപിയും രംഗത്തെത്തിയതോടെ വിവാദം കനക്കുകയാണ്. പാർട്ടി ഏൽപ്പിച്ച ചുമതല നിർവ്വഹിക്കലാണ് ഇപ്പോൾ ലക്ഷ്യമെന്നും മറ്റൊന്നും തനിക്കറിയില്ലെന്നും ഗീത ഗോപി പ്രതികരിച്ചു. ആരോപണങ്ങളെക്കുറിച്ച് പാർട്ടി മറുപടി പറയും. രണ്ട് തവണ നെഞ്ചേറ്റിയ നാട്ടികയിലെ ജനങ്ങൾ ഇത്തവണയും തന്നെ സ്വീകരിക്കും. തന്നെ ജനങ്ങൾക്ക് അറിയാമെന്നും ഗീതാ ഗോപി വ്യക്തമാക്കി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam