
കൊച്ചി: അങ്കമാലിയിൽ ബികോം വിദ്യാർത്ഥിയുടെ മരണത്തിനിടയായ വാഹനാപകടത്തിൽ പ്രതിയെ പിടികൂടുന്നതിൽ പൊലീസിന് വീഴ്ച്ച സംഭവിച്ചിട്ടില്ലെന്ന് റിപ്പോർട്ട്. നടപടിക്രമങ്ങൾ കൃത്യമായി പാലിച്ചുവെന്നും പ്രതി ഡോക്ടർ സിറിയക്ക് ജോർജ് പൊലീസിന്റെ കണ്ണ് വെട്ടിച്ചാണ് കടന്ന് കളഞ്ഞതെന്നും റിപ്പോർട്ടിൽ പറയുന്നു. പ്രതിയെ പിടികൂടാൻ കൃത്യമായി പരിശോധന നടത്തിയെന്നും റിപ്പോർട്ടിലുണ്ട്. പൊലീസ് അലംഭാവം കാണിച്ചുവെന്ന് മരിച്ച ജാസ്ലിയയുടെ കുടുംബം പരാതി ഉന്നയിച്ചിരുന്നു. ഇതിലാണ് റൂറൽ എസ്പിയുടെ നിർദ്ദേശപ്രകാരം ആലുവ ഡിവൈഎസ്പി അന്വേഷണം നടത്തിയത്.
ബിരുദ വിദ്യാർഥിനിയായ ജാസ്ലിയയെ കഴിഞ്ഞ മാസം ഇരുപത്തിയെട്ടിനാണ് സിറിയക് ഓടിച്ച കാറിടിച്ചത്. തൊട്ടടുത്ത ദിവസം ജാസ്ലിയ മരിച്ചു. ഏറെ വിമർശനത്തിനൊടുവിലാണ് സംഭവ സ്ഥലത്തു നിന്ന് രക്ഷപ്പെട്ട് ഒളിവിൽ പോയ സിറിയകിനെ വാഗമണ്ണിൽ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തത്. യുവതിയുടെ മരണത്തിന് ശേഷം സുഹൃത്തുക്കളും കുടുംബവും പ്രതിഷേധം ശക്തമാക്കിയതോടെയാണ് സിറിയക്കിനെ പിടികൂടാൻ പൊലീസ് നടപടികൾ ഊർജ്ജിതമാക്കിയത്. അറസ്റ്റിൽ ആശ്വാസം രേഖപ്പെടുത്തിയ ജാസ്ലിയയുടെ കുടുംബം പ്രതിക്ക് പരമാവധി ശിക്ഷ കിട്ടണമെന്ന് ആവശ്യപ്പെട്ടു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam