പ്രകൃതി സൗഹൃദ ഫ്രിഡ്ജുമായി വീട്ടമ്മ; വൈദ്യുതി വേണ്ട, വെള്ളം മാത്രം മതി

By Web TeamFirst Published Jun 21, 2020, 10:38 AM IST
Highlights

എന്നാൽ പയർ. ചീര മുതലായ പച്ചക്കറികളൊക്കെ ഏകദേശം രണ്ടാഴ്ച വരെ കേട് കൂടാതെ ഇരിക്കും. പാൽ പതിനഞ്ച് മണിക്കൂറോളം ഇരിക്കുന്നുണ്ട്. 

തൃശൂർ: ലോക്ഡൗണ്‍ കാലത്ത് സ്വന്തമായി പ്രകൃതിസൗഹൃദ ഫ്രിഡ്ജ് തയ്യാറാക്കിയിരിക്കുകയാണ് തൃശൂര്‍ വേലൂര്‍ സ്വദേശിയായ സിന്ധു എന്ന വീട്ടമ്മ. വീട്ടിലുളള ഇഷ്ടികയും മണലും ഉപയോഗിച്ച് സിന്ധു തനിയെയാണ് ഫ്രിഡ്ജ് ഉണ്ടാക്കിയത്. സിന്ധുവിന്‍റെ ഫ്രിഡ്ജില്‍ പച്ചക്കറിയും പാലുമൊക്കെ എത്ര ദിവസം വേണമെങ്കിലും കേടുകൂടാതെയിരിക്കും.

കഴിയുന്നതും പ്രകൃതിയെ ഉപദ്രവിക്കാതെ ജിവിക്കണമെന്ന പക്ഷക്കാരാണ് സിന്ധുവും ഭര്‍ത്താവ് വേണുഗോപാലും. അതുകൊണ്ട് തന്നെ ഓസോണ്‍ പാളികള്‍ക്ക് ദോഷമുണ്ടാക്കുന്ന ഫ്രിഡ്ജും എസിയുമൊന്നും ഈ വീട്ടിലില്ല. പ്രകൃതി സൗഹൃദ ഫ്രി‍ഡ്ജ് വേണമെന്ന ആഗ്രഹം കുറെക്കാലമായുണ്ട്. ലോക്ഡൗണ്‍ സമയത്താണ് ഇതിന് സമയം കിട്ടിയത്. വീടുപണിക്കു ശേഷം ബാക്കി വന്ന ഇഷ്ടിക കൊണ്ട് ഒരു തറകെട്ടി. ഇതിനു മുകളില്‍ ചുറ്റുംചുമര് പണിത് പെട്ടിയുണ്ടാക്കി. മുകളില്‍ നല്ല അടച്ചുറപ്പുളള ചട്ടക്കൂടും അതില്‍ ചണം കൊണ്ട് അടപ്പുമുണ്ടാക്കി. ഇതിനൊക്കെ കൂടി വേണ്ടിവന്നത് വെറും നാലു ദിവസം.

പച്ചക്കറികളിൽ വെള്ളത്തിന്റെ അംശം കൂടുതലുള്ള പച്ചക്കറികൾ അധികം ഇതിൽ ഇരിക്കില്ല. എന്നാൽ പയർ. ചീര മുതലായ പച്ചക്കറികളൊക്കെ ഏകദേശം രണ്ടാഴ്ച വരെ കേട് കൂടാതെ ഇരിക്കും. പാൽ പതിനഞ്ച് മണിക്കൂറോളം ഇരിക്കുന്നുണ്ട്. പച്ചക്കറികൾ സൂക്ഷിച്ചു വയ്ക്കാൻ പ്രകൃതിദത്തമായി എന്തെങ്കിലും സംവിധാനങ്ങളുണ്ടോ എന്ന് കുറച്ച് കാലമായി അന്വേഷിച്ചു കൊണ്ടിരിക്കുകയായിരുന്നു. ഇതിന്റെ മൂടിക്ക് മാത്രാമണ് ചെലവ് വന്നത്. ബാക്കി എല്ലാ വസ്തുക്കളും വീട്ടിൽ തന്നെ ഉണ്ടായിരുന്നതാണ്. സിന്ധു പറയുന്നു. 

വൈദ്യുതി വേണ്ട എന്നതാണ് സിന്ധുവിന്റെ ഫ്രിഡ്ജിന്റെ ഏറ്റവും വലിയ പ്രത്യേകത. രാവിലെയും വൈകിട്ടും ചുറ്റും നനച്ചു കൊടുത്താൽ മതി. ഫ്രിഡ്ജില്ലാത്തതിനാൽ വീട്ടിൽ വൈദ്യുതി ബില്ലും വളരെ കുറവാണ്. 


 

click me!