
മലപ്പുറം: കെ റെയില്‍ പദ്ധതി യാഥാര്‍ത്ഥ്യമാക്കണമെന്ന തന്റെ ആവശ്യത്തോട് മുഖ്യമന്ത്രി പിണറായി വിജയന്‍ നല്‍കിയ മറുപടി പങ്കുവച്ച് പാണക്കാട് കുടുംബാംഗം ഹസീബ് തങ്ങള്‍. കെ റെയില്‍ പോലൊരു മികച്ച പദ്ധതി നടപ്പിലാക്കാതിരിക്കാന്‍ ആവില്ല എന്നാണ് മുഖ്യമന്ത്രി നൽകിയ മറുപടിയെന്നും ഇത് ഏറെ പ്രതീക്ഷ നല്‍കുന്നതാണെന്നും ഹസീബ് തങ്ങള്‍ പറഞ്ഞു. നവകേരള സദസിന്റെ മലപ്പുറം ജില്ലയിലെ ആദ്യ പ്രഭാത സദസില്‍ വച്ചാണ് കെ റെയില്‍ യാഥാര്‍ത്ഥ്യമാക്കണമെന്ന ആവശ്യം ഹസീബ് തങ്ങള്‍ മുന്നോട്ട് വച്ചത്.
രാഷ്ട്രീയപരമായ ഭിന്നാഭിപ്രായങ്ങള്‍ ഉണ്ടെങ്കിലും ജനാധിപത്യ രീതിയില്‍ തെരഞ്ഞെടുത്ത സര്‍ക്കാര്‍ നടത്തുന്ന പരിപാടിയെ ബഹിഷ്‌കരിക്കുന്നതില്‍ അര്‍ത്ഥമില്ലെന്ന ആമുഖത്തോടെയാണ് അദ്ദേഹം സംസാരിച്ചത്. 'നിരവധി റെയില്‍ ഗതാഗത പദ്ധതികള്‍ ചെറുപ്പകാലം മുതല്‍ കേള്‍ക്കുന്നതാണ്. പലതും ഇന്നും യാഥാര്‍ത്ഥ്യമായിട്ടില്ല. 2017ല്‍ പ്രകടന പത്രികയില്‍ അവകാശപ്പെട്ട തെക്കുവടക്ക് അതിവേഗ പാതയെക്കുറിച്ച് അറിയാനാണ് പ്രഭാത സദസില്‍ എത്തിയത്. മുഖ്യമന്ത്രിയുമായി ഈ വിഷയം ചര്‍ച്ച ചെയ്തു. കേന്ദ്ര അനുമതിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും രാഷ്ട്രീയ വിഷയങ്ങളുമാണ് പദ്ധതി യാഥാര്‍ത്ഥ്യമാക്കുന്നതില്‍ തടസം എന്നാണ് അറിയാന്‍ കഴിഞ്ഞത്. എന്നാല്‍ ഈ തടസങ്ങള്‍ കാരണം ഇത്തരത്തിലൊരു മികച്ച പദ്ധതി നടപ്പിലാക്കാതിരിക്കാനും ആവില്ല എന്നാണ് മുഖ്യമന്ത്രി തന്ന മറുപടി. ഇത് ഏറെ പ്രതീക്ഷ നല്‍കുന്നതാണ്.' തിരൂരിന് പ്രത്യേകിച്ചും ഏറെ ഗുണകരമാകുന്ന കെ റെയില്‍ പദ്ധതി നടപ്പിലാക്കുമെന്ന് കരുതുന്നതായും ഹസീബ് തങ്ങള്‍ പറഞ്ഞു.
അതേസമയം, നവ കേരള സദസിന്റെ ഭാഗമായുള്ള പ്രഭാത യോഗത്തില്‍ താന്‍ പങ്കെടുത്തത് വികസന നിര്‍ദ്ദേശങ്ങള്‍ നല്‍കാനാണെന്ന് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ മരുമകനായ ഹസീബ് തങ്ങള്‍ പറഞ്ഞു. സംഭവം രാഷ്ട്രീയ വിവാദത്തിന് വഴിതുറന്ന സാഹചര്യത്തിലായിരുന്നു പ്രതികരണം. ജനാധിപത്യ രീതിയില്‍ നടക്കുന്ന നവ കേരള സദസ് പോലുള്ള പരിപാടിയില്‍ പങ്കെടുക്കുന്നതില്‍ തെറ്റില്ല. കക്ഷി രാഷ്ട്രീയത്തിന് അതീതമായി ഇത്തരം കാര്യങ്ങളില്‍ സഹകരിക്കാവുന്നതാണ്. മുസ്ലീം ലീഗ് നേതാക്കള്‍ ഇങ്ങനെ മുമ്പ് ചെയ്തിട്ടുണ്ടെന്നും ഇതൊന്നും വിവാദമാക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം പ്രതികരിച്ചു. കോഴിക്കോട് നവകേരള സദസിലെത്തിയ കോണ്‍ഗ്രസ്, ലീഗ് നേതാക്കള്‍ക്കെതിരെ നേതൃത്വം നടപടി സ്വീകരിച്ചതിനു പിന്നാലെയാണ് മലപ്പുറം ജില്ലയിലും യുഡിഎഫ് നേതാക്കളുടെ പങ്കാളിത്തമുണ്ടായത്.
നിഖിലിന്റെ മരണം; 'രേണുക അന്വേഷണവുമായി സഹകരിക്കുന്നില്ല', അടുത്ത നീക്കവുമായി പൊലീസ്
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam