സംസ്ഥാനത്ത് വിലക്കയറ്റമെന്നത് വ്യാജപ്രചാരണമെന്ന് ഭക്ഷ്യമന്ത്രി ജി ആർ അനിൽ. നെല്ല് സംഭരണത്തിലെ നേട്ടങ്ങൾ, കിഫ്ബി വഴിയുള്ള വികസനം എന്നിവ ഉയർത്തിക്കാട്ടിയ അദ്ദേഹം പ്രതിപക്ഷം കുറുക്കുവഴിയിലൂടെ അധികാരം പിടിക്കാൻ ശ്രമിക്കുകയാണെന്നും ആരോപിച്ചു.
തിരുവനന്തപുരം: കേരളത്തെ അതിദരിദ്രര്‍ ഇല്ലാത്ത നാടാക്കിയതില്‍ ഭക്ഷ്യമന്ത്രിയെന്ന നിലയില്‍ അഭിമാനമെന്ന് സംസ്ഥാന ഭക്ഷ്യമന്ത്രി ജി ആർ അനിൽ. ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രതിപക്ഷ നേതാവ് പച്ചക്കള്ളം മാത്രം പറയുന്നയാളെന്ന് കുറ്റപ്പെടുത്തിയ അദ്ദേഹം സംസ്ഥാനത്ത് വിലക്കയറ്റമെന്നത് വ്യാജപ്രചാരണമെന്ന് പറഞ്ഞു. വലിയ വികസന - ക്ഷേമ പദ്ധതികളുമായാണ് സംസ്ഥാനം മുന്നോട്ട് പോകുന്നത്. നെല്ല് സംഭരണത്തിലടക്കം ഭക്ഷ്യവകുപ്പിൻ്റെ നേട്ടങ്ങൾ ഉയർത്തിക്കാട്ടിയ അദ്ദേഹം കുറുക്കുവഴിയിലൂടെ അധികാരത്തിലെത്താനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്ന് കുറ്റപ്പെടുത്തി.
എൽഡിഎഫിന് തദ്ദേശ തെരഞ്ഞെടുപ്പിലുണ്ടായത് അപ്രതീക്ഷിത തിരിച്ചടിയാണ്. അത് പരിഹരിക്കും. സി ദിവാകരൻ്റെ ചൂര മീൻ പരാമർശം അപക്വമെന്നും ഒരിക്കലും പറയാൻ പാടില്ലാത്ത കാര്യമെന്നും അദ്ദേഹം പറഞ്ഞു. പ്രായമായ കാരണവർമാർക്കുണ്ടാകുന്ന സ്വഭാവ വൈകല്യമായി അദ്ദേഹത്തിൻ്റെ പ്രസ്താവന അവഗണിക്കേണ്ടതാണ്. സംസ്ഥാനത്തോ തിരുവനന്തപുരം ജില്ലയിലോ സിപിഐയിൽ വിഭാഗീയ പ്രശ്നങ്ങളില്ല. ശക്തമായ പ്രവർത്തനവുമായാണ് പാർട്ടിയും മുന്നണിയും മുന്നോട്ട് പോകുന്നത്. സംസ്ഥാനത്ത് വീണ്ടും എൽഡിഎഫ് അധികാരത്തിലെത്തും. കേന്ദ്രം പലരീതിയിൽ കേരളത്തെ സ്വാധീനിക്കാൻ ശ്രമിച്ചു. സ്വാധീനത്തിന് വഴങ്ങാതെ വന്നതോടെയാണ് സാമ്പത്തിക ഉപരോധത്തിലേക്ക് നീങ്ങിയത്. അതിനെ മറികടന്നത് കിഫ്ബിയുടെ സഹായത്തോടെയാണ്. കിഫ്ബി വഴി നെടുമങ്ങാട് വലിയ മാറ്റം സാധ്യമാക്കി. 1300 കോടി രൂപ ചെലവാക്കി റോഡ് നിർമ്മാണം നടക്കുന്നു. നെടുമങ്ങാട് മംഗലപുരം റോഡിന് 200 കോടി, മത്സ്യമാർക്കറ്റിന് 30 കോടി തുടങ്ങിയ പദ്ധതികൾ നടപ്പാക്കാനായത് കിഫ്ബിയുടെ സഹായത്തോടെയാണ്.
സംസ്ഥാനത്തെ മുഴുവൻ കുടുംബങ്ങൾക്കും റേഷൻ കാർഡ് നൽകി. ഇനി ആർക്കെങ്കിലും റേഷൻ കാർഡില്ലെന്ന് കണ്ടെത്തുകയാണെങ്കിൽ മണിക്കൂറുകൾക്കകം അത് ലഭ്യമാക്കാനാവും. 148 ഉന്നതികളിൽ വീട്ടുമുറ്റത്ത് ഭക്ഷ്യധാന്യം എത്തിക്കുന്നു. എല്ലാവർക്കും ഭക്ഷണം ഉറപ്പാക്കുകയെന്ന സർക്കാരിൻ്റെ ദൗത്യം ഭംഗിയായി നടത്താൻ ഭക്ഷ്യവകുപ്പിന് സാധിച്ചു. സംസ്ഥാനത്തേക്ക് എല്ലാ ഉൽപ്പന്നങ്ങളും പുറത്ത് നിന്നാണ് വരുന്നത്. വില കൂട്ടുന്നത് ഉൽപ്പാദകരാണ്. സംസ്ഥാനത്ത് വിലക്കയറ്റത്തിൻ്റെ ഭീതി സാധാരണക്കാരെ ബാധിക്കാതെ സർക്കാർ ഇടപെട്ടു. രണ്ടായിരം കോടി രൂപയുടെ നെല്ല് ഒരു വർഷം കേരളത്തിൽ സംഭരിക്കാറുണ്ട്. ഒന്നര വർഷം വരെ വൈകിയാണ് നെല്ലിൻ്റെ പണം കേന്ദ്രം തരുന്നത്. 1300 കോടിയിലധികം ഇപ്പോഴും തരാനുണ്ട്. സഹകരണ ബാങ്കുകളുടെ സഹായത്തോടെ സംഭരിക്കുന്ന നെല്ലിൻ്റെ പണം അന്ന് തന്നെ കൊടുക്കുന്ന രീതി പാലക്കാട് പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കുകയാണ് സർക്കാരെന്നും അദ്ദേഹം പറഞ്ഞു.



