വൈപ്പിൻ കടലിൽ മുങ്ങിത്താഴ്ന്നയാളെ ജീവൻ പണയം വച്ച് നാവികസേന ഉദ്യോഗസ്ഥൻ രക്ഷിച്ചു

By Web TeamFirst Published Apr 7, 2019, 6:27 PM IST
Highlights

ഭാര്യക്കൊപ്പം അവധി ദിവസം ചിലവഴിക്കാൻ ബീച്ചിലെത്തിയപ്പോഴാണ് ലഫ്റ്റനന്റ് രാഹുൽ ദലാൽ കടലിൽ ഒരാൾ മുങ്ങിത്താഴുന്നത് കണ്ടത്

കൊച്ചി: വൈപ്പിനിൽ കടലിൽ മുങ്ങിത്താണയാളെ ജീവിതത്തിലേക്ക് തിരികെ കൈപിടിച്ച് കയറ്റി നാവിക സേന ഉദ്യോഗസ്ഥൻ രക്ഷകനായി. വെള്ളിയാഴ്ച വൈകുന്നേരം 4.10നാണ് സംഭവം. ഭാര്യക്കൊപ്പം അവധിദിനം ചിലവഴിക്കാൻ ബീച്ചിലെത്തിയ ലെഫ്റ്റനന്റ് രാഹുൽ ദലാലാണ് ഒറംഗബാദ് സ്വദേശി ദിലീപ് കുമാറിന് രക്ഷകനായത്.

കടലിൽ കുളിക്കാനിറങ്ങിയതായിരുന്നു ദിലീപ്. എന്നാൽ അടിയൊഴുക്ക് ശക്തമായതിനാൽ ഇദ്ദേഹത്തിന് നില കിട്ടിയില്ല. ദിലീപ് മുങ്ങിത്താഴുന്നത് കണ്ട് ബീച്ചിലുണ്ടായിരുന്നവർ ഓടിക്കൂടിയെങ്കിലും ആർക്കും ഇദ്ദേഹത്തിന് അടുത്തേക്ക് പോകാൻ ധൈര്യമില്ലായിരുന്നു. ഈ സമയത്താൺ ലെഫ്റ്റനന്റ് രാഹുൽ ദലാൽ കടലിലേക്ക് ഇറങ്ങാൻ തയ്യാറായത്.

ഭാര്യയെ കരയ്ക്ക് നിർത്തിയാണ് ഇദ്ദേഹം കടലിലേക്ക് പോയത്. വളരെ വേഗത്തിൽ രാഹുൽ നീന്തി ദിലീപിന് അടുത്തേക്ക് എത്തിയെങ്കിലും തിരികെ കരയിലേക്ക് എത്താൻ വളരെയേറെ ബുദ്ധിമുട്ടി. ഏതാണ്ട് 20-25 മിനിറ്റ് സമയമെടുത്താണ് ഇദ്ദേഹം ദിലീപ് കുമാറിനെ കരയ്ക്ക് എത്തിച്ചത്. രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ പലവട്ടം ഇരുവരും മുങ്ങിത്താഴ്ന്നതായി ദക്ഷിണ നാവികസേന വക്താവ് കമ്മാന്റർ ശ്രീധർ വാര്യർ അറിയിച്ചു.

കരയ്ക്ക് എത്തിച്ച ദിലീപ് കുമാറിന് കൃത്രിമ ശ്വാസം നൽകാൻ ശ്രമിച്ചപ്പോഴാണ് ഇദ്ദേഹത്തിന്റെ വായിൽ തണ്ടൽച്ചെടികൾ കുടുങ്ങിക്കിടക്കുന്നതായി കണ്ടെത്തിയത്. ഇത് വലിച്ച് പുറത്തെടുത്ത ശേഷം രാഹുൽ ദലാൽ തന്നെയാണ് ഇദ്ദേഹത്തിന് കൃത്രിമശ്വാസം നൽകിയത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് സംഘം ദിലീപിനെ ആശുപത്രിയിലേക്ക് മാറ്റി.

click me!