കളക്ടർമാരുടെ അനുമതിയോടെ ഹരിയാനയിൽ നിന്നെത്തിയ വിദ്യാർത്ഥികളെ വാളയാറിൽ തടഞ്ഞു, പിന്നെ അനുമതി നൽകി

By Web TeamFirst Published May 10, 2020, 12:09 PM IST
Highlights

തിരുവനന്തപുരത്തേക്ക് പോകുന്ന 34 അംഗ സംഘത്തെ ഇ-പാസില്ലെന്ന കാരണത്താലാണ് തടഞ്ഞത്. എന്നാൽ ഇവർക്ക് കുർണൂലിലെയും തിരുവനന്തപുരത്തെയും കളക്ടർമാർ നേരത്തെ യാത്രക്ക് അനുമതി നൽകിയിരുന്നു

പാലക്കാട്: ഹരിയാനയിൽ നിന്ന് ബസിൽ വാളയാറിലെത്തിയ നവോദയ വിദ്യാർത്ഥികളും രക്ഷിതാക്കളും അദ്ധ്യാപകരും ഉൾപ്പെട്ട സംഘത്തെ ആദ്യം തടഞ്ഞു, പിന്നെ വിട്ടയച്ചു. തിരുവനന്തപുരത്തേക്ക് പോകുന്ന 34 അംഗ സംഘത്തെ ഇ-പാസില്ലെന്ന കാരണത്താലാണ് തടഞ്ഞത്. എന്നാൽ ഇവർക്ക് കുർണൂലിലെയും തിരുവനന്തപുരത്തെയും കളക്ടർമാർ നേരത്തെ യാത്രക്ക് അനുമതി നൽകിയിരുന്നു.

ദിവസങ്ങളോളം യാത്ര ചെയ്ത് ഇന്ന് രാവിലെയാണ് സംഘം വാളയാറിലെത്തിയത്. ഇവർ യാത്ര പുറപ്പെടുമ്പോൾ ഇ-പാസ് ഏർപ്പെടുത്തിയിരുന്നില്ല. കളക്ടർമാരുടെ അനുമതിയോടെയാണ് യാത്ര ആരംഭിച്ചത്. വാളയാറിലെത്തിയപ്പോൾ ഇ - പാസ് നിർബന്ധമായും വേണമെന്ന് ഉദ്യോഗസ്ഥർ നിലപാടെടുത്തതോടെ ഇവരുടെ കാര്യം ആശങ്കയിലായി. എന്നാൽ കളക്ടർമാരുടെ അനുമതി ഉള്ളതിനാൽ ഇവരെ വിട്ടയക്കാൻ തീരുമാനിച്ചു.

വിദ്യാർത്ഥികളുടെയടക്കം മെഡിക്കൽ ടെസ്റ്റ് നടന്നുകഴിഞ്ഞാൽ ഇവർക്ക് യാത്ര തുടരാനാവും. 22 വിദ്യാർത്ഥികളും അധ്യാപകരും രക്ഷിതാക്കളും അടക്കം 34 പേരാണ് യാത്രാ സംഘത്തിലുള്ളത്. അതേസമയം പാസില്ലാതെയും വരും ദിവസങ്ങളിലെ പാസുള്ളവരുമായി 35 ലേറെ പേർ വാളയാർ അതിർത്തിയിൽ കുടുങ്ങിക്കിടക്കുന്നുണ്ട്. ഇവരെ കോയമ്പത്തൂരിലെ സ്വകാര്യ കോളേജിൽ ഒരുക്കിയ താത്കാലിക കേന്ദ്രത്തിലേക്ക് മാറ്റുമെന്നാണ് വിവരം. ഇവർക്ക് രണ്ട് ദിവസത്തിനുള്ളിൽ പാസ് അനുവദിച്ച് നാട്ടിലേക്ക് തിരിച്ചയക്കാനാണ് തീരുമാനം. മുൻഗണനാ ക്രമം അടക്കം നടപ്പിലാക്കാനുള്ള സാധ്യതയാണ് ജില്ലാ ഭരണകൂടം തേടുന്നത്.
 

click me!