
തിരുവനന്തപുരം: കാണികൾക്ക് ആവേശകരമായ വിരുന്നൊരുക്കി തിരുവനന്തപുരത്ത് നാവിക സേനയുടെ ശക്തി പ്രകടനം. നാവിക സേന ദിനാഘോഷത്തിൻ്റെ ഭാഗമായി നടന്ന അഭ്യാസ പ്രകടനത്തിൽ രാഷ്ട്രപതി ദ്രൗപതി മുർമു മുഖ്യാതിഥിയായി. നാവിക സേന സൂപ്പർ പവറായി മാറിയെന്ന് രാഷ്ട്രപതി പറഞ്ഞു. കടൽക്കൊള്ളക്കാർക്ക് നേരെ കടുത്ത നടപടികൾ സേന സ്വീകരിച്ചെന്നും ഐ എൻ എസ് വിക്രാന്ത് അടക്കം രാജ്യത്തിൻ്റെ അഭിമാനമാണെന്നും ദ്രൗപതി മുർമു കൂട്ടിച്ചേര്‍ത്തു. കേരളത്തിൻ്റെ നാവിക പാരമ്പര്യം നാവിക സേനക്ക് കരുത്താകുമെന്ന് രാഷ്ട്രപതി പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയൻ, ഗവർണർ രാജേന്ദ്ര ആർലേക്കർ എന്നിവരും ചടങ്ങിൽ മുഖ്യാതിഥികളായി.
വൈകീട്ട് അഞ്ചേകാലോടെ നീലാകാശത്തേയും നീലക്കടലിനേയും സാക്ഷിയാക്കി നാവിക സേന ഒരുക്കിയത് വിസ്മയ കാഴ്ചകളാണ്. ഓപ്പറേഷൻ സിന്ദൂറിന് ശേഷം നടന്ന നാവിക സേന ദിനാഘോഷത്തിൽ കരുത്തുറ്റ പ്രകടനങ്ങളാണ് സേന കാഴ്ച വെച്ചത്. 19 പ്രധാന യുദ്ധക്കപ്പലുകളടക്കം നാൽപ്പതിലേറെ പടക്കപ്പലുകളും അന്തർവാഹിനിയും 32 പോർവിമാനങ്ങളുമാണ് സേനയുടെ കരുത്തറിയിച്ച് തിരുവനന്തപുരം ശംഖുമുഖത്ത് അണിനിരന്നത്. മറീൻ കമാൻഡോസിൻ്റെ സാഹസിക പ്രകടനം ശബ്ദമടക്കിയാണ് കാണികൾ കണ്ടത്. കൊച്ചിയിൽ നിർമിച്ച വിമാനവാഹിനിക്കപ്പൽ വിക്രാന്തും ശക്തി പ്രകടനം കാഴ്ചവെച്ചു. അറബിക്കടലിനെ കീറി മുറിച്ചെത്തിയ ഐഎന്‍എസ് വിക്രാന്തിൽ നിന്ന് മിഗ്29 പറന്ന് പൊങ്ങിയതോടെ നിർത്താത്ത കയ്യടി ഉയര്‍ന്നു.
നാവികസേനാ ദിനാഘോഷത്തിൽ പങ്കെടുക്കാനെത്തിയ രാഷ്ട്രപതി ദ്രൗപദി മുർമു നാളെ രാവിലെ 9.45ന് ദില്ലിയിലേക്ക് മടങ്ങും. ശംഖുമുഖത്ത് നാവികസേനാ പരിപാടിയിൽ മുഖ്യാതിഥിയായി പങ്കെടുത്ത ശേഷം ലോക്ഭവനിലാണ് രാഷ്ട്രപതി തങ്ങുക. തിരുവനന്തപുരം നഗരത്തിൽ ഇന്നും ഗതാഗത നിയന്ത്രണമുണ്ടാകും. രാവിലെ ആറ് മുതൽ പതിനൊന്ന് വരെ കവടിയാർ, വെള്ളയമ്പലം, മ്യൂസിയം, പാറ്റൂർ, ചാക്ക, ശംഖുമുഖം റോഡിൽ ഇരുവശങ്ങളിലും പാർക്കിങ് നിരോധിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam