കൊച്ചിയില്‍ നാവികസേനയുടെ ഗ്ലൈഡർ തകർന്ന് രണ്ട് പേർ മരിച്ചു; അന്വേഷണം

By Web TeamFirst Published Oct 4, 2020, 9:34 AM IST
Highlights

നാവികസേനയുടെ ആസ്ഥാനത്തിന് സമീപത്തുള്ള തോപ്പുംപടി ബിഒടി പാലത്തിന് സമീപമുള്ള നടപ്പാതയിലേക്കാണ് ഗ്ലൈഡർ തകർന്ന് വീണത്. 

കൊച്ചി: എറണാകുളത്ത് നാവികസേനയുടെ ഗ്ലൈഡർ തകർന്നുണ്ടായ അപകടത്തില്‍ ഗുരുതര പരിക്കേറ്റ രണ്ട് നാവികസേന ഉദ്ദ്യോഗസ്ഥരും മരിച്ചു. ഉത്തരാഖണ്ഡ് സ്വദേശി രാജീവ് ത്സാ, ബീഹാർ സ്വദേശി സുനിൽ കുമാർ എന്നിവരാണ് മരിച്ചത്. ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും ഇവരുവരും മരിച്ചിരുന്നു. അതേസമയം, അപകടത്തെ കുറിച്ച് അന്വേഷിക്കാൻ പ്രത്യേക ബോർഡിനെ നിയോഗിച്ചു.

പരിശീലന പറക്കലിന് ഉപയോഗിക്കുന്ന ചെറുവിമാനമാണ് ഗ്ലൈഡര്‍. ഇതില്‍ രണ്ട് പേര്‍ക്കാണ് സഞ്ചരിക്കാന്‍ സാധിക്കുക. ഇന്ന് രാവിലെ ഏഴ് മണിയോടെ നാവിക സേനയുടെ ക്വാര്‍ട്ടേഴ്‌സില്‍ നിന്ന് പരിശീലനത്തിനായി പോകുമ്പോഴാണ് അപകടം ഉണ്ടായത്. നാവികസേനയുടെ ആസ്ഥാനത്തിന് സമീപത്തുള്ള തോപ്പുംപടി ബിഒടി പാലത്തിന് സമീപമുള്ള നടപ്പാതയിലേക്കാണ് ഗ്ലൈഡർ തകർന്ന് വീണത്.

ഐ എൻ എസ് ഗരുഡയിൽ നിന്ന് പറന്നുയർന്ന ഉടനെയാണ് അപകടം ഉണ്ടായത്. എന്നാല്‍, എന്താണ് അപകടത്തിന് കാരണമെന്ന് വ്യക്തമല്ല. ഗ്ലൈഡറിലുണ്ടായിരുന്ന ഒരു ഓഫീസറും ഒരു സൈലറും ആണ് അപകടത്തില്‍ മരിച്ചത്. അപകടം സംഭവിച്ച ഗ്ലൈഡര്‍ സ്ഥലത്ത് നിന്നും മാറ്റിയിട്ടുണ്ട്.

click me!