തനിക്കെതിരെ ഉയരുന്ന ആരോപണങ്ങളിൽ പ്രതികരണവുമായി മുട്ടട വാർഡിലെ വിജയി വൈഷ്ണ സുരേഷ് രംഗത്ത്. താൻ പിആർ ഏജൻസികളെ ഉപയോഗിച്ചിട്ടില്ല. സിനിമയിലേക്കും ഇല്ല. ഇത്തരം വ്യാജ പ്രചരണങ്ങളിൽ നടപടിയുണ്ടാകുമെന്നും വൈഷ്ണ. 

തിരുവനന്തപുരം: തനിക്കെതിരെ ഉയരുന്ന ആരോപണങ്ങളിൽ പ്രതികരണവുമായി വൈഷ്ണ സുരേഷ്. തദ്ദേശ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് കേരളമാകെ ചർച്ചാ വിഷയമായ മുട്ടട വാർഡിൽ നിന്നായിരുന്നു കോൺഗ്രസ് സ്ഥാനാർത്ഥി വൈഷ്ണ സുരേഷ് വിജയിച്ചു കയറിയത്. തെരഞ്ഞെടുപ്പിന് മുന്നെയോ തെരഞ്ഞെടുപ്പ് സമയത്തോ അതിനു ശേഷമോ തനിക്കായി പി ആർ ചെയ്തിട്ടില്ലെന്നും താൻ സിനിമയിലേക്കിറങ്ങുന്നുവെന്നത് തെറ്റായ പ്രചരണമാണെന്നും വൈഷ്ണ ഫേസ്ബുക്കിലൂടെ കുറിച്ചു. ബിജെപ്പിയെ പോലുള്ള ഒരു പ്രസ്ഥാനത്തിന്റെ വളർച്ചയും തിരുവനന്തപുരം കോർപ്പറേഷനിൽ അവർ അധികാരത്തിലേയ്ക്ക് എത്തുന്ന സാഹചര്യത്തെയും വളരെ ഗൗരവത്തോടെയാണ് നോക്കിക്കാണുന്നത്. തനിക്കെതിരെ പ്രചരിക്കുന്ന വ്യാജ പ്രചരണങ്ങളിൽ വേണ്ട നടപടികൾ സ്വീകരിച്ചു മുമ്പോട്ട് പോകാനാണ് തീരുമാനമെന്നും വൈഷ്ണ സുരേഷ്.

വൈഷ്ണ സുരേഷിന്റെ ഫേസ്ബുക്ക് പോസ്റ്റ്:

വൈഷ്ണ സുരേഷിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം:

'തിരഞ്ഞെടുപ്പിന് മൂന്നെയോ തിരഞ്ഞെടുപ്പ് സമയത്തോ അതിനു ശേഷമോ ഏതെങ്കിലും ഒരു PR ഏജൻസിയുടെയും സഹായം ആവശ്യപ്പെടുകയോ അവരെ ഉപയോഗിച്ച് പ്രചാരണം നടത്തുകയോ ചെയ്യേണ്ട ആവശ്യകത എനിക്കോ എന്റെ തിരഞ്ഞെടുപ്പ് കമ്മിറ്റിക്കോ ഉണ്ടായിട്ടില്ല.

തിരുവനന്തപുരം കോർപ്പറേഷനിലെ മുട്ടട എന്ന എന്റെ വാർഡിലെ എനിക്കറിയാവുന്ന എന്റെ നാട്ടുകാരിലേയ്ക്ക് വോട്ട് അഭ്യർത്ഥിച്ചു ചെല്ലുമ്പോൾ കേരളം മുഴുവൻ കാണുന്ന സോഷ്യൽ മീഡിയ പേജിലൂടെയുള്ള പ്രചാരണത്തിന്റെ ആവശ്യമില്ല എന്ന ബോദ്ധ്യം ഞങ്ങൾക്ക് ഉണ്ടായിരുന്നു.

എങ്കിലും അപ്രതീക്ഷിതമായി ഉണ്ടായ സംഭവവികാസങ്ങളെ തുടർന്ന് കിട്ടിയ വാർത്താ പ്രാധാന്യവും, മുട്ടട വാർഡ് ചർച്ചയാവുകയും ചെയ്തതോടെ കോൺഗ്രസ് അനുകൂല പേജുകളിലും മറ്റു നിഷ്പക്ഷ പേജിലൂടെയും പിന്തുണയർപ്പിച്ചും, സ്ഥാനാർത്ഥിത്വവും തുടർ സംഭവങ്ങളും ഉൾപ്പടെ പ്രചരിപ്പിക്കപ്പെട്ടത് കാണുന്നുണ്ടായിരുന്നു.

പ്രതിസന്ധി സമയത്ത് ഹൃദയത്തോട് ചേർത്തു നിർത്തി പിന്തുണച്ചവർക്കും ഒരിക്കൽ കൂടെ നന്ദി പറയുകയാണ് .

എന്നാൽ ഇപ്പോൾ തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം പലതവണയായി പല ഫേസ്ബുക്ക് പേജുകളിൽ കൂടിയും ഞാൻ പറഞ്ഞിട്ടില്ലാത്ത കാര്യങ്ങളും , എനിക്ക് അറിവിലാത്ത കാര്യങ്ങളും എന്റെ ഫോട്ടോ ഉൾപ്പടെ ഉപയോഗിച്ച് പ്രചരിപ്പിക്കുന്നത് നിരവധി സുഹൃത്തുക്കളുടെ ശ്രദ്ധയിൽപെടുകയും അനവധി ചോദ്യങ്ങൾ ഉണ്ടാവുകയും ചെയ്ത സാഹചര്യത്തിലാണ് ഈ പോസ്റ്റ് എഴുതുന്നത് .

പോസ്റ്ററിലെ ലോഗോ മാത്രം മാറ്റം വരുത്തി ഒരേ ഉള്ളടക്കം ഉള്ള ഒരേ വിഷയങ്ങൾ പല പേജിൽ നിന്നുമായി പോസ്റ്റ് ചെയ്യുന്നതിലൂടെ ഇതിനു പിന്നിൽ ഒരു ശക്തി പ്രവർത്തിക്കുന്നുണ്ട് എന്ന കാര്യത്തിൽ സംശയമില്ല. ഞാൻ ഇനി സിനിമയിലേയ്ക്ക് എന്നാണ് ചില സൈബർ ഹാൻഡിലുകൾ പ്രചരിപ്പിക്കുന്നതെങ്കിൽ തദ്ദേശ തിരഞ്ഞെടുപ്പിലെ പാർട്ടികളുടെ പ്രകടനത്തെ പറ്റിയുള്ള വിശകലനമാണ് മറ്റൊരു വിഷയം .

BJP യെ പോലുള്ള ഒരു പ്രസ്ഥാനത്തിന്റെ വളർച്ചയും തിരുവനന്തപുരം കോർപ്പറേഷനിൽ അവർ അധികാരത്തിലേയ്ക്ക് എത്തുന്ന സാഹചര്യത്തെയും വളരെ ഗൗരവത്തോടെയാണ് നോക്കിക്കാണുന്നത് . BJP ക്ക് വളരാനുള്ള സാഹചര്യം ഒരുക്കികൊടുക്കുന്നത് ഇവിടത്തെ CJP സർക്കാർ ആണ്.

മുട്ടടയിൽ ഉൾപ്പടെ LDF മുന്നണിക്ക് കേരളത്തിൽ ഉണ്ടായ വലിയ തിരിച്ചടിയെപ്പറ്റി ഇനി കൂടുതൽ പറയേണ്ടതില്ലല്ലോ. എന്നാൽ പ്രചരിച്ചുക്കൊണ്ടിരിക്കുന്ന അടിസ്ഥാനമില്ലാത്ത, എന്റെ സ്റ്റേറ്റ്മെന്റ് എന്ന് പറയപെടുന്നതിൽ നിന്നും ഒരു കാര്യം ഉറപ്പിച്ചു പറയാം ഇനി UDF ന്റെ കാലം തന്നെയാണ്. എന്റെ മുഖം വെച്ച് ഞാൻ പറഞ്ഞതെന്നും, പറഞ്ഞു പ്രചരിക്കപ്പെടുന്ന ദുഷ്പ്രചാരണങ്ങളെയും കള്ള പ്രചാരണങ്ങളെയും, കാപട്യം കൈമുതലാക്കിയവരെയും പൊതുജനം തിരച്ചറിഞ്ഞ് അകറ്റി നിർത്തണമെന്ന് അഭ്യർത്ഥിക്കുകയാണ്. എന്റെ പേരിൽ പ്രചരിച്ചുക്കൊണ്ടിരുക്കുന്ന ഞാനുമായി ബന്ധമില്ലാത്ത വാർത്തകളിൽ വേണ്ട നടപടികൾ സ്വീകരിച്ചു മുമ്പോട്ട് പോകാനാണ് തീരുമാനം.'- വൈഷ്ണ സുരേഷ്