
തിരുവനന്തപുരം: രാജ്യത്തിന്‍റെ തെക്കൻ മേഖലയിലെ സുരക്ഷ, നിരീക്ഷണം, പരിശോധന എന്നിവയുടെ ഭാഗമായി നാവിക സേനയുടെ കപ്പൽ ഐഎൻഎസ് കബ്ര തലസ്ഥാനത്ത്. കൊച്ചിയിൽ നിന്നും എത്തിയ കപ്പൽ വിഴിഞ്ഞം മാരിടൈം ബോർഡിൻ്റെ പുതിയ വാർഫിലാണ് അടുത്തത്. ഇടവിട്ടുള്ള പട്രോളിങിന്‍റെ ഭാഗമായി കപ്പൽ മുൻപും വിഴിഞ്ഞത്ത് വന്നിട്ടുണ്ട്.
തുറമുഖ ചുമതലയിലുള്ള എസ് വിനുലാൽ, അസി.പോർട് കൺസർവേറ്റർ എം.എസ്.അജീഷ് എന്നിവർ ചേർന്നു കപ്പലിനെ സ്വീകരിച്ചു. നാല് ഓഫിസർമാർ, 42 നാവികർ എന്നിവരുൾപ്പെട്ടതാണ് കബ്ര. നാവിക സേനയിലെ അതിവേഗ ആക്രമണ പരമ്പരയിൽ ഉൾപ്പെടുന്ന പ്രമുഖ കപ്പലാണ് ഐഎൻഎസ് കബ്ര.ആൻഡമാൻ നിക്കോബാർ ദീപ് സമൂഹത്തിലൊന്നിൻ്റെ പേരാണിതിന് നൽകിയിട്ടുള്ളത്. വിഴിഞ്ഞം മേഖലയിലെ പട്രോളിങ് നടപടികൾക്കു ശേഷം കപ്പൽ നാളെ വൈകിട്ടോടെ കൊച്ചിക്കു മടങ്ങും.