
കൊച്ചി: കെറ്റാമെലോൺ ഡാർക്ക്‌നെറ്റ് ലഹരി ഇടപാടിൽ ഇടുക്കി പഞ്ചാലിമേട് റിസോർട്ട് കേന്ദ്രീകരിച്ച് അന്വേഷണം നടത്താൻ നാർകോട്ടിക്സ് കണ്ട്രോൾ ബ്യൂറോ (എൻസിബി). അറസ്റ്റിലായ റിസോർട്ട് നടത്തിപ്പ്കാരൻ ഡിയോൾ എഡിസന്റെ ഉറ്റ സുഹൃത്തെന്നും കണ്ടെത്തൽ. ഒന്നര വർഷമായി മാസത്തിൽ ഒരു തവണയെങ്കിലും ഡിയോളും എഡിസനും റിസോർട്ടിൽ ഒത്തു ചേർന്നിരുന്നു. റിസോർട്ടിൽ ഇരുന്നും ഡാർക്ക് നെറ്റ് ഉപയോഗിച്ചു എന്ന് എൻസിബിയുടെ കണ്ടെത്തൽ. ഡിയോൾ നേരത്തെയും ലഹരി ഇടപാടിൽ പിടിയിലായിരുന്നു. എഡിസനൊപ്പം പിടിയിലായ അരുൺ തോമസാണ് ലഹരി പാർസലുകൾ കൈകാര്യം ചെയ്തിരുന്നത്. ഒടുവിൽ വന്ന പാർസലും പോസ്റ്റ് ഓഫീസിൽ നിന്ന് ശേഖരിച്ചത് അരുൺ. പ്രതികൾക്കായി കസ്റ്റഡി അപേക്ഷ സമർപ്പിച്ച് എൻസിബി. തിങ്കളാഴ്ച പ്രതികളെ കോടതിയിൽ ഹാജരാക്കും.
എഡിസൺ വഴി പതിനായിരത്തിലേറെ പേരിലേക്ക് ലഹരി ഒഴുകിയെത്തിയതായാണ് കണ്ടെത്തൽ. ബെംഗളൂരുവിലേക്കും പൂനെയിലേക്കുമാണ് ഏറ്റവും കൂടുതൽ പാർസലുകൾ അയച്ചത്. ഇടപാടുകാരും ഇടനിലക്കാരും കോഡ് ഭാഷകളിലൂടെയാണ് ആശയവിനിമയം നടത്തുന്നത്. ഇത് കണ്ടെത്തുക ശ്രമകരമെന്നാണ് നർക്കോട്ടിക് കൺട്രോൾ ബ്യൂറോ റിപ്പോർട്ട്. ഡാർക്ക് നെറ്റിലൂടെ കോഡ് ഭാഷകൾ ഉപയോഗിച്ച് നടത്തിയ ലഹരി ഇടപാടിന്റെ ചുരുളഴിക്കുകയാണ് എൻസിബിയുടെ ലക്ഷ്യം. എഡിസന്റെ കുടുംബത്തിന്റെ മൊഴിയും എൻസിബി ഉടൻ എടുക്കും.