
തിരുവനന്തപുരം: എന്‍സിഇആര്‍ടി പാഠഭാഗങ്ങള്‍ വെട്ടി മാറ്റുന്നതുമായി ബന്ധപ്പെട്ട മുന്‍ നിലപാടില്‍ കേരളം ഉറച്ചുനില്‍ക്കുന്നുവെന്ന് മന്ത്രി വി ശിവന്‍കുട്ടി. അയോധ്യയിലെ ബാബറി മസ്ജിദ് തകര്‍ത്തതും ഗുജറാത്ത് കലാപത്തില്‍ മുസ്ലിം വിഭാഗക്കാരെ കൊലപ്പെടുത്തിയതും തുടങ്ങി നിരവധി ചരിത്ര വസ്തുതകള്‍ പാഠപുസ്തകങ്ങളില്‍ നിന്ന് മായ്ക്കാന്‍ ആണ് എന്‍സിഇആര്‍ടി ശ്രമിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.
നേരത്തെയും ശാസ്ത്ര, സമൂഹശാസ്ത്ര, ചരിത്ര, രാഷ്ട്ര മീമാംസ പാഠപുസ്തകങ്ങളില്‍ നിന്ന് വ്യാപകമായ വെട്ടി മാറ്റലുകള്‍ എന്‍സിഇആര്‍ടി നടത്തിയിരുന്നു. അതിനോട് കേരളം പ്രതികരിച്ചത് ഇവ ഉള്‍ക്കൊള്ളിച്ചുള്ള അഡീഷണല്‍ പാഠപുസ്തകങ്ങള്‍ പുറത്തിറക്കിയാണ്. കുട്ടികള്‍ യാഥാര്‍ത്ഥ്യം പഠനത്തിലൂടെ മനസിലാക്കണം എന്നതാണ് കേരളത്തിന്റെ നിലപാട്. വളച്ചൊടിക്കപ്പെട്ട ചരിത്രമോ വികലമാക്കപ്പെട്ട ശാസ്ത്ര നിലപാടുകളോ സംസ്ഥാനം അംഗീകരിക്കില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ആ നിലപാടുകള്‍ തുടരുമെന്നും മന്ത്രി വ്യക്തമാക്കി.
അയോധ്യ രാമക്ഷേത്രത്തിലെ പ്രതിഷ്ഠ പൂര്‍ത്തിയായതിന് പിന്നാലെയാണ് പാഠപുസ്തകത്തില്‍ എന്‍സിഇആര്‍ടി മാറ്റം വരുത്തിയത്. 2024-25 അധ്യയന വര്‍ഷത്തെ പന്ത്രണ്ടാം ക്ലാസ് പൊളിറ്റിക്കല്‍ സയന്‍സിന്റെ പുസ്തകത്തിലാണ് മാറ്റം വരുത്തിയിരിക്കുന്നത്. സ്വാതന്ത്ര്യത്തിന് ശേഷമുള്ള ഇന്ത്യയിലെ രാഷ്ട്രീയമെന്ന എട്ടാം അധ്യായത്തിലാണ് ബാബ്‌റി മസ്ജിദ് തകര്‍ത്തത് ഉണ്ടായിരുന്നത്. 1986ല്‍ പൂട്ട് തുറന്നതും അയോധ്യയിലെ സംഘര്‍ഷവുമെല്ലാം പുസ്തകത്തില്‍ പ്രതിപാദിച്ചിരുന്നു. എന്നാല്‍ രാമജന്മഭൂമിക്ക് മേലുണ്ടായിരുന്ന വര്‍ഷങ്ങള്‍ നീണ്ട നിയമപ്രശ്‌നവും തര്‍ക്കവും രാഷ്ട്രീയത്തെ സ്വാധീനിച്ചുവെന്നും അത് മാറ്റങ്ങള്‍ക്ക് കാരണമായെന്നും പുതിയ പാഠഭാഗത്തില്‍ പറയുന്നു.
മതേതരത്വത്തെയും ജനാധിപത്യത്തെ കുറിച്ചുള്ള ചര്‍ച്ചകളുടെ ദിശയെ തന്നെ അത് മാറ്റി മറിച്ചു. തുടര്‍ന്ന് സുപ്രീംകോടതി വിധിയിലൂടെ രാമക്ഷേത്രം നിര്‍മിക്കാന്‍ കാരണമായെന്നുമാണ് പുതിയ പാഠഭാഗത്തില്‍ പരാമര്‍ശിച്ചിരിക്കുന്നത്. അധ്യായത്തിന്റെ തുടക്കത്തിലും അവസാനത്തിലുമുള്ള മൂന്ന് ഭാഗത്ത് നിന്ന് ബാബ്‌റി മസ്ജിദിനെ കുറിച്ചുള്ള പരാമര്‍ശം എന്‍സിഇആര്‍ടി ഒഴിവാക്കിയിട്ടുണ്ട്.
'അന്നദാതാവാണ്, പരിഗണന നല്‍കണം'; 10 നിര്‍ദേശങ്ങള്‍, വമ്പന്‍ മാറ്റങ്ങള്‍ക്കൊരുങ്ങി കെഎസ്ആര്‍ടിസി
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam