
തിരുവനന്തപുരം: പാലാ നിയമസഭ സീറ്റിനെ ചൊല്ലി എന്‍സിപി മുന്നണി വിടുന്നെങ്കില്‍ തടയേണ്ടെന്ന് സിപിഎം. എല്‍ഡിഎഫിലിരിക്കെ, യുഡിഎഫുമായി എന്‍സിപി പിന്‍വാതില്‍ ചര്‍ച്ചകള്‍ നടത്തിയതാണ് സിപിഎമ്മിനെ ചൊടിപ്പിക്കുന്നത്. സിപിഐ നിലപാടും ശരദ്പവാര്‍ നടത്തുന്ന നീക്കങ്ങളുമാകും എന്‍സിപി ഫ എല്‍ഡിഎഫ് ബന്ധത്തില്‍ ഇനി നിര്‍ണായകം.
പാലാ, കുട്ടനാട്, എലത്തൂര്‍, കോട്ടയ്ക്കല്‍ സീറ്റുകളിലും മത്സരിക്കുമെന്നാണ് എന്‍സിപി നിലപാട്. ആദ്യം മയത്തില്‍ പറഞ്ഞ് തുടങ്ങിയ എന്‍സിപി മുംബൈ ചര്‍ച്ചകള്‍ക്ക് ശേഷം പ്രതികരണങ്ങളും കടുപ്പിച്ചു. തദ്ദേശ തെരഞ്ഞെടുപ്പിലെ മികച്ച വിജയത്തില്‍ ജോസ് വിഭാഗത്ത പ്രകീര്‍ത്തിച്ച സിപിഎം, പാലാ സീറ്റ് എന്ന അടിസ്ഥാന ആവശ്യത്തില്‍ ജോസിനെ പിണക്കില്ല എന്ന സൂചനയും നല്‍കി. പാലാ സീറ്റിലെ തര്‍ക്കത്തിനിടയില്‍ എന്‍സിപി യുഡിഎഫുമായി അനൗപചാരികമായ ചര്‍ച്ച നടത്തിയതാണ് സിപിഎം എന്‍സിപി ബന്ധത്തിലെ പ്രധാന വിള്ളല്‍. തദ്ദേശ തെരഞ്ഞെടുപ്പിലെ വിജയം സംബന്ധിച്ച ടിപി പീതാംബരന്റെ വിവാദ പ്രസ്താവനയും അതിനുള്ള സിപിഎം മറുപടി കൂടി വന്നതോടെ ശീതയുദ്ധത്തിനും ചൂടേറി
എന്‍സിപി മുന്നണി വിട്ടാല്‍ ബോണസ് സിപിഎമ്മിന് തന്നെ. പാലാ സീറ്റ് ജോസ് വിഭാഗത്തിന് ലഭിക്കും. അതെ സമയം കുട്ടനാടും എലത്തൂരും സിപിഎമ്മിന് ഏറ്റെടുക്കാന്‍ കഴിയുന്ന സാഹചര്യവുമുണ്ടാകും. എ കെ ശശീന്ദ്രന്‍ ഇടതുമുന്നണിക്കൊപ്പമെങ്കിലും എലത്തൂര്‍ നല്‍കുന്ന കാര്യത്തില്‍ ഉറപ്പില്ല. സിപിഎം ശക്തികേന്ദ്രത്തില്‍ പ്രാദേശിക ഘടകങ്ങളുടെ വികാരവും സംസ്ഥാനനേതൃത്വം മുഖവിലക്കെടുക്കുന്നു. കോട്ടയ്ക്കല്‍ സീറ്റ് ഐഎന്‍എല്ലിനോ ഇടത് സ്വതന്ത്രനോ നല്‍കാന്‍ വഴിയൊരുങ്ങും. സിറ്റിംഗ് സീറ്റുകള്‍ ഉറപ്പിക്കാന്‍ ശരദ് പവാര്‍ നേരിട്ട് സിപിഎം കേന്ദ്രനേതൃത്വവുമായി ചര്‍ച്ചകള്‍ നടത്താനും സാധ്യതയേറി.
പിളര്‍പ്പിന്റെ വക്കില്‍ എന്‍സിപി
പിളര്‍പ്പിലേക്കെന്ന സൂചനകള്‍ക്കിടെ എന്‍സിപിയിലെ ഇരു വിഭാഗങ്ങളു ജില്ലകള്‍ തോറും സമാന്തര യോഗങ്ങളും പരിപാടികളും സംഘടിപ്പിക്കുകയാണ്. അന്തരിച്ച നേതാവ് സി എച്ച് ഹരിദാസ് അനുസ്മരണ സമ്മേളനം ശശീന്ദ്രന്‍ അനുകൂലികള്‍ ഇന്ന് കോട്ടയത്ത് സംഘടിപ്പിക്കും. എന്നാല്‍ സമ്മേളനത്തിന് പാര്‍ട്ടിയുമായി യാതൊരു ബന്ധവുമില്ലെന്ന് എന്‍സിപി ജില്ലാ പ്രസിഡന്റ് സാജു ഫിലിപ്പ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
എന്‍സിപി സംസ്ഥാന കമ്മിറ്റിയംഗവും മുന്‍ കോട്ടയം ജില്ലാ പ്രസിഡന്റുമായ കാണക്കാരി അരവിന്ദാക്ഷന്റെ പേരിലെ ഒരു കത്താണ് എന്‍സിപി പിളര്‍പ്പിലേക്കെന്ന സൂചന നല്‍കുന്നത്. എന്‍സിപി സംസ്ഥാന കമ്മിറ്റിയുടെ ലെറ്റര്‍പാഡില്‍ എകെ ശശീന്ദ്രന്‍ നിര്‍ദ്ദേശിച്ചത് അനുസരിച്ച് എല്ലാ ജില്ലകളിലും കോണ്‍ഗ്രസ് എസ് നേതാവായിരുന്ന സിഎച്ച് ഹരിദാസിന്റെ അനുസ്മരണം നടത്തണമെന്നാണ് കത്തില്‍ പറയുന്നത്.
കോട്ടയത്തെ പരിപാടിയില്‍ ഇടത് ജനാധിപത്യ മതേതര കൂട്ടായ്മയുടെ ആവശ്യകത എന്ന പേരില്‍ അനുസ്മരണത്തിന് ശേഷം ഒരു സെമിനാറും സംഘടിപ്പിക്കുന്നുണ്ട്. മാണി സി കാപ്പനും പങ്കെടുക്കുമെന്ന് പറയുന്നുണ്ടെങ്കിലും പരിപാടിയുടെ ഉദ്ഘാടകന്‍ സിപിഎം ജില്ലാ സെക്രട്ടറി വിഎന്‍ വാസവനാണ്. പീതാംബരന്‍ മാസ്റ്റര്‍ ഇന്ന് കോട്ടയത്തുണ്ടെങ്കിലും അദ്ദേഹത്തിന് ക്ഷണമില്ല.
എന്നാല്‍ കോട്ടയത്തെ ഇന്നത്തെ പരിപാടി എന്‍സിപിയുടേത് തന്നെയെന്നാണ് സംസ്ഥാന കമ്മിറ്റിയംഗം കാണക്കാരി അരവിന്ദാക്ഷന്റെ മറുപടി. വരുന്ന 15ന് ശേഷം കാപ്പനും പീതാംബരന്‍മാസ്റ്ററും ഉള്‍പ്പടെ എന്‍സിപി ഔദ്യോഗിക പക്ഷം എല്‍ഡിഎഫ് വിടാനൊരുങ്ങി നില്‍ക്കുകയാണ്. അതിന് മുന്‍പ് പരമാവധി ജില്ലാ കമ്മിറ്റികള്‍ പിടിച്ചെടുക്കുകയാണ് പാര്‍ട്ടിയിലെ ഇരു വിഭാഗത്തിന്റേയും ലക്ഷ്യം. അതിന്റെ ഭാഗമായാണ് ശശീന്ദ്രന്‍ വിഭാഗം എല്ലാം ജില്ലകള്‍ തോറും നടത്തുന്ന ഈ അനുസ്മരണ പരിപാടി. പീതാംബരന്‍ മാസ്റ്ററും സംഘവും എല്ലാം ജില്ലകളിലും യോഗങ്ങള്‍ നടത്തിവരുകയാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam