എൻസിപി പിളർപ്പിലേക്ക്, കാപ്പൻ-ശശീന്ദ്രൻ ചർച്ച അലസി, പാലാ വിടില്ലെന്ന് കാപ്പൻ, മുന്നണി വിടില്ലെന്ന് ശശീന്ദ്രൻ

By Web TeamFirst Published Jan 11, 2021, 12:03 PM IST
Highlights

മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദ്ദേശപ്രകാരം പാല എംഎൽഎ മാണി സി കാപ്പനും മന്ത്രി എകെ ശശീന്ദ്രനും പ്രത്യേകം നടത്തിയ ചർച്ച പരാജയപ്പെട്ടു. നേരത്തെ മുഖ്യമന്ത്രി പിണറായി വിജയൻ ഇരുവരുമായി പ്രത്യേകം ചർച്ച നടത്തിയിരുന്നു

തിരുവനന്തപുരം: സംസ്ഥാന രാഷ്ട്രീയം ഒരു പിളർപ്പിന് കൂടി സാക്ഷിയായേക്കും. പാലാ നിയോജക മണ്ധലത്തിന്റെ പേരിൽ എൻസിപി പിളർപ്പിലേക്കെന്ന് വ്യക്തമായി. മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദ്ദേശപ്രകാരം പാല എംഎൽഎ മാണി സി കാപ്പനും മന്ത്രി എകെ ശശീന്ദ്രനും പ്രത്യേകം നടത്തിയ ചർച്ച പരാജയപ്പെട്ടു.

നേരത്തെ മുഖ്യമന്ത്രി പിണറായി വിജയൻ അനുനയനീക്കവുമായി ഇരുവരുമായി പ്രത്യേകം ചർച്ച നടത്തിയിരുന്നു. മുന്നണിയിൽ ഒരുമിച്ച് പോകണമെന്ന് ഇരുവരോടും മുഖ്യമന്ത്രി നിർദ്ദേശിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇരുവരും പ്രത്യേകം യോഗം ചേർന്നത്.

കേരളാ കോൺഗ്രസ് ജോസ് വിഭാഗത്തിന് വേണ്ടി പാല സീറ്റ് വിട്ട് നൽകില്ലെന്ന് മാണി സി കാപ്പൻ ആവർത്തിച്ചു. നിലവിൽ സീറ്റ് ചർച്ചകളൊന്നും ഇടത് മുന്നണിയിൽ നടന്നിട്ടില്ലെന്നും പുതിയ പാർട്ടികൾ കൂടി വന്ന സ്ഥിതിക്ക് കഴിഞ്ഞ തവണത്തേത് പോലെ നാല് സീറ്റ് എന്നതിൽ ഉറച്ച് നിൽക്കാൻ സാധിക്കില്ലെന്നും  പാലാ സീറ്റ് സംബന്ധിച്ച് ഉറപ്പൊന്നും പറയാൻ സാധിക്കില്ലെന്നും ശശീന്ദ്രൻ നിലപാടെടുത്തു. ഇതോടൊപ്പം താൻ  ഇടത് മുന്നണി വിടാനില്ലെന്നും ശശീന്ദ്രനും നിലപാടെയുത്തതോടെയാണ് ചർച്ച പരാജയമായത്. ഇതോടെ എൻസിപിയിൽ പിളർപ്പ് ഉറപ്പായി. രണ്ട് ദിവസത്തിനകം പ്രഖ്യാപനം ഉണ്ടായേക്കുമെന്നാണ് വിവരം. 

അതേ സമയം എൻസിപി സംസ്ഥാന അധ്യക്ഷൻ ടി.പി. പീതാംബരൻ നാളെ മുഖ്യമന്ത്രിയുമായി ചർച്ച നടത്തും. പ്രശ്നത്തിൽ മുക്യമന്ത്രി ഇടപെടുന്നതിൽ സന്തോഷമുണ്ടെന്ന് പീതാംബരൻ മാസ്റ്റർ മാധ്യമങ്ങളോട് പ്രതികരിച്ചു. പാലാ സീറ്റ്‌ കേരള കോൺഗ്രസിന് വിട്ടു കൊടുക്കാൻ മുന്നണിക്ക് കഴിയില്ലെന്ന് പീതാംബരൻ മാസ്റ്റർ ആവർത്തിച്ചു. പാലായ്ക്ക് പകരം മറ്റൊരു സീറ്റെന്ന ചർച്ചയില്ല. ജോസ് കെ മണിയോ വഴിയേ പോകുന്നവരോ ചോദിച്ചാൽ സീറ്റ്‌ വിട്ടു കൊടുക്കാനാകില്ല. പാലാ സീറ്റിൽ ജോസ് കെ മാണി അവകാശം ഉന്നയിച്ചപ്പോൾ സിപിഎം പ്രതികരിച്ചില്ല. അതിനെന്തു ന്യായീകരണം ആണുള്ളത്. എൻസിപി ദേശീയ അധ്യക്ഷൻ ശരത് പവറുമായും സിതാറാം  യെച്ചൂരിയുമായും ചർച്ച നടത്തിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. 

 

click me!