
തിരുവനന്തപുരം: എൻസിപി താത്കാലിക സംസ്ഥാന പ്രസിഡന്റിനെ ഒരാഴ്ചക്കുള്ളിൽ തീരുമാനിക്കും. കേന്ദ്ര നേതൃത്വമാണ് ഇക്കാര്യത്തിൽ തീരുമാനമെടുക്കുക. എകെ ശശീന്ദ്രനെ മന്ത്രിസ്ഥാനത്ത് നിന്ന് മാറ്റി പകരം മന്ത്രിയാകാനുള്ള നീക്കം മാണി സി കാപ്പൻ സജീവമാക്കി. എന്നാൽ ഇക്കാര്യത്തിൽ ഫെബ്രുവരിയോടെ മാത്രമേ തീരുമാനം ഉണ്ടാകൂ എന്നാണ് വിവരം.
പാർട്ടിയ്ക്ക് പുതിയ പ്രസിഡന്റ്, കുട്ടനാട് ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥി, മാണി സി കാപ്പന്‍റെ മന്ത്രി സ്ഥാനം തുടങ്ങി തോമസ് ചാണ്ടിയുടെ മരണത്തോടെ എൻസിപിയ്ക്ക് അകത്ത് ഉരുത്തിരിഞ്ഞുവന്ന തലവേദനകൾ നിരവധിയാണ്. അടുത്തയാഴ്ച കേരളത്തിലെത്തുന്ന കേന്ദ്ര നേതാക്കള്‍ പാർട്ടി സംസ്ഥാന നേതൃത്വത്തിന്റെ അഴിച്ചുപണിക്കുള്ള ചര്‍ച്ചകൾ തുടങ്ങും.
മാണി സി കാപ്പനെയും എ കെ ശശീന്ദ്രനെയുമാണ് സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് പരിഗണിക്കുന്നത്. പ്രസിഡൻറാകാനില്ലെന്നാണ് കാപ്പന്‍റെ നിലപാട്. പാലാ സുരക്ഷിത മണ്ഡലമാക്കാൻ മാണി സി കാപ്പനെ മന്ത്രിയാക്കണമെന്ന അഭിപ്രായം സിപിഎമ്മിനുമുണ്ടെന്നാണ് വിവരം. ഇക്കാര്യത്തിൽ കേന്ദ്ര നേതൃത്വം എടുക്കുന്ന ഏത് തീരുമാനവും അംഗീകരിക്കുമെന്ന് ടി.പി പീതാംബരൻ പറഞ്ഞു. പാർട്ടിയുടെ താത്കാലിക സംസ്ഥാന പ്രസിഡന്റായി ടിപി പീതാംബരനെ നിയമിക്കുമെന്നാണ് വിവരം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam