
തിരുവനന്തപുരം: തോമസ് കെ തോമസിനെ മന്ത്രിയാക്കിയില്ലെങ്കിൽ പാർട്ടിക്ക് മന്ത്രി വേണ്ടെന്ന് എൻസിപി സംസ്ഥാന നേതൃത്വം. എൻസിപിയുടെ മന്ത്രിസ്ഥാനം സംബന്ധിച്ച് പി സി ചാക്കോയും തോമസ് കെ തോമസും നാളെ ശരത് പവാറുമായി ചർച്ച നടത്തും. ശരത് പവാറിനെ കൊണ്ട് മുഖ്യമന്ത്രിയിൽ സമ്മർദം ചെലുത്താനാണ് നീക്കം.
അതേസമയം, മന്ത്രിയെ മാറ്റണോ എന്ന് തീരുമാനിക്കേണ്ടത് പാർട്ടിയാണെന്ന് വനംമന്ത്രി എ കെ ശശീന്ദ്രൻ പ്രതികരിച്ചു. അകവും പുറവും പരിശോധിച്ച ശേഷമേ മന്ത്രിയെ മാറ്റുന്നതിൽ എൻസിപി കേന്ദ്ര നേതൃത്വത്തിന് തീരുമാനമെടുക്കാവൂ. മന്ത്രിയെ മാറണം എന്ന് പറയേണ്ടത് വ്യക്തികൾ അല്ല. പാർട്ടി പറഞ്ഞാൽ മന്ത്രിസ്ഥാനം ഒഴിയുമെന്നും ശശീന്ദ്രൻ പറഞ്ഞു. എൻസിപിയുടെ മന്ത്രിയെ മാറ്റുന്നതിൽ മുഖ്യമന്ത്രിയെ ചിലത് ധരിപ്പിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ മറുപടി താൻ കേന്ദ്ര നേതൃത്വത്തെയും അറിയിച്ചിട്ടുണ്ട്. ഇതുകൂടി കേന്ദ്രം പരിഗണിക്കും എന്നാണ് കരുതുന്നതെന്നും എ കെ ശശീന്ദ്രൻ പറഞ്ഞു.
Also Read: 'ന്യൂനപക്ഷങ്ങള സംശയമുനയിലാക്കുന്നു'; കോഴിക്കോട് സിപിഎം നേതാവ് പാർട്ടിവിട്ട് കോൺഗ്രസിൽ ചേർന്നു
ഏറെനാളായി തർക്കത്തിലുള്ള എൻസിപിയിലെ മന്ത്രിമാറ്റത്തിൽ അന്തിമ നീക്കത്തിലാണ് പി സി ചാക്കോയും തോമസും. അവസാന വട്ടശ്രമമെന്ന നിലക്കാണ് ശരത് പവാർ വഴിയുള്ള ഇടപെടൽ. ദേശീയ നേതൃത്വം വരെ അംഗീകരിച്ച മന്ത്രിമാറ്റത്തിൽ അപ്രതീക്ഷിത ഉടക്കിട്ടത് മുഖ്യമന്ത്രിയാണ്. കൂറുമാറാൻ 100 കോടി കോഴ വാഗ്ദാനം ചെയ്തെന്ന വിവാദത്തിൽ തോമസിനെ മന്ത്രിയാക്കാൻ പറ്റില്ലെന്ന് മുഖ്യമന്ത്രി ഉറച്ചനിലപാടെടുത്തു. ഇതോടെ മന്ത്രിമാറ്റ നീക്കം വഴിമുട്ടി. തോമസില്ലെങ്കിൽ പാർട്ടിക്ക് മന്ത്രി വേണ്ടെന്ന നിലപാടെടുത്താണ് കേരള എൻസിപിയുടെ പുതിയ തന്ത്രം. പവാറിനെ കൊണ്ട് മുഖ്യമന്ത്രിയിൽ സമ്മർദ്ദമുണ്ടാക്കുക, സിപിഎം കേന്ദ്ര നേതാക്കളുടെ ഇടപെടലിനും ശ്രമിക്കുക ഇതൊക്കെയാണ് പദ്ധതി. അതൃപ്തനാണെങ്കിലും പാർട്ടിക്ക് വേണ്ടെങ്കിൽ വേണ്ട എന്നാണ് ശശീന്ദ്രൻ്റെ നിലപാട്. മന്ത്രിമാറ്റത്തിന് ധാരണയുണ്ടെന്ന വാദം ശശീന്ദ്രൻ ഇപ്പോഴും അംഗീകരിക്കുന്നില്ല.
പാർട്ടി തീരുമാനിച്ചിട്ടും മന്ത്രിമാറ്റം നടപ്പാകാത്തതിൽ കഴിഞ്ഞ ദിവസം ചേർന്ന എൻസിപി നേതൃയോഗത്തിൽ വലിയ വിമർശനമുണ്ടായി. ഇടത് മുന്നണിയിൽ പാർട്ടിക്ക് ഒരു വിലയും കിട്ടുന്നില്ലെന്ന് വരെ അംഗങ്ങൾ കുറ്റപ്പെടുത്തി. ദില്ലി വഴിയുള്ള സമ്മർദ്ദത്തിൽ മന്ത്രിമാറ്റത്തിന് മുഖ്യമന്ത്രി വഴങ്ങുമോ എന്നാണ് ഇനി പ്രധാനം. മുഖ്യമന്ത്രിയിൽ ഇപ്പോഴും ശശീന്ദ്രന് പ്രതീക്ഷയുണ്ട്. ഒപ്പമുള്ള മന്ത്രിയെ ഇല്ലാതാക്കുന്നതിൽ പാർട്ടിക്കുള്ളിൽ ചില നേതാക്കൾക്കുള്ള എതിർപ്പിലുമുണ്ട് ശശീന്ദ്രന്‍റെ കണ്ണ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം