പാലായിലുറച്ച് എൻസിപി; മാണി സി കാപ്പൻ കേന്ദ്രനേതൃത്വത്തെ കണ്ടു; സിപിഎം നേതാക്കളെ ശരദ് പവാര്‍ കാണും

By Web TeamFirst Published Oct 31, 2020, 6:09 AM IST
Highlights

വിജയം ഉറപ്പുള്ള മറ്റൊരു സീറ്റ് നല്‍കാമെന്ന് എല്‍ഡിഎഫ് ആവര്‍ത്തിക്കുന്നുണ്ടെങ്കിലും കാപ്പനും എൻസിപി നേതൃത്വത്തിനും അതിനോട് താല്‍പ്പര്യമില്ല. ഈ സാഹചര്യത്തിലാണ് സംസ്ഥാന നേതൃത്വം കേന്ദ്ര നേതാക്കളുടെ പിന്തുണ തേടുന്നത്.

തിരുവനന്തപുരം: പാലാ സീറ്റില്‍ വിട്ട് വീഴ്ചയ്ക്കില്ലെന്ന് ആവര്‍ത്തിച്ച് എൻസിപി.ഇക്കാര്യത്തില്‍ കേന്ദ്ര നേതൃത്വത്തിന്‍റെ പിന്തുണ തേടി പീതാംബരൻ മാസ്റ്ററും മാണി സി കാപ്പനും ശരദ്പവാറുമായി കൂടിക്കാഴ്ച നടത്തി.സിപിഎം കേന്ദ്ര നേതൃത്വവുമായി പാലാ സീറ്റ് സംബന്ധിച്ച് ചര്‍ച്ച നടത്താമെന്ന് സംസ്ഥാന നേതാക്കള്‍ക്ക് ശരദ്പവാര്‍ ഉറപ്പ് നല്‍കി.

പാലാ സീറ്റ് ഏതാണ്ട് കേരളാ കോണ്‍ഗ്രസിന് നല്‍കിയത് പോലെയാണ് ഇടത് മുന്നണിയിലെ ചര്‍ച്ചകള്‍. പരസ്യമായി ഇക്കാര്യത്തില്‍ അതൃപ്തി രേഖപ്പെടുത്തിയെങ്കിലും വിട്ട് വീഴ്ചയ്ക്ക് തയ്യാറാകാണമെന്ന സൂചനയാണ് എല്‍ഡിഎഫ് നേതാക്കള്‍ മാണി സി കാപ്പന് നല്‍കുന്നത്. വിജയം ഉറപ്പുള്ള മറ്റൊരു സീറ്റ് നല്‍കാമെന്ന് എല്‍ഡിഎഫ് ആവര്‍ത്തിക്കുന്നുണ്ടെങ്കിലും കാപ്പനും എൻസിപി നേതൃത്വത്തിനും അതിനോട് താല്‍പ്പര്യമില്ല. ഈ സാഹചര്യത്തിലാണ് സംസ്ഥാന നേതൃത്വം കേന്ദ്ര നേതാക്കളുടെ പിന്തുണ തേടുന്നത്.

മാണി സി കാപ്പനും എൻസിപി സംസ്ഥാന അധ്യക്ഷൻ പീതാംബരൻ മാസ്റ്ററും ഇന്നലെ മുംബൈയിലെത്തിയാണ് ശരത് പവാറിനെ കണ്ടത്. പാലാ കിട്ടിയില്ലെങ്കില്‍ മുന്നണി മാറ്റം വേണം എന്നതും ഇരുനേതാക്കളും ശരദ്പവാറിനെ അറിയിച്ചതായാണ് സൂചന. എന്നാല്‍ ശരദ്പവാര്‍ ഇതിനെ അനുകൂലിച്ചില്ല. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഉള്‍പ്പടെയുള്ള നേതാക്കളുമായി വിഷയം ചര്‍ച്ച ചെയ്ത് സമവായത്തിന് ശ്രമിക്കാമെന്ന് ശരദ്പവാര്‍ നേതാക്കള്‍ ഉറപ്പ് നല്‍കി. 

നിയമസഭാ സീറ്റുകളെക്കുറിച്ചുള്ള ഒരു ചര്‍ച്ചയും നടന്നിട്ടില്ലെന്ന് ഇടത് നേതാക്കള്‍ പറയുമ്പോഴും പാലയില്‍ മത്സരിക്കാനുള്ള ഒരുക്കങ്ങള്‍ അണിയറയില്‍ ജോസ് പക്ഷം തുടങ്ങിക്കഴിഞ്ഞു. പാലാ സീറ്റിന്‍റെ പേരില്‍ എന്‍സിപിയിലെ ഭിന്നത മുതലെടുക്കാനാണ് സിപിഎം നീക്കം. കാപ്പൻ നിലപാടിൽ ഉറച്ച് നില്‍ക്കുകയാണെങ്കില്‍ മറുപക്ഷത്തിനെ ഒപ്പം നിര്‍ത്തി മുന്നോട്ട് പോകും. 

click me!