കവളപ്പാറ ഉരുൾപ്പൊട്ടൽ : മുപ്പത് വീട് മണ്ണിനടിയിൽ, എൻഡിആര്‍എഫ് സംഘം ഉടനെത്തും

By Web TeamFirst Published Aug 9, 2019, 2:03 PM IST
Highlights

പാലക്കാട്ടുള്ള എൻഡിആര്‍എഫ് സംഘത്തോട് അടിയന്തരമായി കവളപ്പാറയിലേക്ക് തിരിക്കാൻ റവന്യു മന്ത്രി നിര്‍ദ്ദേശം നൽകി.

മലപ്പുറം: ഉരുൾപ്പൊട്ടലുണ്ടായി വൻ ദുരന്തമുണ്ടായ കവളപ്പാറയിലേക്ക് അടിയന്തരമായി എത്തിച്ചേരാൻ എൻഡിആര്‍എഫ് സംഘത്തിന് നിര്‍ദ്ദേശം. ഉരുൾപ്പൊട്ടലുണ്ടായി ഒരു പ്രദേശമാകെ ഒലിച്ച് പോയ നിലയിലാണ് കവളപ്പാറ പ്രദേശം ഇപ്പോഴുള്ളത്. പാലക്കാടുനിന്ന് എൻഡിആര്‍എഫ് സംഘത്തോട് അടിയന്തരമായി കവളപ്പാറയിലെത്താൻ റവന്യു മന്ത്രി നിര്‍ദ്ദേശം നൽകി. 

വൈദ്യുതിയും വാര്‍ത്താ വിനിമയ ബന്ധങ്ങളും വഴിയും എല്ലാം ഇല്ലാതായ കവളപ്പാറയിലെ അവസ്ഥ ഏറെ മണിക്കൂറിന് ശേഷം അവിടെ എത്തിപ്പെട്ട ഏഷ്യാനെറ്റ് ന്യൂസ് സംഘമാണ് പുറം ലോകത്തെ അറിയിച്ചത്. ഏഴുപതോളം വീടുകളുണ്ടായിരുന്ന പ്രദേശത്ത് മുപ്പത് വീടുകളെങ്കിലും മണ്ണിനടിയിൽ ആയ അവസ്ഥയാണ്. അമ്പതോളം പേരെ കുറിച്ച് യാതൊരു വിവരവും ഇതുവരെ കിട്ടിയിട്ടില്ല.  എസ്പിയുടെ നേതൃത്വത്തിലുള്ള സംഘം ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്തയെ തുടര്‍ന്ന് കവളപ്പാറയിലേക്ക് തിരിച്ചിട്ടുണ്ട്.

 

ഇക്കാണുന്ന ഫോട്ടോയിൽ ഉള്ള സ്ഥലത്ത് വരെ ഒരു വീട് നിന്നിരുന്നു എന്നാണ് നാട്ടുകാര്‍ പറയന്നത്. വീടു നിന്നിരുന്നതിന്‍റെ അടയാളം പോലും ബാക്കിയാക്കാതെയാണ് ഉരുൾപ്പൊട്ടൽ ഉണ്ടായത്. രാത്രി നടന്ന അപകടത്തിന്‍റെ വിവരം അറിയിക്കാവുന്ന വിധം എല്ലാവരെയും അറിയിച്ചിരുന്നു എന്നും ഒരു ദിവസത്തോട് അടുക്കുമ്പോഴും സഹായമൊന്നും കിട്ടാത്ത അവസ്ഥയാണ് ഉള്ളതെന്നും പ്രദേശവാസിയായ സുധീഷ് പറയുന്നു. 

നാല് ദിവസമായി പ്രദേശത്ത് മഴ തുടരുകയാണ്. കാണാതായ ഒരാളെ കുറിച്ച് പോലും വിവരം കിട്ടിയിട്ടില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. 

 

click me!