
തിരുവനന്തപുരം: സംസ്ഥാനത്ത് ബാലനീതി നിയമപ്രകാരം പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ സര്‍ക്കാരിതര സംരക്ഷണ സ്ഥാപനങ്ങളിൽ ആകെയുള്ളത് 9893 കുട്ടികൾ. സംസ്ഥാനത്താകെ 627 സ്ഥാപനങ്ങൾ കുട്ടികളുടെ ക്ഷേമത്തിനും സംരക്ഷണത്തിനും ആയി പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് ബാലാവകാശ കമ്മീഷന്റെ കണക്ക്. പലതരം സാഹചര്യങ്ങളിൽ നിന്ന് വന്നവരും സംരക്ഷണ കേന്ദ്രങ്ങളിൽ എത്തിപ്പെടുന്നവരും ആണ് കുട്ടികളെല്ലാം. ഇതിൽ 168 കുട്ടികൾ നിയമപരപമായ എല്ലാ മാനദണ്ഡങ്ങളും പൂര്‍ത്തിയാക്കി ദത്ത് കാത്തിരിക്കുന്നവരാണ്. അതേസമയം കുട്ടികളെ ദത്തെടുക്കാൻ രജിസ്റ്റര്‍ ചെയ്ത് കാത്തിരിക്കുന്ന കുടുംബങ്ങളുടെ എണ്ണം ഇതിലും എത്രയോ അധികവുമാണ്.
കുട്ടികളുടെ ക്ഷേമത്തിനും ശാരീരിക മാനസിക ആരോഗ്യം സംരക്ഷിക്കുന്നതിനും ചൂഷണങ്ങളില്ലെന്ന് ഉറപ്പാക്കുന്നതിനും പലവിധ പദ്ധതികൾ നടപ്പാക്കിവരുന്നുണ്ടെന്നാണ് ബാലാവകാശ കമ്മീഷൻ അടക്കം ബന്ധപ്പെട്ട ഏജൻസികളുടെ വിശദീകരണം. ദത്ത് നൽകൽ നടപടികൾ നിയമപരമായും വേഗത്തിലും നടപ്പാക്കുന്നതിന് ഒപ്പം ഫോസ്റ്റര്‍ കെയര്‍ പ്രോത്സാഹിപ്പിക്കുന്നതിനും പദ്ധതിയുണ്ട്. തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ കുട്ടികൾക്ക് ഫോസ്റ്റര്‍ കെയര്‍ ഉറപ്പാക്കാൻ നടപടികളെടുക്കുമെന്നാണ് ബാലാവകാശ കമ്മീഷൻ പറയുന്നത്.
സംസ്ഥാനത്തെ വിവിധ ശിശു സംരക്ഷണ സ്ഥാപനങ്ങളിലെ കുട്ടികളുടെ കലാ കരകൗശല മേള ഫെസ്റ്റ് ഓഫ് ഹാപ്പിനസ് 2022 എ മെസ്സേജ് ടു ദി സൊസൈറ്റി എന്ന പേരിൽ സംഘടിപ്പിക്കാനും തീരുമാനം ആയി. ഓഗസ്റ്റ് 7, 8 തീയതികളിൽ തിരുവനന്തപുരത്താണ് മേള ഒരുങ്ങുന്നത്. കുട്ടികളുടെ സംരക്ഷണം സംബന്ധിച്ച് സമൂഹത്തിൽ അവബോധം ഉണ്ടാക്കുന്നതിന് വേണ്ടിക്കൂടിയാണ് മേള സംഘടിപ്പിക്കുന്നത്. ഓരോ ജില്ലയിൽ നിന്നും തെരഞ്ഞെടുത്ത 20 കുട്ടികളാണ് മേളയിൽ പങ്കെടുക്കുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam