
കൊച്ചി : നെടുമ്പാശേരി മിനികൂപ്പർ കാർ അപകടത്തിൽ 3 പേർ മരിച്ച കേസിലെ പ്രതികളുടെ ജാമ്യം നിഷേധിച്ചുള്ള ഉത്തരവിലെ വിവരങ്ങൾ പുറത്ത്. പൊലീസിന്റെ അന്വേഷണത്തിൽ വീഴ്ച്ചയില്ലെന്നാണ് കോടതി ജാമ്യം നിഷേധിച്ചുകൊണ്ടുള്ള ഉത്തരവിൽ പറയുന്നത്. മദ്യപിച്ച് വാഹനമോടിച്ചുവെന്ന് രക്തപരിശോധനയിൽ തെളിഞ്ഞു. ദൃക്സാക്ഷി മൊഴികളും സിസിടിവി ദൃശ്യങ്ങളുമുണ്ട്. മറ്റ് 3 പ്രതികളും പ്രതി മദ്യപിച്ചിട്ടുണ്ടെന്ന് അറിഞ്ഞിട്ടും വേഗത്തിൽ വാഹനമോടിക്കാൻ പ്രോത്സാഹിപ്പിച്ചു. പുറത്തിറങ്ങിയാൽ സാക്ഷികളെ സ്വാധീനിക്കും, തെളിവ് നശിപ്പിക്കും, ഒളിവിൽ പോകാനും സാധ്യതയുണ്ട്. അതിനാൽ ജാമ്യം നിഷേധിക്കുന്നുവെന്നാണ് കോടതി ഉത്തരവിൽ പറയുന്നത്. അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും ഡിജിറ്റൽ ശേഖരിക്കാനുണ്ടെന്നും ഈ ഘട്ടത്തിൽ പ്രതികളെ ജാമ്യത്തിൽ വിടാനാകില്ലെന്നും ഉത്തരവിൽ പറയുന്നു.
ഇന്നലെ വാദം പൂർത്തിയായ ജാമ്യാപേക്ഷയിൽ ഇന്ന് ഉച്ചക്കാണ് കോടതി വിധി പറഞ്ഞത്. ഒന്നാം പ്രതി വാഹനമോടിച്ച സുഹൈൽ സജീവ്, മുൻ സീറ്റിലിരുണ്ടായിരുന്ന നിനവ്, അമീർ ജോയൽ എന്നിവരുടെ ജാമ്യ അപേക്ഷയാണ് കോടതി തള്ളിയത്. ഒന്നാം പ്രതിക്കെതിരെ നരഹത്യ കുറ്റവും, ബാക്കി മൂന്നുപേർക്കെതിരെ പ്രേരണ കുറ്റവുമാണ് ചുമത്തിയത്.
പ്രതികളുടെ ജാമ്യാപേക്ഷയിൽ കോടതിയിൽ ശക്തമായ വാദ പ്രതിവാദങ്ങളാണ് ഇന്നലെ നടന്നത്. എഫ് ഐ ആർ രേഖപ്പെടുത്തിയ ദൃക്സാക്ഷിയിൽ ദുരൂഹതയുണ്ടെന്നും, സ്കൂട്ടറിൽ മൂന്നുപേർ യാത്ര ചെയ്തത് അപകടം വിളിച്ചുവരുത്തുന്ന നടപടിയാണെന്നുമടക്കം പ്രതിഭാഗം വാദിച്ചിരുന്നു. എഫ് ഐ ആർ ഇട്ടപ്പോൾ തന്നെ ബി എൻ എസ്. 105 വകുപ്പ് ചുമത്താനുള്ള ഒരു തെളിവുമില്ലായിരുന്നുവെന്നും പ്രതിഭാഗം അഭിഭാഷകൻ കോടതിയിൽ ചൂണ്ടിക്കാട്ടി. പൊലീസ് ഒരു സെൻസേഷണൽ വാർത്തയ്ക്ക് കാത്തിരിക്കുകയായിരുന്നുവെന്നും, മകൻ കുറ്റകൃത്യം ചെയ്യുമ്പോൾ രക്ഷിതാക്കൾ ക്രൂശിക്കപ്പെടുകയാണെന്നും പ്രതിഭാഗം വാദിച്ചു. ആ സ്കൂട്ടറിൽ 3 പേരുണ്ടായിരുന്നു എന്നത് എന്ത് കൊണ്ടു പരിഗണന വിഷയം ആകുന്നില്ല. ഇതൊരു വെറും അപകടം മാത്രമാണ്. ബാക്കിയെല്ലാം മീഡിയ ചാർത്തിയത് ആണെന്നും പ്രതിഭാഗം അഭിപ്രായപ്പെട്ടിരുന്നു. സ്കൂട്ടറിൽ 3 പേരല്ലേ ഉണ്ടായിരുന്നതെന്നും അതും അപകടം വിളിച്ചു വരുത്തുന്ന നടപടി അല്ലേ എന്ന പ്രതിഭാഗത്തിന്റെ ചോദ്യത്തിന് കോടതി തന്നെ മറുചോദ്യം ഉന്നയിച്ചിരുന്നു. മൂന്ന് പേര് ഒരുമിച്ച് പോയത് കൊണ്ടാണോ ഇടിച്ചത് എന്നായിരുന്നു ജഡ്ജിന്റെ മറു ചോദ്യം. മോട്ടോർ വെഹിക്കിൾ ആക്ട് പ്രകാരം അവരെ ഇനി ശിക്ഷിക്കാൻ ആകില്ലെന്നും മരിച്ചു പോയല്ലോ എന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam