
ഇടുക്കി: നെടുങ്കണ്ടം കസ്റ്റഡി കൊലപാതകക്കേസിൽ സിബിഐ അന്വേഷണം തുടങ്ങി. അന്വേഷണസംഘം നെടുങ്കണ്ടം സ്റ്റേഷനിലും പീരുമേട് സബ് ജയിലിലുമെത്തി തെളിവെടുത്തു.
സിബിഐ തിരുവനന്തപുരം യൂണിറ്റ് ഡിവൈഎസ്‍പി സുരീന്ദർ ദില്ലോണിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘമാണ് നെടുങ്കണ്ടം കസ്റ്റഡിക്കൊലപാതകം അന്വേഷിക്കുന്നത്. രാജ്‍കുമാർ മരിച്ച പീരുമേട് സബ് ജയിലിലാണ് സംഘം ആദ്യ തെളിവെടുപ്പിനെത്തിയത്. രാജ് കുമാർ കിടന്ന സെല്ല് പരിശോധിക്കുകയും , ഉദ്യോഗസ്ഥരിൽ നിന്ന് മൊഴിയെടുക്കുകയും ചെയ്തു. തുടർന്നാണ് സംഘം രാജ്‍കുമാറിന് മർദ്ദനമേറ്റ നെടുങ്കണ്ടം സ്റ്റേഷനിലെത്തിയത്.
രാജ്‍കുമാറിനെ മർദ്ദിച്ച പൊലീസ് സ്റ്റേഷന്റെ രണ്ടാം നിലയിലും മറ്റും പരിശോധന നടത്തിയ സിബിഐ , സ്റ്റേഷൻ രേഖകളും ശേഖരിച്ചു. രാജ്‍കുമാർ ഒന്നാം പ്രതിയായ ഹരിതാ ഫിനാൻസ് തട്ടിപ്പിലെ മൂന്നാം പ്രതിയായിരുന്ന മനേജർ മഞ്ജുവിനെയും സംഘം ചോദ്യം ചെയ്തു. രാജ്‍കുമാറിനെ പൊലീസുകാർ മർദ്ദിക്കുന്നത് കണ്ട പ്രധാന സാക്ഷികളിലൊരാളാണ് മഞ്ജു.
പ്രാഥമിക ഘട്ട അന്വേഷണമാണ് നടക്കുന്നതെന്നും നെടുങ്കണ്ടത്ത് ക്യാമ്പ് ഓഫീസ് തുടങ്ങുന്ന കാര്യം പരിഗണനയിലാണെന്നും ഡിവൈഎസ്‍പി സുരീന്ദർ പറഞ്ഞു. കഴിഞ്ഞ ജൂണ് 21നാണ് വാഗമണ് സ്വദേശിയായ രാജ് കുമാർ പീരുമേട് ജയിലിൽ വച്ച് മരിച്ചത്. സംഭവത്തിൽ നെടുങ്കണ്ടം സ്റ്റേഷനിലെ എസ്ഐ അടക്കം നാല് പൊലീസുകാർ അറസ്റ്റിലാവുകയും ചെയ്തു. കേസിൽ ജുഡീഷ്യൽ അന്വേഷണവും നടക്കുന്നുണ്ട്.
Read Also: നെടുങ്കണ്ടം കസ്റ്റഡി കൊലപാതകം; കേസ് സിബിഐ ഏറ്റെടുത്തു
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam