നെടുങ്കണ്ടം കസ്റ്റഡി കൊലപാതകം: ജുഡിഷ്യൽ കമ്മീഷന്റെ തെളിവെടുപ്പ് തുടരുന്നു

By Web TeamFirst Published Jul 20, 2019, 8:04 AM IST
Highlights

നെടുങ്കണ്ടം കസ്റ്റഡി കൊലയിൽ ജുഡിഷ്യൽ കമ്മീഷൻ തെളിവെടുപ്പ് തുടരുന്നു. രാജ്കുമാറിന് മർദ്ദനമേറ്റ പീരുമേട് ജയിലിലും താലൂക്കാശുപത്രിയിലുമാണ് ഇന്ന് തെളിവെടുപ്പ്. 

ഇടുക്കി: നെടുങ്കണ്ടം കസ്റ്റഡി കൊലപാതകം അന്വേഷിക്കാൻ സർക്കാർ നിയോഗിച്ച ജുഡിഷ്യൽ കമ്മീഷൻ ഇന്ന് വീണ്ടും ഇടുക്കിയിലെത്തി തെളിവെടുക്കും. റിട്ടയേഡ് ജസ്റ്റിസ് നാരായണക്കുറുപ്പാണ് പീരുമേടെത്തി തെളിവെടുപ്പ് നടത്തുക. പീരുമേട് സബ് ജയിൽ, പീരുമേട് താലൂക്ക് ആശുപത്രി എന്നിവിടങ്ങളിലാണ് തെളിവെടുക്കുക. ജയിൽ അധികൃതർ, രാജ്കുമാറിനൊപ്പം ഉണ്ടായിരുന്ന സഹതടവുകാർ, ഡോക്ടർമാർ എന്നിവരുടെ മൊഴി രേഖപ്പെടുത്തും.

രാജ്കുമാറിന്റെ കൊലപാതകത്തിൽ സബ് ജയിൽ അധികൃതരുടെ വീഴ്ച വകുപ്പുതല അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. തുടർന്ന് ജയിൽ സൂപ്രണ്ടിനെ സ്ഥലം മാറ്റുകയും അസിസ്റ്റന്റ് ജയിൽ വാർഡനെ സസ്പെൻഡ് ചെയ്യുകയും താത്കാലിക ജീവനക്കാരനെ പിരിച്ചുവിടുകയും ചെയ്തിരുന്നു. രാജ്കുമാറിന്റെ മൃതദേഹം വീണ്ടും പോസ്റ്റ്മോർട്ടം ചെയ്യനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് ജസ്റ്റിസ് കെ നാരായണക്കുറുപ്പ് വ്യക്തമാക്കിയിരുന്നു.

ആശുപത്രിയിലെത്തിക്കുമ്പോൾ രാജ്കുമാർ മരിച്ചിരുന്നെന്ന് ആശുപത്രി സൂപ്രണ്ട് വെളിപ്പെടുത്തിയിരുന്നു. ഇക്കാര്യങ്ങളിലും ജസ്റ്റിസ് നാരായണ കുറുപ്പ് തെളിവെടുക്കും. അതേസമയം, കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണവും പുരോഗമിക്കുകയാണ്. 

click me!