വെള്ളറടയിൽ ക്ഷേത്ര ഉത്സവത്തിനിടെ ട്രാഫിക് നിയന്ത്രിച്ച എസ്ഐ അഭിജിത്തിനെ ആക്രമിച്ച കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. കിളിയൂര്‍ സ്വദേശി ശ്യാമാണ് പിടിയിലായത്. ഈ കേസുമായി ബന്ധപ്പെട്ട് ഒരു സിപിഎം ലോക്കൽ കമ്മിറ്റി സെക്രട്ടറി ഉൾപ്പെടെ മറ്റൊരാൾ ഒളിവിലാണ്.

തിരുവനന്തപുരം: വെള്ളറട ജംഗ്ഷനില്‍ വച്ച് എസ് ഐ അഭിജിത്തിനെ ആക്രമിച്ച കേസില്‍ ഒരാള്‍ അറസ്റ്റിൽ. ക്ഷേത്ര ഉത്സവ ഘോഷയാത്രയുമായി ബന്ധപ്പെട്ട് ട്രാഫിക് നിയന്ത്രിക്കുന്നതിനിടെയായിരുന്നു ആക്രമണം. കിളിയൂര്‍ സ്വദേശി ശ്യാം (29 )നെയാണ് പൊലീസ് പിടികൂടിയത്. കേസുമായി ബന്ധപ്പെട്ട് സി പി എം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി പ്രദീപും കണ്ടാലറിയാവുന്ന മറ്റൊരാളും ഒളിവിലാണ്. 

കഴിഞ്ഞ ദിവസം വെള്ളറട ജംഗ്ഷനില്‍ വെച്ച് ക്ഷേത്ര ഘോഷയാത്ര നടക്കുന്നതിനിടെ ഗതാഗതം നിയന്ത്രിക്കുകയായിരുന്നു എസ്ഐ അഭിജിത്ത്. ഇതിനിടെയുണ്ടായ വാക്കേറ്റവും കയ്യാങ്കളിയുമാണ് സംഘർഷത്തിലേക്ക് പോയത്. നിരവധി ആളുകള്‍ നോക്കി നില്‍ക്കെയാണ് എസ്ഐയെ മൂന്ന് പേർ ചേർന്ന് മർദിച്ചതെന്നാണ് വിവരം. പരിക്കേറ്റ എസ്ഐയെ സംഭവത്തിന് പിന്നാലെ പാറശാല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. എന്നാൽ പിന്നീട് പ്രതികളുടെ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്‌തു. ഇതോടെ പ്രതികളിലേക്കെത്താൻ പൊലീസിന് സാധിക്കാത്ത സാഹചര്യമായി. ഇതിനിടെയാണ് കേസിലെ പ്രതികളിൽ ഒരാളായ ശ്യാമിനെ വീടിന്‍റെ പരിസരത്ത് കണ്ടതായി വിവരം ലഭിച്ചത്. പിന്നാലെ പൊലീസ് സംഘം സ്ഥലത്തെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.