നെടുങ്കണ്ടം കസ്റ്റഡി കൊലപാതകം; പ്രതിപ്പട്ടിക വിപുലീകരിക്കാനൊരുങ്ങി ക്രൈംബ്രാഞ്ച്

By Web TeamFirst Published Jul 7, 2019, 6:30 AM IST
Highlights

കേസിലെ രണ്ടും മൂന്നും പ്രതികളെ അറസ്റ്റ് ചെയ്യുന്നതിനൊപ്പം മർദ്ദനത്തിന് സഹായിച്ചവരെയും തെളിവ് നശിപ്പിച്ചവരെയും പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്താനാണ് അന്വേഷണ സംഘത്തിന്‍റെ നീക്കം

ഇടുക്കി: നെടുങ്കണ്ടം കസ്റ്റഡി കൊലപാതകത്തിൽ പ്രതിപ്പട്ടിക വിപുലീകരിക്കാനൊരുങ്ങി ക്രൈംബ്രാഞ്ച്. കേസിലെ രണ്ടും മൂന്നും പ്രതികളെ അറസ്റ്റ് ചെയ്യുന്നതിനൊപ്പം മർദ്ദനത്തിന് സഹായിച്ചവരെയും തെളിവ് നശിപ്പിച്ചവരെയും പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്താനാണ് അന്വേഷണ സംഘത്തിന്‍റെ നീക്കം.

കസ്റ്റഡി കൊലപാതകത്തിൽ നാല് പ്രതികളെന്നാണ് പീരുമേട് കോടതിയിൽ സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിലുള്ളത്. ഒന്നാം പ്രതി എസ്ഐ സാബുവിനേയും നാലാം പ്രതി സജീവ് ആന്‍റണിയേയും അറസ്റ്റ് ചെയ്തു. രണ്ടും മൂന്നും പ്രതികളുടെ അറസ്റ്റും ഉടനുണ്ടാകുമെന്നാണ് വിവരം. 

ഇവരെ കൂടാതെ കൂടുതൽ പൊലീസുകാരെ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തേണ്ടി വരുമെന്നാണ് ക്രൈംബ്രാഞ്ച് അന്വേഷണ സംഘം ഇപ്പോൾ പറയുന്നത്. രാജ്‍കുമാർ കസ്റ്റഡിയിൽ ഉണ്ടായിരുന്ന ദിവസങ്ങളിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന മുഴുവൻ പൊലീസുകാരെയും ക്രൈംബ്രാഞ്ച് കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ചോദ്യം ചെയ്തിരുന്നു. 

ആദ്യ നാല് പ്രതികളെ കൂടാതെ വേറെയും ചിലർ രാജ് കുമാറിനെ മർദ്ദിച്ചിട്ടുണ്ട്. സ്റ്റേഷൻ റെക്കോർഡുകളിൽ തിരിമറിയും ഉണ്ടായി. ഇങ്ങനെ മർദ്ദിച്ചവരും തെളിവു നശിപ്പിച്ചവരുമെല്ലാം പ്രതിപ്പട്ടികയിൽ വരും. രാജ് കുമാറിന്‍റെ കൂട്ടുപ്രതികളായ ശാലിനിയേയും മഞ്ജുവിനേയും മർദ്ദിച്ച പൊലീസുകാരികൾക്കെതിരെയും നടപടിയെടുക്കും. 

എസ്ഐ സാബുവിനേയും സിപിഒ സജീവിനെയും കസ്റ്റഡിയിൽ കിട്ടാൻ തിങ്കളാഴ്ച അപേക്ഷ നൽകുന്നുണ്ട്. കസ്റ്റഡിയിൽ കിട്ടിയാൽ ഉടനെ അവരുടെ മൊഴി കൂടി അനുസരിച്ചാകും പ്രതിപ്പട്ടിക വിപുലീകരിക്കുക. അതേ സമയം ഒന്നും രണ്ടും പ്രതികളുടെ ജാമ്യാപേക്ഷ നാളെ തൊടുപുഴ കോടതിയിൽ എത്തും. പീരുമേട് മജിസ്ട്രേറ്റ് കോടതി ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തിലാണ് പ്രതിഭാഗം ജില്ലാ കോടതിയിലേക്ക് നീങ്ങുന്നത്.

click me!