
കൊച്ചി: നെടുങ്കണ്ടം കസ്റ്റഡിക്കൊലപാതകത്തില്‍ പൊലീസ് നടപടിയെ തള്ളി സര്‍ക്കാര്‍ ഹൈക്കോടതിയില്‍. സംഭവത്തില്‍ പൊലീസിന്‍റെ നടപടി ക്രൂരവും പൈശാചികവുമെന്ന് സർക്കാർ കോടതിയില്‍ പറഞ്ഞു. കസ്റ്റഡി കൊലപാതക കേസ് സിബിഐക്ക് വിടണമെന്നാവശ്യപ്പെട്ട് ഭാര്യയും മക്കളും നൽകിയ ഹർജിയിലാണ് സര്‍ക്കാര്‍ നിലപാടറിയിച്ചത്.
കേസ് സിബിഐക്ക് വിടുന്നത് സംബന്ധിച്ച് നിലപാടറിയിക്കാന്‍ സിബിഐക്കും സര്‍ക്കാരിനും കോടതി നോട്ടീസയച്ചു. കേസ് ഏറ്റെടുക്കുന്നതിലുള്ള നിലപാട് അറിയിക്കണമെന്ന് സിബിഐയോട് കോടതി. ഹര്‍ജി തിങ്കളാഴ്ച കോടതി വീണ്ടും പരിഗണിക്കും. അതേസമയം രാജ്കുമാറിന്‍റെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടും, എഫ്ഐആറും കുടുംബത്തിന് നല്‍കാന്‍ കോടതി നിര്‍ദ്ദേശം നല്‍കി. രാജ്കുമാറിന്‍റെ ബാങ്ക് പാസ്ബുക്ക് വിട്ട് നല്‍കാനും കോടതി നിര്‍ദ്ദേശിച്ചു.
കസ്റ്റഡിമരണത്തിൽ ഉത്തരവാദികളായവരിൽ നിന്നും ഒരു കോടി രൂപ വീതം നഷ്ടപരിഹാരം ഈടാക്കി നൽകണമെന്നും ഭാര്യ വിജയ ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ജൂൺ 12 മുതൽ 16 വരെ രാജ്‌കുമാറിനെ അന്യായമായി കസ്റ്റഡിയിൽ പീഡിപ്പിച്ചെന്നാണ് പ്രധാന പരാതി. സംഭവത്തിൽ എസ്പി, ഡിവൈഎസ്പി, മജിസ്ട്രേറ്റ്, പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടർ എന്നിവരുടെ വീഴ്ചയും അന്വേഷിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. ഹര്‍ജി തിങ്കളാഴ്ച കോടതി വീണ്ടും പരിഗണിക്കും.
ജൂണ്‍ 21-നാണ് തൂക്കുപാലത്തെ സാമ്പത്തിക തട്ടിപ്പ് കേസിൽ റിമാന്‍റിലായ വാഗമൺ കോലാഹലമേട് സ്വദേശി രാജ്കുമാർ പീരുമേട് സബ്‍ ജയിലിലാണ് മരിച്ചത്. കസ്റ്റഡി മർദ്ദനത്തെത്തുടർന്നാണ് രാജ്‍കുമാർ മരിച്ചതെന്ന ബന്ധുക്കളുടെ ആരോപണത്തെ ശരിവയ്ക്കുന്നതായിരുന്നു പിന്നീട് വന്ന പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ക്രൈംബ്രാഞ്ച് അന്വേഷണത്തിലും ഇക്കാര്യം സ്ഥിരീകരിച്ചിരുന്നു. കേസില്‍ എസ്ഐ കെ എ സാബുവടക്കം നാലുപേരാണ് ഇതുവരെ അറസ്റ്റിലായത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam