
തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുളള കോഴിക്കോട്, കണ്ണൂര്‍, വയനാട് ജില്ലകളില്‍ ജാഗ്രത തുടരുകയാണ്. കൊല്ലം ശക്തികുളങ്ങരയില്‍ കാണാതായ മത്സ്യത്തൊഴിലാളികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി.
കണ്ണൂർ, കാസർഗോഡ്, കോഴിക്കോട്, ജില്ലകളില്‍ മഴ ശക്തമായി തുടരുകയാണ്. കാസര്‍കോട് വെള്ളരിക്കുണ്ട് കനപ്പള്ളിയിൽ വീട് തകർന്ന് അഞ്ച് പേർക്ക് പരിക്കേറ്റു. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. ജില്ലയില്‍ ഇതുവരെ 120 വീടുകൾ പൂർണ്ണമായും മൂന്ന് വീട് ഭാഗികമായും തകർന്നതായാണ് കണക്ക്. 200 ഹെക്ടറിലധികം സ്ഥലത്ത് കൃഷി നശിച്ചിട്ടുണ്ട്. കൊയിലാണ്ടിയില്‍ മരംവീണ് കോഴിക്കോട്-കണ്ണൂർ ദേശീയ പാതയിൽ ഗതാഗത തടസ്സമുണ്ടായി. വടകര വലിയപള്ളിയിൽ വെള്ളംകയറിയതിനെതുടർന്ന് 10 ഇതരസംസ്ഥാന തൊഴിലാളികളെ ക്യാമ്പിലേക്ക് മാറ്റി.
കണ്ണൂർ മണിക്കടവിൽ ജീപ്പ് പുഴയിലേക്ക് മറിഞ്ഞ് കാണാതായ യുവാവിന് വേണ്ടി തിരച്ചിൽ തുടരുകയാണ്. മറിഞ്ഞ ജീപ്പ് കണ്ടെത്തി. കൊല്ലം ശക്തികുളങ്ങരയിൽ തിരയിൽപെട്ട് മറിഞ്ഞ വള്ളത്തിൽനിന്ന് കാണാതായ രണ്ടുപേർക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്. ഫിഷറീസ് വകുപ്പ്, മറൈൻ എൻഫോഴ്‌സ്‌മെന്‍റ് വിഭാഗങ്ങളാണ് തിരച്ചിൽ നടത്തുന്നത്. തമിഴ്നാട് നീരോടി സ്വദേശികളായ, രാജു, ജോൺബോസ്കൊ എന്നിവരെയാണ് കണ്ടെത്താനുള്ളത്. ഒരാളുടെ മൃതദേഹം ഇന്നലെ കണ്ടെത്തിയിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam