
ഇടുക്കി: നെടുങ്കണ്ടം കസ്റ്റഡി കൊലപാതകത്തിൽ കൂടുതൽ പൊലീസുകാരുടെ അറസ്റ്റ് ഉടനുണ്ടായേക്കും. റിമാൻഡിലുള്ള രണ്ട് പൊലീസുകാരുടെ ജാമ്യാപേക്ഷ പീരുമേട് കോടതി തള്ളി. അതേസമയം ഇടുക്കി എസ്പിയെ അടിയന്തരമായി സസ്പെൻഡ് ചെയ്യണമെന്ന് സിപിഐ ആവശ്യപ്പെട്ടു. നെടുങ്കണ്ടം കസ്റ്റഡി മരണത്തിൽ ഒന്നും നാലും പ്രതികളായ പൊലീസുകാരാണ് ഇപ്പോൾ അറസ്റ്റിലായിട്ടുള്ളത്.
രണ്ടും മൂന്നും പ്രതികളുടെ അറസ്റ്റ് ഉടനുണ്ടാകുമെന്ന സൂചനകളാണ് ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണസംഘം നൽകുന്നത്. ഇവരിൽ നിന്ന് മൊഴിയെടുക്കൽ തുടരുകയാണെന്നും ഏത് നിമിഷവും അറസ്റ്റ് ഉണ്ടായേക്കുമെന്നാണ് വിവരം. ഈ രണ്ട് പ്രതികളാണ് രാജ് കുമാറിനെ കൂടുതൽ മർദ്ദിച്ചത്. ഇതിനാൽ അത് സാധൂകരിക്കുന്ന മൊഴികളും തെളിവുകളും ശേഖരിക്കുന്ന തിരക്കിലാണ് അന്വേഷണസംഘം .
അതേസമയം കേസിൽ റിമാൻഡിലുള്ള എസ്ഐ സാബു, സിപിഒ സജീവ് ആന്‍റണി എന്നിവരുടെ ജാമ്യാപേക്ഷ പീരുമേട് കോടതി തള്ളി. ഈ പ്രതികളെ കസ്റ്റഡിയിൽ വാങ്ങാനുള്ള നടപടികൾ ക്രൈംബ്രാഞ്ച് തുടങ്ങിയതായും വിവരമുണ്ട്. സാമ്പത്തിക തട്ടിപ്പ് കേസിലെ അന്വേഷണവും പുരോഗമിക്കുകയാണ്.
കേസിലെ മൂന്നാം പ്രതിയായ മഞ്ജുവും ഭർത്താവ് അജിയും പറഞ്ഞ ചില പേരുകൾ കേന്ദ്രീകരിച്ചാണ് പുതിയ അന്വേഷണം. ഇതിനിടെ എസ്പിയെ സസ്പെൻഡ് ചെയ്യണമെന്ന് സിപിഐ ആവശ്യപ്പെട്ടു. എസ്പിക്കെതിരെ നടപടി ആവശ്യപ്പെട്ട് കോണ്ഗ്രസ് എസ്പി ഓഫീസിലേക്ക് മാർച്ച് നടത്തി
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam