
ഇടുക്കി: നെടുങ്കണ്ടം ഇരട്ടക്കൊലപാതക കേസിലെ പ്രതി സജി എട്ടുവർഷം മുമ്പ് കാണാതായ പിതാവിനെ കൊലപ്പെടുത്തിയെന്ന് സംശയം. പിതാവ് മാത്യുവിനെ കൊലപ്പെടുത്തി സജി കുഴിച്ചുമൂടി എന്നാണ് സംശയം. സംശയത്തിന്റെ അടിസ്ഥാനത്തിൽ പുരയിടം കുഴിച്ച് തെളിവെടുപ്പ് പരിശോധന നടത്തുകയാണ് പൊലീസ്. സജി അമ്മയേയും സഹോദരനെയും കൊലപ്പെടുത്തി കുഴിച്ചുമൂടിയിരുന്നു.
2018 മാർച്ചിലാണ് മാത്യുവിനെ കാണാതായത്. മാത്യുവിനെ നെടുങ്കണ്ടത്ത് വച്ച് അവസാനമായി കണ്ടവരെ പൊലീസ് അന്വേഷിച്ചിരുന്നു. പച്ചടി സ്വദേശി മേരിക്കുട്ടിയെയും മകൻ റെജിയെയും കൊലപ്പെടുത്തിയ കേസിൽ നടത്തിയ ചോദ്യം ചെയ്യലിലാണ് സജി ക്രൂരമായ കൊലപാതകം സംബന്ധിച്ച വിവരങ്ങൾ പറഞ്ഞത്. നാലാം തീയതി രാത്രി മദ്യപിച്ചു എത്തിയ രണ്ടു പേരും തമ്മിൽ വാക്ക് തർക്കമുണ്ടായി. ഇതിനിടെ സജി റെജിക്ക് ഭക്ഷണം നൽകി. റെജി ഇത് തട്ടിത്തെറിപ്പിച്ചു. ഇതോടെ ദേഷ്യം വന്ന സജി സഹോദരനെ ക്രൂരമായി മർദിച്ചു.
തുടർന്ന് ഷൂസ് ഇട്ട കാൽ കൊണ്ട് കഴുത്തിൽ ചവിട്ടിപ്പിടിച്ചു. ബോധം പോയപ്പോൾ കഴുത്തിൽ തോർത്ത് മുറുക്കി കൊലപ്പെടുത്തുകയായിരുന്നു. ഇത് കണ്ടുകൊണ്ടെത്തിയ അമ്മ മേരിക്കുട്ടിയുടെ മുഖത്ത് പലതവണയിടിച്ചു. കൈക്ക് പിടിച്ച് കറക്കി ഭീതിയിലേക്ക് എറിഞ്ഞു. മരിച്ചെന്ന് ഉറപ്പുവരുത്തിയ ശേഷം മൃതദേഹങ്ങൾ വീട്ടിലെ ചായിപ്പിലേക്ക് മാറ്റി ഗ്രീൻ ഷീറ്റ് കൊണ്ട് മറച്ചു. രണ്ട് ദിവസത്തിനു ശേഷം രാത്രി പറമ്പിൽ കുഴിച്ചുമൂടി. അതിന് ശേഷം ദിവസങ്ങളോളം ഒന്നും അറിയാത്ത പോലെ വീട്ടിൽ താമസിച്ചു വരികയായിരുന്നു. തനിച്ചാണ് കുറ്റകൃത്യം ചെയ്തതെന്ന് സജി പൊലീസിനോട് സമ്മതിച്ചിരുന്നു. വിവാഹം കഴിക്കാൻ തടസം നിന്നതും സ്വത്തു തർക്കവും സഹോദരൻ റെജി പിതൃത്വത്തെ ചൊല്ലി അപമാനിച്ചതുമാണ് കൊലപാതകത്തിന് കാരണമെന്നാണ് വെളിപ്പെടുത്തൽ.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam