കാലടി സർവകലാശാലയിലെ വിദ്യാർത്ഥികളുടെ സസ്പെൻഷനുമായി ബന്ധപ്പെട്ട് ഹൈക്കോടതി യൂണിവേഴ്സിറ്റിയോട് വിശദീകരണം തേടി. 60 ദിവസത്തെ സസ്പെൻഷന് ശേഷം വിദ്യാർത്ഥികൾ നേരിടുന്ന ബുദ്ധിമുട്ടുകൾ ഹൈക്കോടതി ചൂണ്ടിക്കാട്ടി. ഒരു കേസിൽ രണ്ട് എഫ്ഐആറുകൾ രജിസ്റ്റർ ചെയ്തതിലെ യുക്തിയും കോടതി ചോദ്യം ചെയ്തു.
കൊച്ചി: കാലടിയിലെ വിദ്യാർത്ഥികളുടെ സസ്പെൻഷനുമായി ബന്ധപ്പെട്ട് യൂണിവേഴ്സിറ്റിയോട് ചോദ്യങ്ങളുമായി ഹൈക്കോടതി. വിദ്യാർത്ഥികളുടെ സസ്പെൻഷന് കാരണമെന്തെന്ന് കോടതി ചോദിച്ചു. രണ്ട് എഫ്ഐആറുകൾ യൂണിവേഴ്സിറ്റി ഹാജരാക്കി. ഇന്ന് വാദം കേൾക്കുന്നില്ല പക്ഷേ കേസ് എന്താണെന്ന് മനസ്സിലാക്കണമെന്നും കോടതി. ഒരു കേസിൽ രണ്ട് എഫ്ഐആർ നിലനിൽക്കുമോ എന്നും 3 മാസം കുട്ടികളെ സസ്പെൻഡ് ചെയ്തിട്ടും ഇനിയെന്ത് മാപ്പെന്നും കോടതി ചോദിച്ചു.
ഇതിനൊക്കെ തന്നെ കുട്ടികൾ ബുദ്ധിമുട്ടി കഴിഞ്ഞു. 60 ദിവസമായി കുട്ടികൾ പ്രയാസം അനുഭവിച്ചില്ലേ ഇനിയും എന്താണ് വേണ്ടതെന്ന് യൂണിവേഴ്സിറ്റിയോട് ഹൈക്കോടതി. ഇനിയും അരിശം തീർന്നില്ലേ എന്ന കുഞ്ചൻ നമ്പ്യാരുടെ കവിതയ ഉദ്ധരിച്ച് ഹൈക്കോടതി. 60 ദിവസം കഴിഞ്ഞില്ലേ ഇനിയും എന്താണ് ചെയ്യേണ്ടത്? മറ്റന്നാൾ ഹർജിയിൽ വിശദമായി വാദം കേൾക്കാം. പ്രതിഷേധങ്ങളെ പൂർണമായും കോടതി അംഗീകരിക്കുകയല്ല. അവർ ചെയ്തത് ന്യായീകരിക്കാവുന്നതാണെന്ന് ഞാൻ പറയുന്നില്ല. ഇപ്പോഴത്തെ രാഷ്ട്രീയക്കാർ കുട്ടിക്കാലത്ത് എന്തൊക്കെ ചെയ്തിട്ടുണ്ടാകുമെന്നും ഹൈക്കോടതി ആരാഞ്ഞു.














