നെടുങ്കണ്ടം കസ്റ്റഡികൊലപാതകം; ഇടുക്കി മജിസ്‌ട്രേറ്റിന് വീഴ്ച പറ്റിയെന്ന് റിപ്പോർട്ട്

By Web TeamFirst Published Aug 21, 2019, 11:33 AM IST
Highlights

നിയമപരമായ കാര്യങ്ങൾ പാലിച്ചില്ല, 24 മണിക്കൂറിലധികം പ്രതിയെ കസ്റ്റഡിയിൽ സൂക്ഷിച്ചത് മജിസ്‌ട്രേറ്റ് ശ്രദ്ധിച്ചില്ല, പൊലീസിനോട് വിശദീകരണം തേടിയില്ല, ആശുപത്രിരേഖകൾ പരിശോധിച്ചില്ല... 

കൊച്ചി: നെടുങ്കണ്ടം കസ്റ്റഡി കൊലപാതക കേസിൽ ഇടുക്കി മജിസ്ട്രേറ്റിന് വീഴ്ച പറ്റിയെന്ന് തൊടുപുഴ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റിന്‍റെ റിപ്പോര്‍ട്ട്. നിയമപരമായ നടപടിക്രമങ്ങൾ പാലിച്ചല്ല രാജ്‍കുമാറുമായി ബന്ധപ്പെട്ട കേസ് ഇടുക്കി മജിസ്ട്രേറ്റ് കൈകാര്യം ചെയ്തതെന്നാണ് ഹൈക്കോടതിയിൽ സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടിലെ കണ്ടെത്തൽ. 24 മണിക്കൂറിലധികം പ്രതിയെ കസ്റ്റഡിയിൽ സൂക്ഷിച്ചത് മജിസ്‌ട്രേറ്റ് ശ്രദ്ധിച്ചില്ല, പൊലീസിനോട് വിശദീകരണം തേടിയില്ല, ആശുപത്രിരേഖകൾ പരിശോധിച്ചില്ല, ആശുപത്രിയിൽ ചികിത്സയിലിരിക്കുന്ന രോഗിയായിരുന്നിട്ടും ബന്ധപ്പെട്ട രേഖകൾ പരിശോധിക്കാനോ പൊലീസിനോട് വിശദീകരണം ചോദിക്കാനോ ഇടുക്കി മജിസ്ട്രേറ്റ് തയ്യാറായില്ലെന്നും അന്വേഷണ റിപ്പോര്‍ട്ടിൽ പരാമര്‍ശം ഉണ്ട്. 

പ്രതിയെ മജിസ്ട്രേറ്റ് കണ്ടത് രാത്രി പത്ത് നാൽപ്പതിനാണ്. അതും ജീപ്പിനുള്ളിൽ വച്ചാണ്. വീട്ടിലേക്ക് പ്രതിയെ കൊണ്ടുവരേണ്ടതായിരുന്നു എങ്കിലും അത് മജിസ്ട്രേറ്റ് ചെയ്തില്ലെന്നും റിപ്പോര്‍ട്ടിൽ പറയുന്നുണ്ട്. ഇടുക്കി മജിസ്ട്രേറ്റ് രശ്മി രവീന്ദ്രന്‍റെ ഭാഗത്തുനിന്ന് ഇതിന് മുമ്പും ഇത്തരം പിഴവുകൾ ഉണ്ടായിട്ടുണ്ടെന്നും ഹൈക്കോടതിയിൽ സമര്‍പ്പിച്ച റിപ്പോര്‍ട്ടിൽ പറയുന്നുണ്ട്. 

തുടര്‍ന്നു വായിക്കാം: നെടുങ്കണ്ടം കസ്റ്റഡി മരണം; അന്വേഷണം സിബിഐക്ക് വിടാന്‍ തീരുമാനം 

 

 

click me!