
കൊല്ലം: നെടുവത്തൂരിൽ ആത്മഹത്യാ ശ്രമത്തെ തുടർന്നുണ്ടായ കിണർ അപകടത്തിൽ മരിച്ച അർച്ചനയുടെ മക്കളുടെ സംരക്ഷണം സർക്കാർ ഏറ്റെടുക്കും. ജില്ലാ ശിശുക്ഷേമ സമിതിയെ ഇതിനായി ചുമതലപെടുത്തി. ഒൻപതിലും ആറിലും നാലാം ക്ലാസിലുമായി പഠിക്കുന്ന മൂന്ന് കുട്ടികളുടെ വിദ്യാഭ്യാസം അടക്കം സംരക്ഷണമാണ് സർക്കാർ ഏറ്റെടുക്കുന്നത്. കഴിഞ്ഞ ദിവസം രാത്രിയാണ് കിണറിൽ ചാടിയ അർച്ചനയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ കൈവരി ഇടിഞ്ഞ് അപകടമുണ്ടായത്.
കൊട്ടാരക്കര ഫയർ & റസ്ക്യൂ യൂണിറ്റ് അംഗമായ ആറ്റിങ്ങൽ സ്വദേശി സോണി എസ്. കുമാർ (36), കിണറ്റിൽ ചാടിയ നെടുവത്തൂർ സ്വദേശിനി അർച്ചന (33), യുവതിയുടെ ആൺസുഹൃത്ത് ശിവകൃഷ്ണൻ (22) എന്നിവരാണ് മരിച്ചത്. ഇന്നലെ പുലർച്ചെയായിരുന്നു സംഭവം നടന്നത്. രക്ഷാപ്രവർത്തനത്തിനിടെ കിണറിൻ്റെ കൈവരി ഇടിഞ്ഞ് വീണായിരുന്നു അപകടം.
പുലര്‍ച്ചെ 12.15 ഓടെയാണ് കൊട്ടാരക്കര ഫയർഫോഴ്സിന് അപകട വിവരം അറിയിച്ചുകൊണ്ട് ഫോണ്‍ കോള്‍ വരുന്നത്. ഫയർഫോഴ്സ് എത്തുമ്പോൾ അർച്ചനയുടെ മൂത്ത രണ്ട് മക്കൾ വഴിയിൽ നിൽക്കുകയായിരുന്നു. അമ്മ കിണറ്റിൽ കിടക്കുകയാണെന്ന് പറഞ്ഞ് കുട്ടികള്‍ ഫയർഫോഴ്സ് ഉദ്യോഗസ്ഥരെ വീട്ടിലേക്ക് കൊണ്ടുപോയി. തുടര്‍ന്ന് കൊട്ടാരക്കര ഫയർ & റസ്ക്യൂ യൂണിറ്റ് അംഗമായ സോണി റോപ് അടക്കമുള്ള സംവിധാനങ്ങൾ ഉപയോഗിച്ച് താഴെയിറങ്ങുകയായിരുന്നു. യുവതിയെ മുകളിലേക്ക് കയറ്റാൻ ശ്രമിക്കുമ്പോഴാണ് കൈവരി ഇടിഞ്ഞ് അപകടം ഉണ്ടായത്. ഈ സമയത്ത് കിണറ്റിന്‍റെ അരികില്‍ നില്‍ക്കുകയായിരുന്ന അർച്ചനയുടെ സുഹൃത്ത് ശിവകൃഷ്ണനടക്കം കിണറ്റിലേക്ക് വീണു.
അർച്ചനയെ ആണ്‍ സുഹൃത്ത് ശിവകൃഷ്ണൻ മർദ്ദിച്ചിരുന്നതായും ഉപദ്രവം കാരണമാണ് അമ്മ കിണറ്റിൽ ചാടിയതെന്നും കുട്ടികള്‍ മാധ്യമങ്ങളോട് പറഞ്ഞു. അർച്ചനയെ ശിവകൃഷ്ണൻ മർദ്ദിച്ചിരുന്നതിൻ്റെ തെളിവായി ദൃശ്യങ്ങളും ഇതിനിടെ പുറത്തുവന്നു. കൈവരിയുടെ ബലക്കുറവാണ് അപകടത്തിന് കാരണമെന്നും ഫയർഫോഴ്സ് അറിയിച്ചു. 80 അടി താഴ്ചയുള്ള കിണറാണ് ഇടിഞ്ഞത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam