'ബെവ്‌കോ ഔട്ട് ലെറ്റിൽ സാധാരണ കടകളെ പോലെ കയറാനാകണം', ക്യൂ സാഹചര്യം ഒഴിവാക്കണം; മാറ്റം വേണമെന്ന് കോടതി

By Web TeamFirst Published Oct 21, 2021, 2:54 PM IST
Highlights

സാധാരണ കടകളിലെ പോലെ ബെവ് കോ ഔട്ട് ലെറ്റുകളിലും കയറാൻ കഴിയണം. വിൽപ്പന രീതിയിൽ നയപരമായ മാറ്റം വേണമെന്നും കോടതി നിർദ്ദേശിച്ചു. 

കൊച്ചി: ബെവ്‌കോ  (bevco) മദ്യഷോപ്പുകൾ പരിഷ്ക്കരിക്കുന്നതിൽ നയപരമായ മാറ്റം അനിവാര്യമെന്ന് കേരളാ ഹൈക്കോടതി (kerala high court). ബെവ്കോ ഔട്ട് ലെറ്റുകളിൽ ക്യൂ നിൽക്കേണ്ട സാഹചര്യം ഒഴിവാക്കണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു. സാധാരണ കടകളിലെ പോലെ ബെവ് കോ ഔട്ട് ലെറ്റുകളിലും കയറാൻ കഴിയണം. വിൽപ്പന രീതിയിൽ നയപരമായ മാറ്റം വേണമെന്നും കോടതി നിർദ്ദേശിച്ചു. 

പരിഷ്കാരങ്ങൾ  ഒരു കാലിലെ മന്ത് എടുത്ത് അടുത്ത കാലിൽ വെച്ചത് പോലെ ആകരുതെന്നും കോടതി സർക്കാരിനെ ഓർമ്മിപ്പിച്ചു. മദ്യശാലകൾ ഒരു സ്ഥലത്തു നിന്നു മറ്റൊരു സ്ഥലത്തേയ്ക്കു മാറ്റിവയ്ക്കുക മാത്രമാണ് ചെയ്യുന്നതെന്ന ആക്ഷേപമുയർന്നപ്പോഴായിരുന്നു കോടതിയുടെ വിമർശനം. മദ്യശാലകൾക്ക് മുന്നിൽ ക്യൂ നിൽക്കേണ്ട അവസ്ഥ ഉണ്ടാകരുത്. മറ്റുകടകളിൽ എന്നപോലെ കയറാനും ഇറങ്ങാനുമുള്ള സൗകര്യം മദ്യശാലകളിലുണ്ടാകണമെന്നും കോടതി വ്യക്തമാക്കി. സ്ത്രീകൾക്കും കുട്ടികൾക്കും മദ്യക്കടകൾക്കു മുന്നിലൂടെ സഞ്ചരിക്കാനാകണമെന്നും കോടതി പറഞ്ഞു.

അതേ സമയം കോടതി നിർദേശങ്ങളെ തുടർന്ന് ഇതുവരെ 10 മദ്യശാലകൾ മാറ്റി സ്ഥാപിച്ചെന്നു സർക്കാർ അറിയിച്ചു. 33 കൗണ്ടറുകൾ ഇതിനകം പരിഷ്കരിച്ചിട്ടുണ്ടെന്നും സർക്കാർ വ്യക്തമാക്കി. ക്യൂ നിൽക്കാതെ മദ്യം വാങ്ങി തിരികെ പോകാൻ കഴിയുന്ന തരത്തിൽ വാക്കിംഗ് ഷോപ്പ് സംവിധാനം തുടങ്ങുന്നത് സംബന്ധിച്ച് നിലപാടറിക്കാൻ സർക്കാരിനോടാവശ്യപ്പെട്ട കോടതി കേസ് അടുത്ത മാസം 9 ന് വീണ്ടും പരിഗണിക്കാൻ മാറ്റി.

click me!