കൊച്ചിയിലെ വെള്ളക്കെട്ടിന് ശാശ്വത പരിഹാരം കാണാൻ പ്രത്യേക ദൗത്യ സംഘം വേണം: ഹൈക്കോടതി

By Web TeamFirst Published Oct 23, 2019, 12:58 PM IST
Highlights

വെള്ളക്കെട്ട് വിഷയത്തിൽ രൂക്ഷ വിമർശനാണ് ഇന്ന് നഗരസഭയ്ക്കെതിരെ ഹൈക്കോടതി നടത്തിയത്. പ്രശ്നത്തിന് ശാശ്വത പരിഹാരം കാണാൻ ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ ദൗത്യ സംഘം രൂപീകരിക്കാൻ കോടതി നിർദ്ദേശം നൽകി.

കൊച്ചി: കൊച്ചിയിലെ വെള്ളക്കെട്ട് പരിഹരിക്കാൻ  ജില്ലാ കളക്ടറെ കൺവീനറാക്കി ദൗത്യ സംഘം രൂപീകരിക്കാൻ ഹൈക്കോടതി ഉത്തരവിട്ടു. കഴിഞ്ഞ പ്രളയത്തിൽ നിന്നടക്കം ഒരു പാഠവും പഠിച്ചില്ലെന്ന് ചൂണ്ടികാട്ടിയാണ് കൊച്ചിയിലെ വെള്ളക്കെട്ട് പ്രശ്നത്തിൽ കോർപ്പറേഷന്‍റെ പിടിപ്പുകേടിനെതിരെ കോടതി രൂക്ഷ വിമർശനം നടത്തിയത്. മുഖ്യമന്ത്രിയുടെ നിർദ്ദേശ പ്രകാരം ജില്ലാ കളക്ടർ രംഗത്തിറങ്ങിയില്ലെങ്കിൽ  കൊച്ചിയുടെ സ്ഥിതി എന്താകുമെന്ന് കോർപ്പറേഷൻ ആലോചിച്ചിട്ടുണ്ടോ എന്ന് കോടതി ചോദിച്ചു. ജസ്റ്റിസ് ദേവൻ രാമചന്ദ്രനാണ് നഗരസഭയ്ക്കെതിരെ ഇന്ന് വിമർശനം നടത്തിയത്. വേലിയേറ്റമാണ് വെള്ളക്കെട്ടിന് കാരണമെന്ന് കോർപ്പറേഷൻ വാദത്തെയും സിംഗിൾ ബ‌ഞ്ച് തള്ളി. 

വേലിയേറ്റവും വെള്ളക്കെട്ടിന് കാരണമായെന്ന് കൊച്ചി കോർപ്പറേഷന് വേണ്ടി ഹാജരായ അഭിഭാഷകനാണ് കോടതിയെ അറിയിച്ചത്. അതിന്  കോർപ്പറേഷൻ തെളിവ് കാണിക്കൂ എന്നായിരുന്നു കോടതിയുടെ മറുപടി. വെള്ളക്കെട്ട് ഉണ്ടാകുമ്പോൾ ദുരന്ത നിവാരണ അധികാരങ്ങൾ നഗരസഭ ഉപയോഗിക്കണമെന്നും വിവിധ വകുപ്പുകളെ ഉൾപ്പെടുത്തി പരിഹാരം കാണണമെന്നും പറഞ്ഞ കോടതി അന്നത്തെ ദിവസം ഇത്തരം നടപടികളൊന്നും നഗരസഭയുടെ ഭാഗത്ത് നിന്നുണ്ടായിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി.

ഓടകളിലെ ചെളിനീക്കാൻ ഓപ്പറേഷൻ ബ്രേക്ക് ത്രൂ നടപ്പാക്കിയപ്പോൾ നാല് മണിക്കൂർ കൊണ്ട് പ്രശനം പരിഹരിച്ചത് നിങ്ങൾ കണ്ടോ എന്നും കോടതി നഗരസഭയോട് ചോദിച്ചു. ഇതിന് മുന്നിട്ടിറങ്ങിയ കളക്ടർ, പോലീസ്, ഫയർഫോഴ്സ് അചടക്കമുള്ള ഉദ്യോഗസ്ഥരെയും അഭിനന്ദിക്കണമെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വ്യക്തമാക്കി. 

വേലിയേറ്റമാണ് വെള്ളക്കെട്ടിന് കാരണമെന്ന കോർപ്പറേഷൻ വാദത്തെ അമിക്കസ് ക്യൂറിയും തള്ളി. കോർപ്പേറേഷന് കൃത്യമായ മഴമാപ്പ് പോലും ഇല്ലെന്നും അമിക്കസ് ക്യൂറി കോടതിയെ അറിയിച്ചു. കോ‍ർപ്പറേഷൻ ഒറ്റയക്ക് കാര്യങ്ങൾ നിയന്ത്രിക്കാനാകുമോ എന്ന് കോടതി ആരാഞ്ഞപ്പോൾ അതിന് കഴിയില്ലെന്ന മറുപടിയാണ് കൊച്ചി കോർപ്പറേഷൻ നൽകിയത്. ഒറ്റയ്ക്ക് ചെയ്യാൻ ആകില്ലെന്ന് ഇപ്പോഴെങ്കിലും കോർപ്പറേഷൻ  സമ്മതിച്ച സാഹചര്യത്തിൽ ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ ഒരു ദൗത്യ സംഘം രൂപീകരിക്കാൻ കോടതി ഉത്തരവിട്ടു. 

സമിതിമിയിൽ തദ്ദേശ സ്വയഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി, അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥർ അംഗങ്ങളാകണം. പത്ത് ദിവസത്തിനകം ഇത് സംബന്ധിച്ച് ഉത്തരവിറക്കാൻ സർക്കാരിനും ഹൈക്കോടതി നിർദ്ദേശം നൽകി. കോടതിയിൽ ഹാജരായ അഡ്വലക്കറ്റ് ജനറൽ വിഷയത്തിൽ മുഖ്യമന്ത്രി യോഗം വിളിച്ചിട്ടുണ്ടെന്ന് കോടതിയെ അറിയിച്ചു. ഈമാസം 25നാണ് കൊച്ചി മേയർ, കളകടർ അടക്കമുള്ളവരുടെ യോഗം മുഖ്യമന്ത്രി വിളിച്ചത്.

click me!