മരട് ഫ്ലാറ്റ് കേസിൽ കോടതിയിൽ കീഴടങ്ങി ആൽഫാ വെഞ്ചേഴ്സ് ഉടമ പോൾ രാജ്

By Web TeamFirst Published Oct 23, 2019, 12:26 PM IST
Highlights

ജെ പോൾ രാജ് നവംബർ അഞ്ച് വരെ റിമാൻ‍ഡിൽ.കേസിലെ പ്രതികളുടെ  ജാമ്യാപേക്ഷയും നവംബർ 8 ന് പരിഗണിക്കും. മരട് ഫ്ലാറ്റ് കേസിൽ മുൻ സിപിഎം പഞ്ചായത്ത് ഭരണസമിതി അംഗങ്ങളെ ചോദ്യം ചെയ്ത് ക്രൈംബ്രാഞ്ച്.

കൊച്ചി: മരടിൽ നിയമം ലംഘിച്ച് ഫ്ലാറ്റ് നിർമ്മിച്ച കേസിൽ ആൽഫാ വെഞ്ചേഴ്സ് ഉടമ ജെ പോൾ രാജ് കീഴടങ്ങി. മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ ആണ് കീഴടങ്ങിയത്. ജില്ലാ സെഷൻസ് കോടതി ജെ പോൾ രാജിന്റെ  മുൻ‌കൂർ ജാമ്യം ഇന്നലെ തള്ളിയിരുന്നു. ഇതേ തുടർന്നാണ് മൂവാറ്റുപുഴ വിജിലൻസ് കോടതിയിലെത്തിയുള്ള കീഴടങ്ങൽ. ഇയാളെ നവംബർ അഞ്ച് വരെ കോടതി റിമാൻഡ് ചെയ്തു. ജെ പോളിന്റെയും മരട് കേസ്സിലെ മറ്റ് പ്രതികളുടെയും ജാമ്യാപേക്ഷയും നവംബർ 8 ന് പരിഗണിക്കും.

ക്രൈംബ്രാ‌ഞ്ച് ചോദ്യം ചെയ്യലിന് ഹാ‍ജാരാകാൻ നിർദ്ദേശിച്ചതിന് പിറകെയായിരുന്നു പോൾ രാജ്  മുൻകൂർ ജാമ്യത്തിനായി കോടതിയെ സമീപിച്ചത്. അന്വേഷണവുമായി സഹകരിക്കാനായിരുന്നു കോടതി പോൾ രാജിന് നൽകിയ നി‍ർദേശം. കേസിൽ മറ്റൊരു ഫ്ലാറ്റ് നിർമ്മാണ കമ്പനിയായ ഹോളി ഫെയ്തിന്റെ ഉടമ സാനി ഫ്രാൻസിസിനെ നേരത്തെ ക്രൈം ബ്രാ‌ഞ്ച് അറസ്റ്റ് ചെയ്തിരുന്നു.

നിലവിൽ ചോദ്യം ചെയ്യലിനായി ക്രൈം ബ്രാ‌ഞ്ച് കസ്റ്റഡിയിൽ ആണ് സാനി ഫ്രാൻസിസ് ഉള്ളത്. ഇതോടെ മരടിലെ നാല് അനധികൃത ഫ്ലാറ്റുകളിൽ രണ്ട് ഫ്ലാറ്റുകളുടെ ഉടമകളും പൊലീസിന്റെ കസ്റ്റഡിയിലായി. 

ഫ്ലാറ്റ് കേസിൽ ക്രൈംബ്രാഞ്ച് തിരയുന്ന ഒന്നാം പ്രതിയും ജെയിൻ കോറൽ കോവ് ഉടമയുമായ സന്ദീപ് മേത്തയ്ക്ക് കഴിഞ്ഞ ദിവസം മദ്രാസ് ഹൈക്കോടതി അന്തർ സംസ്ഥാന ഇടക്കാല മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. ഹോളി ഫെയ്ത് ഉടമ സാനി ഫ്രാൻസിസ്, മുൻ മരട് പഞ്ചായത്ത്‌ സെക്രട്ടറി മുഹമ്മദ്‌ അഷ്‌റഫ്‌ ,ജൂനിയർ സൂപ്രണ്ട് പി ഇ ജോസഫ് എന്നിവരാണ് കേസിൽ ഇതു വരെ അറസ്റ്റിലായിട്ടുള്ളത്.

Read More: 'മിനിട്‍സ് തിരുത്തി'; ക്രൈംബ്രാഞ്ചിനോടും ആരോപണം ആവർത്തിച്ച് മരടിലെ സിപിഎം മുൻ ഭരണസമിതി അംഗം

അതേ സമയം മരടിലെ മുൻ പഞ്ചായത്ത് ഭരണ സമിതിയിലേക്കും ക്രൈംബ്രാഞ്ച് വ്യാപിപ്പിച്ചു. മുൻ പ‌ഞ്ചായത്ത് ഭരണ സമിതിയംഗങ്ങളായ രണ്ടുപേരുടെ ചോദ്യം ചെയ്യൽ കൊച്ചിയിൽ തുടരുകയാണ്. മരട് പഞ്ചായത്ത് മുൻ സ്റ്റാന്റിങ് കമ്മിറ്റി അംഗങ്ങളും പ്രാദേശിക സിപിഎം നേതാക്കളുമായ പി കെ രാജു, എം ഭാസ്കരൻ എന്നിവരിൽ നിന്നാണ് മൊഴിയെടുക്കുന്നത്. 

2006ൽ ചേർ‍ന്ന മരട്  പ‌ഞ്ചായത്ത് കമ്മിറ്റി യോഗത്തിലായിരുന്നു തീരദേശപരിപാലന നിയമത്തിലെ പ്രശനങ്ങൾ കാരണം ഫ്ലാറ്റ് നി‍ർമാണങ്ങൾ തടസ്സപ്പെടുത്തരുതെന്ന് ഐക്യകണ്ഠേന തീരുമാനമെടുക്കുന്നത്. നിയമം ലംഘിച്ച് മരടിൽ ഫ്ലാറ്റുകൾ ഉയരുന്നത് ഈ തീരുമാനത്തിന് പിന്നാലെ യാണ്. പ‌ഞ്ചായത്ത് കമ്മിറ്റിയുടെ അനുവാദത്തോടെയാണ് നിർമാണത്തിന് അനുമതി നൽകിയതെന്ന് അറസ്റ്റിലുള്ള മുൻ പ‌ഞ്ചായത്ത് സെക്രട്ടറി ക്രൈംബ്രാഞ്ചിന് നൽകിയ മൊഴി.

എന്നാൽ അങ്ങനെ ഒരു തീരുമാനവും പ‌ഞ്ചായത്ത് യോഗത്തിൽ എടുത്തിട്ടില്ലെന്നും  മിനിട്സ് സിപിഎം പഞ്ചായത്ത് പ്രസിഡന്റ് ആയ ദേവസി തിരുത്തി തയ്യാറാക്കിയതാണെന്നും ആരോപിച്ച് കോൺഗ്രസ് കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. പിന്നാലെ കോൺഗ്രസ്സിനൊപ്പം ദേവസിയെ തള്ളി സിപിഎം മുൻ പഞ്ചായത്ത് അംഗവും രംഗത്തു വന്നു.

ചോദ്യം ചെയ്യലിന് ഹാജരായ പി കെ രാജുവും ഈ ആരോപണങ്ങൾ തന്നെ ആവർത്തിച്ചു. സിആർഇസ‍ഡ് ടൂവിൽ പെടുന്ന നി‍‍ർമ്മാണങ്ങൾക്ക് തടസം പാടില്ലെന്ന് തരത്തിൽ ഒരു പ്രമേയം പഞ്ചായത്തിൽ പാസാക്കിയതായി തനിക്ക് അറിയില്ലെന്ന് രാജു മാധ്യമങ്ങളോട് പറഞ്ഞു. ഇത്തരമൊരു പ്രമേയം പാസാക്കിയിട്ടുണ്ടെങ്കിൽ തങ്ങളുടെ അറിവോടെയല്ല. എന്നാൽ  പ്രമേയം ഐക്യകണ്ഠേന പാസാക്കിയെന്ന് ആണ് മിനിട്സിൽ രേഖപ്പെടുത്തിയിരുന്നത്. ഈ മിനിട്സ് തിരുത്തപ്പെട്ടതാണെന്നും ഇത് തങ്ങളുടെ അറിവോടെയല്ലെന്നും രാജു പറ‌ഞ്ഞു. 

സിപിഎം അംഗങ്ങൾ തന്നെ കൈവിട്ടതോടെ മരടിലെ നിയമവിരുദ്ധ നിർമ്മാണ പ്രവർത്തനങ്ങളിൽ കെഎ ദേവസിക്കെതിരായ അന്വേഷണം വേഗത്തിലാക്കാൻ ആണ് ക്രൈംബ്രാഞ്ച് നീക്കം. സിപിഎം ഏരിയ കമ്മിറ്റി അംഗം കൂടിയായ മുൻ പ‌ഞ്ചായത്ത് പ്രസിഡന്റ് കെ എ ദേവസിയിൽ നിന്ന് അടുത്ത ദിവസം മൊഴി എടുക്കും. വരുന്ന ദിവസങ്ങളിൽ പഞ്ചായത്ത് ഭരണസമിതിയിലെ രണ്ട് പേരെ വീതം ചോദ്യം ചെയ്യുമെന്നാണ് ക്രൈംബ്രാഞ്ച് നൽകുന്ന സൂചന.

click me!