
കൊച്ചി: പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ തന്‍റെ സുരക്ഷ കേന്ദ്ര സർക്കാർ (Central Government) ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് സ്വർണക്കടത്ത് കേസ് പ്രതി സ്വപ്നാ സുരേഷ് (Swapna Suresh) നൽകിയ ഹർജി എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കേന്ദ്ര സുരക്ഷ നൽകാനാകില്ലെന്ന് എൻഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റ് കഴിഞ്ഞ ദിവസം നിലപാടെടുത്തിരുന്നു. എന്നാൽ, തന്‍റെ ജീവന് ഭീഷണിയുണ്ടെന്നാണ് സ്വപ്ന ആവർത്തിക്കുന്നത്.
ഇതിനിടെ സംസ്ഥാന പൊലീസ് രജിസ്റ്റർ ചെയ്ത ഗൂഡാലോചനാക്കേസുകൾ റദ്ദാക്കണമെന്നാവശ്യപ്പെട്ട് സ്വപ്ന സുരേഷ് നൽകിയ ഹർജി ഹൈക്കോടതിയും ഇന്ന് പരിഗണിക്കുന്നുണ്ട്. ഈ കേസിൽ സ്വപ്നയെ തൽക്കാലം അറസ്റ്റ് ചെയ്യില്ലെന്ന് സർക്കാർ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഗൂഢാലോചനാ കേസിലെ ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തിനും മുഖ്യമന്ത്രിക്കുമെതിരെ ഇന്നലെ സ്വപ്ന സുരേഷ് രംഗത്ത് വന്നിരുന്നു.
ക്രൈം ബ്രാഞ്ച് കലാപകേസിൽ പ്രതിയാക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും തന്റെ കൈവശമുള്ള, മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയന്റെ സാമ്പത്തിക കൈമാറ്റങ്ങളുടെ രേഖ ആവശ്യപ്പെട്ടുവെന്നും സ്വപ്ന സുരേഷ് ആരോപിച്ചു. ചോദ്യം ചെയ്യാൻ വിളിപ്പിച്ച് അന്വേഷണ സംഘം മാനസികമായി പീഡിപ്പിച്ചു. എച്ച് ആർ ഡി എസുമായുള്ള ബന്ധം ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ടു. അഡ്വ. കൃഷ്ണരാജിന്റെ വക്കാലത്ത് ഒഴിയണമെന്നും ആവശ്യപ്പെട്ടു.
'അന്നം മുട്ടിച്ചപ്പോൾ മുഖ്യമന്ത്രിക്ക് സമാധാനമായോ'? പിണറായിക്കും അന്വേഷണ സംഘത്തിനുമെതിരെ സ്വപ്ന
വീണാ വിജയന്റെ സാമ്പത്തിക കൈമാറ്റങ്ങളുടെ രേഖ ചോദിച്ചു. 164 മൊഴിയുടെ വിവരങ്ങൾ ആവശ്യപ്പെട്ടു. ആ മൊഴിക്ക് വിലയില്ലെന്ന് പറഞ്ഞുവെന്നും സ്വപ്ന സുരേഷ് വിശദീകരിച്ചു. എച്ച് ആർ ഡി എസിൽ നിന്നും പിരിച്ച് വിടാനുള്ള തീരുമാനം ഞെട്ടിച്ചുവെന്നും സ്വപ്ന വ്യക്തമാക്കി. ഒരു സ്ഥാപനവും തന്നെ ഇതുവരെയും പുറത്താക്കിയിട്ടുണ്ടായിരുന്നില്ല. സര്‍ക്കാര്‍ സംവിധാനങ്ങൾ നിരന്തരം വേട്ടയാടിയതോടെയാണ് അതുണ്ടായത്. കമ്പനിയുടെ സ്റ്റാഫ് അംഗങ്ങളെ സര്‍ക്കാര്‍ ബുദ്ധിമുട്ടിച്ചു. എച്ച് ആർ ഡി എസിൽ നിന്നും തന്നെ പുറത്താക്കിച്ച് അന്നം മുട്ടിച്ചപ്പോൾ മുഖ്യമന്ത്രിക്ക് സമാധാനമായോ എന്നും വാര്‍ത്താ സമ്മേളത്തിൽ സ്വപ്ന സുരേഷ് ചോദിച്ചു.
മുഖ്യമന്ത്രി നിയമസഭയിൽ ആരോപണം ഉയർത്തി. മുഖ്യമന്ത്രിക്ക് മാത്രമല്ല പെൺമക്കൾ. എല്ലാവരേയും മക്കളായി കാണണം. ക്രൈം ബ്രാഞ്ച് നടത്തിയത് മാനസിക പീഡനമാണ്. ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥർ അഡ്വ. കൃഷ്ണ രാജിന്റെ എഫ് ബി പോസ്റ്റ് കാണിച്ച് തന്നു. വക്കീലിന്റെ രാഷ്ട്രീയമായോ വിശ്വാസമായോ തനിക്ക് ബന്ധമില്ലെന്നും അവര്‍ പറഞ്ഞു.
കലാപക്കേസിൽ പ്രതിയാക്കുമെന്നാണ് ക്രൈംബ്രാഞ്ച് ഭീഷണിപ്പെടുത്തിയത്. ഒരു സ്ത്രീയെ ജീവിക്കാൻ അനുവദിക്കാതെ നടുറോഡിൽ ഇറക്കിവിട്ട രീതിയാണിത്. വീണയുടെ സാമ്പത്തിക കൈമാറ്റങ്ങളുടെ രേഖ അന്വേഷണ സംഘം ആവശ്യപ്പെട്ടു. വീണയുടെ സാമ്പത്തിക ഇടപാടുകളുടെ രേഖകൾ ഇപ്പോഴും തന്റെ കൈവശമുണ്ട്. ജോലി പോയെങ്കിലും തെരുവിലിറങ്ങേണ്ടി വന്നാലും പോരാട്ടം തുടരുമെന്നും സ്വപ്ന സുരേഷ് പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam