'നടവഴി മാത്രം മതി, മറ്റൊന്നും വേണ്ട': വഴി കെട്ടിയടച്ച് സ്വകാര്യ വ്യക്തി, ഒറ്റപ്പെട്ട് ദളിത് കുടുംബങ്ങള്‍

Published : Oct 04, 2023, 01:32 PM IST
'നടവഴി മാത്രം മതി, മറ്റൊന്നും വേണ്ട': വഴി കെട്ടിയടച്ച് സ്വകാര്യ വ്യക്തി, ഒറ്റപ്പെട്ട് ദളിത് കുടുംബങ്ങള്‍

Synopsis

പതിറ്റാണ്ടുകളായി നടവഴിയായി ഉപയോഗിച്ച സ്ഥലമാണ് അടച്ചത്. ഇതോടെ നാല് കുടുംബങ്ങൾ വഴിയില്ലാതെ ഒറ്റപ്പെട്ടു.

കോഴിക്കോട്: എരഞ്ഞിക്കലിൽ ദളിത് കുടുംബങ്ങളുടെ വീടുകളിലേക്കുള്ള വഴി സ്വകാര്യ വ്യക്തിയുടെ നേതൃത്വത്തിൽ കെട്ടിയടച്ചു. പതിറ്റാണ്ടുകളായി നടവഴിയായി ഉപയോഗിച്ച സ്ഥലമാണ് അടച്ചത്. ഇതോടെ നാല് കുടുംബങ്ങൾ വഴിയില്ലാതെ ഒറ്റപ്പെട്ടു.

നാല് ദളിത് കുടുംബങ്ങള്‍ താമസിക്കുന്ന തട്ടാങ്കണ്ടി എന്ന പറമ്പിലേക്കുള്ള ഒറ്റ വഴിയാണ് കെട്ടിയടച്ചത്. "ഞങ്ങള്‍ക്ക് അവരുടെ സ്വത്ത് വേണ്ട. ഒരു നടവഴി മാത്രം മതി" എന്നാണവര്‍ പറയുന്നത്. അതെ നടന്നുപോകാനുള്ള മൂന്നടി വഴി. 80കാരിയായ ലീല 13ആം വയസിൽ കല്യാണം കഴിഞ്ഞെത്തിയ കാലം മുതൽ നടന്നത് സ്വകാര്യ വ്യക്തിയുടെ പറമ്പിന്‍റെ അതിരിലുള്ള ഓവുചാലിലൂടെയാണ്. കാലങ്ങൾ കൊണ്ടത് മണ്ണ് മൂടിയടഞ്ഞ് പിന്നീട് വഴിയായി. ഇവരുടെ ആധാരത്തിലും വീട്ടിലേക്കുള്ള വഴിയായി കാണിച്ചിരിക്കുന്നത് ഇതാണ്.

ഒരു മാസം മുന്‍പ് വഴിയടച്ച് കെട്ടിയതോടെ തട്ടാൻകണ്ടി പറമ്പിൽ താമസിക്കുന്നവർ എലത്തൂർ പൊലീസിൽ പരാതി നൽകിയിരുന്നു. അന്ന് പഞ്ചായത്ത് പ്രതിനിധികളുടെയും പൊലീസിന്റെയും സാന്നിധ്യത്തിലത് പൊളിച്ചുമാറ്റി. സർവേ നടക്കാനുള്ള ഒന്നരമാസം വരെ വേലി കെട്ടരുതെന്നും പൊലീസ് നിർദേശിച്ചു. ഇത് മറികടന്നാണ് സ്വകാര്യ വ്യക്തി വീണ്ടും വേലി കെട്ടിയത്. 

പരാതിക്കാരായ സുനിൽകുമാർ, വേലായുധൻ, രാജു, എന്നിവരെ ജാതീയമായി അധിക്ഷേപിക്കുകയും വധഭീഷണി മുഴക്കുകയും ചെയ്ത സംഭവത്തില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. വീട്ടിലേക്ക് നടന്നുപോവുക എന്നത് പ്രാഥമികമായ അവകാശത്തില്‍പ്പെട്ടതാണ്. സഞ്ചാര സ്വാതന്ത്ര്യം നിഷേധിക്കാനാവില്ലെന്ന് അവര്‍ പറയുന്നു. 

രണ്ടു വശങ്ങളിൽ നിന്നുമുള്ള വഴിയടച്ചതോടെ ഇവർ പൂർണമായും ഒറ്റപ്പെട്ടു. സർവേ പ്രകാരമത് തന്റെ ഭൂമിയാണെന്നും അതിൽ നിന്നൊന്നും ഈ കുടുംബങ്ങൾക്ക് കൊടുക്കില്ലെന്നുമാണ് വഴിയടച്ചവരുടെ നിലപാട്. നടന്നെങ്കിലും വീട്ടിൽ പോകാനുള്ള വഴിയെന്നത് നാല് കുടുംബങ്ങളുടെ ജീവിക്കാനുള്ള അവകാശമാണ്.

PREV
click me!

Recommended Stories

മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കാൻ ഹൈക്കോടതി, 10-ാം ദിവസവും ഒളിവിൽ തുടർന്ന് രാഹുൽ മാങ്കൂട്ടത്തിൽ
കൊച്ചി 'വോട്ട് ചോരി'യിൽ ജില്ലാ കളക്ടറുടെ നടപടി; വ്യാജ വോട്ട് ചേർത്തവർക്കെതിരെ ക്രിമിനിൽ കേസെടുക്കാൻ സിറ്റി പൊലീസ് കമ്മീഷണർക്ക് നിർദ്ദേശം