
ദില്ലി : കേരളത്തിൽ ഓടുന്ന വന്ദേ ഭാരത് ട്രെയിനുകളിൽ കേരളത്തനിമയുള്ള ഭക്ഷണം വിതരണം ചെയ്യണമെന്നാവശ്യപ്പെട്ട് ടി എൻ പ്രതാപൻ എംപി റെയിൽവേ മന്ത്രിക്ക് കത്ത് നൽകി. കേരളത്തിൽ ഓടുന്ന വന്ദേഭാരത് ട്രെയിനിലും വടക്കേ ഇന്ത്യൻ ഭക്ഷണ വിഭവങ്ങൾ മാത്രം വിതരണം ചെയ്യുന്ന സാഹചര്യമാണ്. ഇതുമായി ബന്ധപ്പെട്ട് വ്യാപക പരാതികൾ ഉയർന്ന സാഹചര്യത്തിലാണ് കേരളത്തനിമയുള്ള ഭക്ഷണ വിഭവങ്ങൾ ട്രെയിനിൽ വിതരണം ചെയ്യാൻ ശ്രദ്ധ വേണമെന്നാവശ്യപ്പെട്ട് എംപി കേന്ദ്ര റയിൽവെ മന്ത്രി അശ്വിനി വൈഷ്ണവിന് കത്തയച്ചത്.
വന്ദേ ഭാരത് എക്സ്പ്രസിലെ ഭക്ഷണത്തില്‍ വണ്ട്; പ്രതികരിച്ച് ഇന്ത്യന്‍ റെയില്‍വേ
കഴിഞ്ഞ ദിവസം റെയില്‍വേ പുറത്ത് വിട്ട കണക്കുകളുടെ അടിസ്ഥാനത്തില്‍ വന്ദേ ഭാരത് ട്രെയിനുകളിലെ യാത്രക്കാരുടെ എണ്ണത്തില്‍ രാജ്യത്ത് കേരളമാണ് ഒന്നാമത് ഉള്ളത്. രാജ്യത്ത് ആകമാനം 23 ജോടി വന്ദേഭാരത് ട്രെയിനുകളാണ് സര്‍വ്വീസ് നടത്തുന്നത്. ഇവയില്‍ കാസര്‍ഗോഡ് തിരുവനന്തപുരം വന്ദേഭാരതിന്‍റെ ഒക്യുപെന്‍സി 183 ശതമാനമാണ്. തിരുവനന്തപുരം കാസര്‍ഗോഡേയ്ക്കുള്ള വന്ദേഭാരതിലെ ശരാശരി ഒക്യുപെന്‍സി 176 ശതമാനവുമാണ്. നിരക്കിളവിന് സാധ്യതയുള്ള പാതകളിലെ ഒക്യുപെന്‍സി നിരക്ക് 55 മുതല്‍ താഴേയ്ക്കാണ്. തിരുവനന്തപുരത്ത് നിന്ന് കാസര്‍ഗോഡേയ്ക്കുള്ള യാത്രയില്‍ ചെയര്‍ കാറിന് 1590 രൂപയും എക്സിക്യുട്ടീവ് ക്ലാസ് യാത്രയ്ക്ക് 2880 രൂപയുമാണ് റെയില്‍വേ ഈടാക്കുന്നത്.
കേരളത്തിൽ വലിയ സ്വീകാര്യത ലഭിച്ച സാഹചര്യത്തിൽ ഒരു വന്ദേഭാരത് ട്രെയിന്‍ കൂടി ഉടൻ നൽകാൻ സാധ്യതയുണ്ട്. കാസർകോഡ് നിന്നും തിരുവനന്തപുരത്തേക്കാകും സർവീസ്. കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷം ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രനും ഇക്കാര്യം വ്യക്തമാക്കിയിരുന്നു.