'കെടിയുവിൽ ഭരണസ്തംഭനം, സിസ തോമസിനെ മാറ്റണം'; ഗവര്‍ണറോട് സര്‍ക്കാര്‍ ശുപാര്‍ശ ചെയ്യണമെന്ന് സിൻ‍ഡിക്കേറ്റ്

By Web TeamFirst Published Feb 8, 2023, 2:45 PM IST
Highlights

വിസിയെ സഹായിക്കാനെന്ന പേരിൽ നിയമിച്ച സിൻഡിക്കേറ്റ് ഉപസമിതിയ്ക്കും വിസി ഗവര്‍ണര്‍ക്ക് അയക്കുന്ന കത്തുകൾക്ക് സിൻഡിക്കേറ്റിന്‍റെ അംഗീകാരം വേണമെന്ന ബോര്‍ഡ് ഓഫ് ഗവര്‍ണേഴ്സ് തീരുമാനത്തിനും വിസി അംഗീകാരം നൽകിയിരുന്നില്ല.

കൊച്ചി : കേരള ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാലയുടെ താത്കാലിക വൈസ് ചാൻസലര്‍ ഡോ.സിസ തോമസിനെ നീക്കണമെന്ന് സിൻഡിക്കേറ്റ്. ഇക്കാര്യം ഗവര്‍ണറോട് സര്‍ക്കാര്‍ ശുപാര്‍ശ ചെയ്യണമെന്ന് സിൻ‍ഡിക്കേറ്റ് യോഗം ആവശ്യപ്പെട്ടു. ഭരണസ്തംഭനം ചൂണ്ടിക്കാട്ടിയാണ് സിൻ‍ഡിക്കേറ്റ് അംഗങ്ങൾ സര്‍വകലാശാലയിൽ അസാധാരണ വാര്‍ത്താസമ്മേളനം വിളിച്ചത്. ബജറ്റ് തയ്യാറാക്കൽ താളംതെറ്റുന്നു, സപ്ലിമെന്‍ററി പരീക്ഷകളും സിലബസ് പരിഷ്കരണവും ജനുവരിയിൽ നടത്തേണ്ട പിഎച്ച്ഡി പ്രവേശനവും മുടങ്ങുന്നു, തുടങ്ങിയ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് വിസിയെ പുറത്താക്കണമെന്ന് സിൻ‍ഡിക്കേറ്റ് ആവശ്യപ്പെട്ടത്.

വിസിയെ സഹായിക്കാനെന്ന പേരിൽ നിയമിച്ച സിൻഡിക്കേറ്റ് ഉപസമിതിയ്ക്കും വിസി ഗവര്‍ണര്‍ക്ക് അയക്കുന്ന കത്തുകൾക്ക് സിൻഡിക്കേറ്റിന്‍റെ അംഗീകാരം വേണമെന്ന ബോര്‍ഡ് ഓഫ് ഗവര്‍ണേഴ്സ് തീരുമാനത്തിനും വിസി അംഗീകാരം നൽകിയിരുന്നില്ല. ഇതിലുള്ള പ്രതിഷേധം കൂടിയാണ് വിസിയെ നീക്കണമെന്ന ആവശ്യത്തിന് പിന്നിൽ. സര്‍വകലാശാലാ ആസ്ഥാനത്തെത്തിയ വിസിക്കെതിരെ എംപ്ലോയീസ് യൂണിയൻ, കോൺഫെഡറേഷൻ പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ചു. 

 

click me!