സ്റ്റേഡിയത്തിൽ നിന്ന് അധിക്ഷേപം നേരിട്ട സംഭവം; കായിക മന്ത്രിയോ സ്പോർട്സ് കൗൺസിലോ ഇടപെട്ടില്ലെന്ന് നീന പിന്റോ

By Web TeamFirst Published Jul 19, 2022, 9:43 AM IST
Highlights

കഴിഞ്ഞ തിങ്കളാഴ്ച വൈകീട്ട് 6 അരയോടെയാണ് പാലായിലെ സിന്തറ്റിക് ട്രാക്കിൽ ഭർത്താവിനൊപ്പം പരിശീലനത്തിനെത്തിയ ഏഷ്യൻ ഗെയിംസ് താരം നീന പിന്‍റോയ്ക്ക് ദുരനുഭവം നേരിടേണ്ടി വന്നത്

കോട്ടയം : പാലായിലെ സ്റ്റേഡിയത്തിൽ ഏഷ്യൻ ഗെയിംസ് താരമായ നീന പിന്‍റോയ്ക്ക് അധിക്ഷേപം നേരിടേണ്ടി വന്ന സംഭവത്തിൽ കായിക മന്ത്രിയോ സ്പോർട്സ് കൗൺസിലോ ഇടപെട്ടില്ലെന്ന പരാതിയുമായി നീനയും കുടുംബവും. പ്രതികൾക്കെതിരെ നിസ്സാര വകുപ്പ് ചുമത്തി സ്റ്റേഷൻ ജാമ്യത്തിൽ വിട്ടെന്നും ദുരനുഭവം തുറന്ന് പറഞ്ഞിട്ടും സർക്കാർ കാണിക്കുന്ന അവഗണന ഒഴിവാക്കണമെന്നും നീന പറഞ്ഞു. പരിശീലനത്തിന് തടസ്സമുണ്ടാക്കുന്ന വിധത്തിൽ സ്റ്റേഡിയം മറ്റ് ആവശ്യങ്ങൾക്ക് വിട്ട് നൽകുന്നത് ഒഴിവാക്കണമെന്നാണ് ഇവരുടെ ആവശ്യം.

കഴിഞ്ഞ തിങ്കളാഴ്ച വൈകീട്ട് ആറരയോടെയാണ് പാലായിലെ സിന്തറ്റിക് ട്രാക്കിൽ ഭർത്താവിനൊപ്പം പരിശീലനത്തിനെത്തിയ ഏഷ്യൻ ഗെയിംസ് താരം നീന പിന്‍റോയ്ക്ക് ദുരനുഭവം നേരിടേണ്ടി വന്നത്. സ്റ്റേഡിയത്തിൽ നടക്കാനെത്തിയ രണ്ട് പേർ പരിശീലനം മുടക്കിയെന്നും ഇത് ചോദ്യം ചെയ്തപ്പോൾ ഭീഷണിമുഴക്കി അധിക്ഷേപിച്ചെന്നുമായിരുന്നു അത്‍ലറ്റിന്‍റെ പരാതി. സംഭവത്തിൽ പാലാ പൊലീസ് രണ്ട് പേരെ അറസ്റ്റ് ചെയ്തെങ്കിലും അവരെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. എന്നാൽ നേരത്തെയും ഇത്തരത്തിൽ പാലായിലെ സ്റ്റേഡിയത്തിൽ നിന്ന് ദുരനുഭവം ഉണ്ടായിട്ടുണ്ടെന്നും മാനേജിങ് കമ്മിറ്റി അംഗങ്ങളായത് കൊണ്ട് പരാതി പറഞ്ഞിട്ട് കാര്യമില്ലെന്നുമാണ് നീന പറയുന്നത്.

സ്റ്റേഡിയത്തിൽ ഒരു ഏഷ്യൻ ഗെയിംസ് താരത്തിന് നേരെ അധിക്ഷേപമുണ്ടായിട്ടും സ്പോർട്സ് കൗൺസിലോ കായിക മന്ത്രിയോ കാര്യത്തിൽ ഇടപെട്ടില്ല എന്നത് വേദനയുണ്ടാക്കുന്നതാണ്. സ്റ്റേഡിയങ്ങളിൽ പണം വാങ്ങി നടക്കാൻ ആളുകളെ അനുവദിക്കുന്നത് പലപ്പോഴും പരിശീലനത്തിന് തടസ്സമായിട്ടുണ്ട്. നടക്കാനുള്ളവർക്കും പരിശീലനത്തിനും വേറെ വേറെ ട്രാക്കുകൾ ഉണ്ടെങ്കിലും അത് നടപ്പിലാകുന്നില്ലെന്നും ഇവർക്ക് പരാതിയുണ്ട്.

Read More : കായിക താരത്തിന് നേരെ മോശം പെരുമാറ്റം, മാനേജിംഗ് കമ്മിറ്റി അംഗത്തിന് നേരെ പരാതി

ദേശീയ തലത്തിൽ മെഡലുകൾ നേടിയ കായിക താരങ്ങളോട് പോലുമുള്ള ഈ അവഗണന അവസാനിപ്പിക്കണമെന്നും പരിശീലനത്തിനായി സ്റ്റേഡിയം പൂർണതോതിൽ വിട്ട് തരണമെന്നും അഭ്യർത്ഥിച്ച് മുഖ്യമന്ത്രിക്കും കായിക മന്ത്രിക്കും പരാതി നൽകാനൊരുങ്ങുകയാണ് നീനയും ഭർത്താവ് പിന്‍റോയും.

Read More : വനിത കായിക താരത്തിന് നേരെ മോശം പെരുമാറ്റം; മാനേജിംഗ് കമ്മിറ്റി അംഗം ഉള്‍പ്പടെ രണ്ട് പേര്‍ അറസ്റ്റില്‍

മോശം പെരുമാറ്റം നേരിട്ടതിന് പിന്നാലെ നീന പിന്റോയും ഒപ്പമുണ്ടായിരുന്നവരും രാത്രി ഏറെ വൈകിയും സ്റ്റേഡിയത്തിൽ ഇരുന്നുകൊണ്ട് പ്രതിഷേധിച്ചിരുന്നു. പാലാ മുൻസിപ്പൽ കൌൺസിൽ വൈസ് ചെയർമാൻ ഉൾപ്പെടെ നഗരസഭാ അംഗങ്ങൾ താരത്തിന് പിന്തുണയുമായി സ്റ്റേഡിയത്തിലെത്തുകയും ചെയ്തിരുന്നു.

click me!