'നീതു ജോൺസൺ എവിടെ?', വ്യാജകത്തെന്ന് കാട്ടി അനിൽ അക്കര നൽകിയ പരാതിയിൽ കേസ്

By Web TeamFirst Published Oct 10, 2020, 11:30 AM IST
Highlights

ലൈഫ് മിഷനിൽ അർഹതപ്പെട്ട അവകാശം ഇല്ലാതാക്കരുതെന്ന് കാട്ടി 'നീതു ജോൺസൺ' എന്ന പെൺകുട്ടി എഴുതിയ കത്ത് സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. എന്നാൽ ഇങ്ങനെയൊരാളില്ലെന്നാണ് പ്രാഥമികമായി പൊലീസിന്‍റെ നിഗമനം.

തൃശ്ശൂർ: നീതു ജോൺസൻ എന്ന പെൺകുട്ടിയുടെ പേരിൽ വ്യാജ കത്തയച്ചെന്ന് കാട്ടി നൽകിയ പരാതിയിൽ പൊലീസ് കേസെടുത്തു. അനിൽ അക്കര എംഎൽഎ നൽകിയ പരാതിയിൽ വടക്കാഞ്ചേരി പോലീസാണ് കേസെടുത്തത്. എംഎൽഎ അനാവശ്യ വിവാദം ഉണ്ടാക്കുന്നത് മൂലം ലൈഫ് മിഷനിൽ താൻ ഉൾപ്പെടെയുള്ളവർക്ക് അർഹമായ വീട് നഷ്ടമാകുന്നു എന്ന് ചൂണ്ടിക്കാണിച്ചായിരുന്നു നീതു ജോൺസണിന്‍റെ കത്ത്. 

കത്ത് സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ, അനിൽ അക്കര നീതു ജോൺസനെ കാത്ത് വഴിയരികിലിരുന്നു. രമ്യാ ഹരിദാസ് എംപി അടക്കമുള്ളവരും ഈ സമരപ്പന്തലിലുണ്ടായിരുന്നു. നീതു ജോൺസൺ വന്നാൽ, അവർക്ക് സ്വന്തം നിലയിൽ ഭൂമിയും വീടും ഉറപ്പാക്കാമെന്ന വാഗ്ദാനത്തോടെയാണ് അനിൽ അക്കര എംഎൽഎ കാത്തിരുന്നത്. ആരും വന്നില്ല. തുടർന്നാണ് അനിൽ അക്കര, ഇത് വ്യാജകത്താണെന്ന് കാട്ടി പൊലീസിൽ പരാതി നൽകിയത്.

ലൈഫ് മിഷൻ പദ്ധതിക്കെതിരെ അനിൽ അക്കര ആരോപണങ്ങൾ തുടർന്നതോടെയാണ് ആഗസ്റ്റ് 23 മുതൽ നീതു ജോൺസൺ എന്ന പെൺകുട്ടിയുടെ പേരിൽ ഫേസ്ബുക്ക് പോസ്റ്റ് പ്രചരിച്ചു തുടങ്ങിയത്. സിപിഎം സൈബർ ഇടങ്ങളിൽ ആണ് പോസ്റ്റ് പ്രചരിച്ചത്. ടെക്സ്റ്റൈൽ കടയിലാണ് അമ്മ ജോലി ചെയ്യുന്നത്. സ്വന്തമായി വീടോ പുരയിടമോ ഇല്ല. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ അമ്മ വോട്ട് ചെയ്തത് എംഎൽഎക്കാണ്. ലൈഫ് പദ്ധതിയെ വിമർശിച്ച് ദയവ് ചെയ്ത് കിട്ടുന്ന വീട് ഇല്ലാതാക്കരുത്. പുറമ്പോക്കിൽ കഴിയുന്ന ഞങ്ങൾക്ക്  അടച്ചുറപ്പുള്ള വീട് വേണം - ഫേസ്ബുക്കിൽ പ്രചരിച്ച കത്തിന്‍റെ രത്നച്ചുരുക്കം ഇതായിരുന്നു.

പ്രചരിച്ചതോടെ അനിൽ അക്കരയും കൗൺസിലർ സൈറ ബാനുവും മണ്ഡലമാകെ തിരഞ്ഞുവെന്നാണ് എംഎൽഎ പറയുന്നത്. നീതുവിനെ കണ്ടെത്താനായില്ല. ഇതോടെയാണ് നീതുവിനായി കാത്തിരിക്കുന്നു എന്ന് പ്രഖ്യാപിച്ച് ഏങ്കക്കാട് ജംഗ്ഷനിൽ എംഎൽഎയും കൂട്ടരും കാത്തിരുന്നത്. കൂടെ രമ്യാ ഹരിദാസ് എംപിയും എത്തി. കാത്തിരിപ്പ് രണ്ടു മണിക്കൂർ പിന്നിട്ടപ്പോൾ ഫേസ് ബുക്കിൽ ലൈവായി പറഞ്ഞു നോക്കി. ആരും വന്നില്ല.

നീതു എന്ന പേരിൽ ഒരു കുട്ടി ഇല്ലെന്നും എംഎൽഎ ക്കെതിരെ സിപിഎം പടച്ചുവിട്ട പോസ്റ്റ് ആണ് ഇതെന്നുമാണ് കോൺഗ്രസ് പ്രവർത്തകർ അടക്കം പറയുന്നത്. ഇതിന്‍റെയെല്ലാം അടിസ്ഥാനത്തിലാണ് ഇപ്പോൾ എംഎൽഎ പരാതിയുമായി പൊലീസിലെത്തിയിരിക്കുന്നതും. 

click me!