
തിരുവനന്തപുരം: നെടുമങ്ങാട് ഒന്നര വയസ്സുകാരൻ ക്രൂരമർദനമേറ്റ് കൊലപ്പെട്ട സംഭവത്തിൽ നടുക്കത്തോടെ പനവൂർ കരിക്കുഴിയിലെ നാട്ടുകാർ. സംഭവത്തിൽ അറസ്റ്റിലായ കുട്ടിയുടെ അമ്മ അഖിലയ്ക്കും പങ്കാളി അഷ്കറിനും നാട്ടുകാരുമായി അടുപ്പമുണ്ടായിരുന്നില്ലെന്ന് സമീപവാസികൾ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. വീട്ടിൽ നടക്കുന്നത് എന്താണെന്ന് ആർക്കും അറിയില്ലായിരുന്നുവെന്നും വീട്ടിലേക്ക് ആരെങ്കിലും വരുന്നത് പോലും അഷ്കറിന് ഇഷ്ടമില്ലായിരുന്നുവെന്നും നാട്ടുകാർ പറഞ്ഞു.
വീട്ടിൽ നടക്കുന്നത് എന്താണെന്ന് ആർക്കും അറിയില്ലായിരുന്നുവെന്ന് സമീപവാസി പറഞ്ഞു. അഷ്കറിന് ആരുമായും സഹകരണമില്ല. വീട്ടിലേക്ക് ആരെങ്കിലും വരുന്നത് പോലും അവന് ഇഷ്ടമല്ല. ബന്ധുക്കൾ വരുമ്പോൾ പോലും എതിർത്തിരുന്നതായാണ് അറിയാൻ കഴിഞ്ഞത്. കുട്ടിയുടെ കരച്ചിൽ പുറത്തേക്ക് കേൾക്കാതിരിക്കാൻ അവൻ എന്തെങ്കിലും ചെയ്തുകാണും. കുട്ടിയുടെ കൈയ്ക്ക് പരിക്കേറ്റത് അഷ്കറിൻ്റെ ഉപദ്രവത്തെ തുടർന്നായിരിക്കാമെന്നും സമീപവാസി പറഞ്ഞു.
അഖിലയും ആരുമായും സംസാരിക്കാറില്ലെന്ന് സമീപവാസിയായ മറ്റൊരാൾ പറഞ്ഞു. സുഹൃത്തുക്കളൊക്കെ വരാറും പോകാറുമുണ്ട്. അയൽക്കാരുമായി കുട്ടി അടുക്കുന്നതു കണ്ടാൽ അപ്പോൾ തന്നെ അഷ്കർ മാറ്റിക്കളയും. വെള്ളിയാഴ്ച വൈകുന്നേരം നാലരയോടെ ആണ് കുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നത്. ആംബുലൻസ് വന്നയുടൻ അഷ്കർ കുട്ടിയുമായി പെട്ടെന്ന് പോകുകയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നെടുമങ്ങാട് പനവൂർ കരിക്കുഴിയിലെ വാടക വീട്ടിൽ അമ്മയ്ക്കും അമ്മയുടെ പങ്കാളിക്കുമൊപ്പം താമസിച്ചിരുന്ന ഒന്നര വയസ്സുകാരൻ്റെ മരണമാണ് കൊലപാതകമാണെന്ന് പോസ്റ്റ് മോർട്ടത്തിൽ കണ്ടെത്തിയത്. തൊണ്ടയിൽ ഭക്ഷണം കുരുങ്ങി ഛർദിച്ചുവെന്ന് പറഞ്ഞ് കുട്ടിയെ അഷ്കർ എസ്എടി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ശനിയാഴ്ച പുലർച്ചെയോടെ ആണ് കുട്ടിക്ക് മരണം സംഭവിച്ചത്. തുടർന്ന് നടന്ന പോസ്റ്റ് മോർട്ടത്തിൽ കുട്ടി അതിക്രൂരമായി മർദനം നേരിട്ടുവെന്ന കണ്ടെത്തലിൻ്റെ അടിസ്ഥാനത്തിലാണ് അമ്മ അഖില, പങ്കാളി അഷ്കർ എന്നിവരെ കസ്റ്റഡിയിലെടുത്തതും പിന്നീട് അറസ്റ്റ് ചെയ്തതും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam