
തിരുവനന്തപുരം: തെളിവുകളെ അതിജീവിക്കാൻ മുഖ്യമന്ത്രി പിണറായി വിജയനോ മകൾക്കോ സാധിക്കില്ലെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. മാസപ്പടി കേസിൽ മുഖ്യമന്ത്രിയുടെ മകൾ വീണയെ പ്രതി ചേർത്ത് കുറ്റപത്രം സമർപ്പിക്കപ്പെട്ടതിന് പിന്നാലെയാണ് സുധാകരന്‍റെ പ്രതികരണം.
"വ്യക്തമായ തെളിവുകളുണ്ട്. ഒഴിഞ്ഞുമാറാൻ മുഖ്യമന്ത്രിക്കാവില്ല. തെളിവുകളെ അതിജീവിക്കാൻ പിണറായി വിജയനോ മകൾക്കോ സാധിക്കില്ല. ഈ കേസ് കേരള രാഷ്ട്രീയത്തിൽ കൊടുങ്കാറ്റായി മാറും. കേരളത്തിലെ ഇടതുപക്ഷക്കാരെ മുഴുവൻ അമ്പരപ്പിക്കുന്ന വാർത്തയാകും അത്"- കെ സുധാകരൻ പറഞ്ഞു.
വീണ വിജയനെ പ്രതി ചേർത്ത സാഹചര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ആവശ്യപ്പെട്ടു. പിണറായി വിജയന്‍റെ രാജി ആവശ്യപ്പെട്ട് ബിജെപി എല്ലാ ജില്ലാ കേന്ദ്രങ്ങളിലും കോലം കത്തിച്ചു പ്രതിഷേധം നടത്തുമെന്നും അദ്ദേഹം അറിയിച്ചു.
സേവനം ഒന്നും നൽകാതെ വീണ വിജയൻ 2.70 കോടി കൈപ്പറ്റിയെന്നാണ് കണ്ടെത്തൽ. എക്‌സാലോജിക് സൊലൂഷൻസും ശശിധരൻ കർത്തയും സിഎംആർഎല്ലും കേസിൽ പ്രതികളാണ്. പ്രോസിക്യൂഷൻ നടപടികൾക്ക് കേന്ദ്ര കമ്പനികാര്യ മന്ത്രാലയത്തിന്‍റെ അനുമതി ലഭിച്ചു. പ്രതികൾക്കെതിരെ 10 വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന വകുപ്പുകളാണ് ചുമത്തിയത്.
സിഎംആർഎല്ലിൽ നിന്നും എംപവർ ഇന്ത്യ എന്ന കമ്പനിയിൽ നിന്നുമാണ് പണം കൈപ്പറ്റിയതെന്നാണ് കണ്ടെത്തൽ. ശശിധരൻ കർത്തയും ഭാര്യയുമാണ് എംപവർ ഇന്ത്യാ കമ്പനിയുടെ ഡയറക്റ്റർമാർ. സേവനമില്ലാതെ പണം കൈപ്പറ്റിയെന്ന കണ്ടെത്തലിലാണ് കമ്പനികാര്യ ചട്ടം 447 വകുപ്പ് ചുമത്തിയത്. ആറ് മാസം മുതൽ 10 വർഷം വരെ തടവ് ശിക്ഷ കിട്ടാവുന്ന വകുപ്പാണിത്. വെട്ടിപ്പ് നടത്തിയ തുകയോ അതിന്റെ മൂന്നിരട്ടിയോ പിഴയായും ചുമത്താം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam